കോഴിക്കോട്: ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ കാതല്‍ എന്ന ചിത്രത്തേയും അത്തരമൊരു കഥാപാത്രത്തെ ഏറ്റെടുക്കാന്‍ തയ്യാറായ മമ്മൂട്ടിയേയും അഭിനന്ദിച്ച് സംവിധായിക വിധു വിന്‍സെന്റ്.
മമ്മൂട്ടിയെ പോലൊരു താരശരീരം അത്തരത്തിലൊരു കഥാപാത്രത്തെ ഏറ്റെടുക്കാന്‍ തയ്യാറായി എന്നത് കയ്യടി അര്‍ഹിക്കുന്നതാണെന്നായിരുന്നു വിധു പറഞ്ഞത്.
മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘മലയാള സിനിമ, പുതിയ ദേശങ്ങള്‍ പുതിയ കാഴ്ചകള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിധു വിന്‍സെന്റ്.
ജിയോയെ പോലൊരാള്‍ക്ക് ഇത്തരത്തിലൊരു സിനിമ ആലോചിക്കാനും മമ്മൂട്ടിയെ പോലൊരാള്‍ക്ക് അത് ചെയ്യാനും മമ്മൂട്ടി കമ്പനിക്ക് അത് പ്രൊഡ്യൂസ് ചെയ്യാനും പറ്റുന്ന തരത്തിലേക്കുള്ള ഒരു പുതിയ വര്‍ത്തമാനത്തിലേക്ക് മലയാള സിനിമ പ്രവേശിച്ചിരിക്കുന്നുവെന്നും അവിടെ വരെ മലയാള സിനിമയെ നടത്തിച്ച എല്ലാവരും കയ്യടി അര്‍ഹിക്കുന്നുണ്ടെന്നും വിധു വിന്‍സെന്റ് പറഞ്ഞു.
‘മമ്മൂട്ടി എന്ന ഒരു താരശരീരം അത്തരത്തിലൊരു കഥാപാത്രത്തെ ഏറ്റെടുക്കാന്‍ തയ്യാറായി എന്നതുതന്നെ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. അദ്ദേഹം അതിന് കയ്യടി അര്‍ഹിക്കുന്നുണ്ട്.
ഈ സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളുണ്ട്. ഇത്തരം പ്രമേയങ്ങള്‍ പറഞ്ഞു പോയ കുറേയധികം സിനിമകള്‍ നമ്മള്‍ നേരത്തെ തന്നെ കണ്ടിട്ടുണ്ട്. നിങ്ങളുമൊക്കെ കണ്ടിട്ടുണ്ടാകും.
പക്ഷേ എന്തുകൊണ്ട് ഈ സിനിമ ഇത്രയും ചര്‍ച്ചയായി, എന്തുകൊണ്ട് വിവാദമുണ്ടാകുന്നു, എന്തുകൊണ്ടാണ് ഒരുപാട് ആളുകള്‍ ഈ സിനിമ കാണുന്നത്? ഉറപ്പായും മമ്മൂട്ടി എന്ന താരശരീരം അത്തരത്തിലൊരു കഥാപാത്രം ഏറ്റെടുക്കാന്‍ തയ്യറായതുകൊണ്ട് തന്നെയാണ്.
അതിന് മമ്മൂട്ടിക്ക് ഒരു വലിയ അഭിനന്ദനം നല്‍കണം. ഒരു സംശയവുമില്ല.
മൂത്തോന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് പോലുള്ള സിനിമകള്‍, അതിന് മുന്‍പ് ഇറങ്ങിയ ചാന്തുപൊട്ട് എന്താണ് ചെയ്തത്, ഇത്തരത്തിലൊരു കഥാപാത്രത്തെ ആ സിനിമയില്‍ തന്നെ പരിഹസിച്ചുകൊണ്ടാണ് ചിത്രീകരിച്ചത്. അതും നമ്മള്‍ കണ്ടതാണ്.
മമ്മൂട്ടിയെപ്പോലൊരാള്‍ ആ കഥാപാത്രത്തെ ഏറ്റെടുത്തു. മമ്മൂട്ടിയെ സംബന്ധിച്ച് നമ്മള്‍ അദ്ദേഹത്തെ ആണത്തത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. നമ്മുടെ കുടുംബങ്ങളിലെ കുടുംബനാഥന്‍ സങ്കല്‍പ്പങ്ങളിലാണ് നാളിതുവരെ മമ്മൂട്ടിയെ കണ്ടുപോന്നത്.
അത്തരത്തില്‍ പ്രൗഡമായ ഒരാള്‍ ഈ കഥാപാത്രത്തെ ഏറ്റെടുക്കുന്നതോടെ ഇത്തരം കഥാപാത്രങ്ങള്‍ക്ക് കിട്ടുന്ന സാമൂഹ്യ സ്വീകാര്യത എത്രയാണെന്ന് നമുക്ക് വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് അത് ചര്‍ച്ചയാകുന്നതും അതിനെ കുറിച്ച് ആളുകള്‍ ആലോചിക്കുന്നതും.
ജിയോയെ പോലൊരാള്‍ക്ക് ഇത്തരമൊരു സിനിമ ആലോചിക്കാനും മമ്മൂട്ടിയെ പോലൊരാള്‍ക്ക് അത് ചെയ്യാനും മമ്മൂട്ടി കമ്പനിക്ക് അത് പ്രൊഡ്യൂസ് ചെയ്യാനും പറ്റുന്ന തരത്തിലേക്കുള്ള ഒരു പുതിയ വര്‍ത്തമാനത്തിലേക്ക് മലയാള സിനിമ പ്രവേശിച്ചിരിക്കുന്നു. അവിടെ വരെ മലയാള സിനിമയെ നടത്തിയ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്, ‘ വിധു വിന്‍സെന്റ് പറഞ്ഞു.
Content Highlight: Director Vidhu Vincent appreciate Kaathal The Core Movie and Mammootty