മുഗളന്മാര്‍ അക്രമകാരികളാണെന്ന് കരുതുന്നില്ലെന്ന് സംവിധായകന്‍ വിഭു പുരി. രാജ്യത്തെ കൊള്ളയടിച്ച് തിരിച്ചുപോവുകയായിരുന്നില്ല അവരുടെ ലക്ഷ്യമെന്നും ചരിത്രത്തിലെ മറ്റേതൊരു ചക്രവര്‍ത്തിമാരെയും പോലെ അവരും ഹിന്ദുസ്ഥാനികളാണെന്നും വിഭു പുരി പറഞ്ഞു.
ഏതൊരു സാമ്രാജ്യവും രക്തത്തിന്മേലാണ് എഴുതപ്പെട്ടിരിക്കുന്നതെന്നും സമാധാനപരമായ ഉടമ്പടി എവിടെയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താജ്മഹലും ചെങ്കോട്ടയും നമ്മുടേതാണെന്നും അത് എടുത്തുകളയാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വിഭു പുരി പറഞ്ഞു.
‘അവര്‍ അക്രമകാരികളല്ലെന്നാണ് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നത്. രാജ്യത്തെ കൊള്ളയടിച്ചിട്ട് തിരിച്ചുപോയി മറ്റെവിടെയെങ്കിലും തങ്ങളുടെ രാജ്യം പണിയുക എന്ന ആശയവുമായല്ല അവര്‍ വന്നത്. അവര്‍ വന്നു, ഇന്ത്യ അവര്‍ക്ക് ഇഷ്ടമായി, രാജ്യം ഭരിക്കുകയും ചെയ്തു.
നമ്മുടെ ചരിത്രത്തിലെ മറ്റേതൊരു ചക്രവര്‍ത്തിമാരെയും പോലെ അവരും ഹിന്ദുസ്ഥാനികളാണ്. എല്ലാ സാമ്രാജ്യങ്ങളേയും പോലെ, അവര്‍ അവരുടേതായ സാംസ്‌കാരിക മൂല്യങ്ങള്‍, സംഗീതം, കല, മതം എന്നിവ കൊണ്ടുവന്നു.
വ്യക്തിപരമായി മുഗളന്മാര്‍ അക്രമകാരികളാണെന്ന് ഞാന്‍ കരുതുന്നില്ല. അവരില്‍ ചിലര്‍ പ്രാകൃതരായിരിക്കാം, ചിലര്‍ അല്ലായിരുന്നു. ഏതൊരു സാമ്രാജ്യവും ഏത് സിംഹാസനവും രക്തത്തിന്മേലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഒരിക്കലും സമാധാനപരമായ ഉടമ്പടിയോ ഭരണ പിന്തുടര്‍ച്ചയോ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ കാലഘട്ടത്തിലും അത് അങ്ങനെതന്നെയാണ്. നാം ഇത്രയും നാള്‍ നടത്തിയിരുന്ന ഓട്ടം സമാധാനപരമായിരുന്നില്ല.
മുഗളന്മാരോടുള്ള താല്‍പര്യം നമ്മുടെ വളര്‍ച്ചയുടെ ഭാഗമാണ്. താജ്മഹല്‍ നമ്മുടേതാണ്, മുഗള്‍ ഗാര്‍ഡന്‍ നമ്മുടേതാണ്, ചെങ്കോട്ട പോലും, അവിടെയാണ് ഇപ്പോഴും നമ്മുടെ ദേശീയ പതാക ഉയര്‍ത്തുന്നത്. അവര്‍ കൊള്ളക്കാരായിരുന്നുവെങ്കില്‍ നമ്മള്‍ അങ്ങനെ ആഘോഷിക്കില്ലായിരുന്നു. ഇവ നമ്മുടെ ധാര്‍മികതയുടെ ഭാഗമാണ്, അത് നമ്മില്‍ നിന്ന് എടുത്തുകളയാന്‍ കഴിയില്ല,’ വിഭു പുരി പറഞ്ഞു.
വിഭു പുരിയുടെ സംവിധാനത്തിലൊരുങ്ങിയ വെബ് സീരിസ് സി ഫൈവില്‍ സ്ട്രീം ചെയ്യുകയാണ്. മുഗള്‍ വംശത്തിന്റെ കഥ പറയുന്ന സീരിസില്‍ അദിതി റാവു ഹൈദരി, ധര്‍മേന്ദ്ര, നസറുദ്ദീന്‍ ഷാ, ആഷിം ഗുലാത്തി, രാഹുല്‍ ബോസ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
Content Highlight: Director Vibhu Puri says he doesn’t think the Mughals are invaders