പ്രതിഷേധിക്കുന്നവരുടെ നേര്‍ക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രമേ ഇതിനെ കരുതാനാകു; ചലച്ചിത്ര മേളയില്‍ നിന്നും തന്റെ സിനിമ പിന്‍വലിക്കുന്നുവെന്ന് വിധു വിന്‍സെന്റ്
കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ നിന്നും തന്റെ ചിത്രം പിന്‍വലിക്കുന്നതായി സംവിധായിക വിധു വിന്‍സെന്റ്. ചലചിത്ര മേളയുടെ ഉല്‍ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെ തുടര്‍ന്നാണ് വിധു വിന്‍സെന്റ് ഇക്കാര്യം അറിയിച്ചത്. എന്‍.എം. ബാദുഷ നിര്‍മിച്ച് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത വൈറല്‍ സെബിയാണ് പിന്‍വലിക്കുന്നത്. ജൂലൈ 17 നായിരുന്നു ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരുന്നത്.
വനിതാ ഫിലിം ഫെസ്റ്റിവലില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കുഞ്ഞില ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമാണെന്നും, പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സിനിമാ പ്രവര്‍ത്തകരുടെ, ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതു വരെയും മേളകള്‍ നടത്തിയതെതെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വിധു പറയുന്നു.
കുഞ്ഞിലയെ പോലെ ഒരു വനിതാസംവിധായികയെ അറസ്റ്റ് ചെയ്തു നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലുള്ള നടപടികള്‍ ഇത്തരം മേളകള്‍ക്ക് ഒട്ടും ഭൂഷണമല്ല എന്നും കുറിപ്പില്‍ വിധു കൂട്ടിച്ചേര്‍ക്കുന്നു.
വനിതാ ഫെസ്റ്റിവലില്‍ നിന്ന് എന്റെ സിനിമ വൈറല്‍ സെബി പിന്‍വലിക്കുന്നു. ശ്രീ എന്‍.എം. ബാദുഷ നിര്‍മിച്ച് ഞാന്‍ സംവിധാനം ചെയ്ത വൈറല്‍ സെബി എന്ന ചിത്രം ജൂലൈ 17ന് പത്ത് മണിക്ക് കോഴിക്കോട് ശ്രീ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
വനിതാ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിര്‍ഭാഗ്യകരമായ ചില സംഭവങ്ങളെ തുടര്‍ന്ന് എന്റെ ചിത്രം വനിതാ ഫെസ്റ്റിവലില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കാരണങ്ങള്‍ -1. വനിതാ ഫിലിം ഫെസ്റ്റിവലില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കുഞ്ഞില ഉയര്‍ത്തിയ ചോദ്യങ്ങള്‍ പ്രസക്തമാണെന്ന് ഞാനും കരുതുന്നു. അതിനുള്ള ഉത്തരങ്ങള്‍ എന്തു തന്നെയായാലും അക്കാര്യത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവര്‍ത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതു വരെയും മേളകള്‍ നടത്തിയിട്ടുള്ളത്. കുഞ്ഞിലയെ പോലെ ഒരു വനിതാ സംവിധായികയെ അറസ്റ്റ് ചെയ്തു നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലുള്ള നടപടികള്‍ ഇത്തരം മേളകള്‍ക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേര്‍ക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളൂ. ഇക്കാര്യത്തില്‍ ഞാന്‍ കുഞ്ഞിലക്ക് ഒപ്പം നില്ക്കാന്‍ ആഗ്രഹിക്കുന്നു.
2. സമം പരിപാടിയുമായി സഹകരിച്ച് വനിതാ ഫെസ്റ്റിവലില്‍ വനിതാ സിനിമാ പ്രവര്‍ത്തകരെ ആദരിക്കാന്‍ തീരുമാനിച്ചതിലും കുഞ്ഞില ഉള്‍പ്പെട്ടിരുന്നില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേരളത്തിലെ ഒരു വനിതാ സംവിധായിക എന്ന നിലക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലക്കും കുഞ്ഞിലയും ഈ ആദരിക്കല്‍ ചടങ്ങില്‍ ക്ഷണിക്കെപ്പെടേണ്ടതായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അതും സംഭവിച്ചിട്ടില്ല. (പുഴു എന്ന ചിത്രത്തിന്റൈ സംവിധായികയും കോഴിക്കോട്ടുകാരിയായിട്ടും ഈ ആദരിക്കല്‍ ചടങ്ങില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല.) അക്കാദമി ഇതിന് നല്കുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും. ഒരു സ്ത്രീ സിനിമ എടുക്കാന്‍ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതില്‍ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിതാ ഫെസ്റ്റിവലിന്റെ സംഘാടകര്‍ക്ക് തോന്നിയില്ലെങ്കില്‍ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂ.
3. കേരളത്തിലെ വനിതാ സംവിധായകര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ എന്ന കാര്യം അക്കാദമിക്കും ബോധ്യമുള്ളതാണല്ലോ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസെത്തെയും ധൈര്യത്തെയും ചോര്‍ത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.
4. കുഞ്ഞിലയുടെ ചിത്രം ഉള്‍പെടുതാത്തതില്‍ വിശദീകരണം അവരുടെ ചിത്രം ആന്തോളജിയുടെ ഭാഗമായുള്ള ഷോര്‍ട്ട് ഫിലിം ആണെന്നതാണ്. അങ്ങനെയെങ്കില്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ അത് പ്രദര്‍ശിപ്പിക്കാമായിരുന്നില്ലേ? അക്കാദമിയുടെ മറ്റൊരു വിശദീകരണം റിലീസ് ചെയ്യാത്ത ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്കിയത് എന്നാണ്. അതേസമയം ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒ.ടി.ടി യില്‍ റിലീസ് ചെയ്ത ചിത്രങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അപ്പോ മലയാളത്തില്‍ ചിത്രങ്ങള്‍ ചെയ്യുന്ന വനിതാ സംവിധായകരുടെ നേര്‍ക്കാണ് മാനദണ്ഡങ്ങളുടെ ദണ്ഡ പ്രയോഗം.
5. മുകളില്‍ പറഞ്ഞ ഈ കാരണങ്ങളാല്‍ ഈ മേളയില്‍ നിന്ന് വിട്ടു നില്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം എന്റെ സിനിമ പിന്‍വലിക്കാനും.’ഒരു സ്ത്രീ നട്ടെല്ലുയര്‍ത്തി നേരേ നില്ക്കാന്‍ തീരുമാനിച്ചാല്‍ അവളത് ചെയ്യുന്നത് അവള്‍ക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണ്. ‘ – മായ ആഞ്ജലോയോട് കടപ്പാട്.
Content Highlight : Director Vidhu Vincent expressed solidarity with Kunjila Mascillamani And decided to withraw her filim from Festival