| Thursday, 23rd November 2023, 11:10 pm

നിനക്ക് തിരക്കഥയെഴുതാന്‍ അറിയില്ല, ആദ്യം അത് പോയി പഠിക്ക് എന്ന് പറഞ്ഞവരുണ്ട്: വെട്രിമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യചിത്രമായ പൊല്ലാതവന് മുമ്പ് താന്‍ പലരോടായി 1000 കഥകളെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ വെട്രിമാരന്‍. തനിക്ക് തിരക്കഥയെഴുതാന്‍ അറിയില്ലെന്നും ആദ്യം അത് പോയി പഠിക്കാന്‍ പലരും പറഞ്ഞിട്ടുണ്ടെന്നും വെട്രി മാരന്‍ പറഞ്ഞു. ഗലാട്ട പ്ലസിന്റെ മെഗാ തമിഴ് റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു മുന്നൂറ് പ്രൊഡ്യൂസര്‍മാരോട് കഥ പറഞ്ഞിട്ടുണ്ട്. 150 ഹീറോമാരോടും ഹീറോ ആകാന്‍ പോകുന്നവന്മാരോടും ഹീറോസിന്റെ അച്ഛനും ചേട്ടന്മാര്‍ക്കുമെല്ലാം ഞാന്‍ കഥ പറഞ്ഞുകൊടുത്തിട്ടുണ്ട്. പൊല്ലാതവന് മുമ്പേ 1000 കഥകളെങ്കിലും പലരോടും പറഞ്ഞിട്ടുണ്ടാവും. അവരൊക്കെ ഫീഡ്ബാക്കും പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഈ സിനിമ ചെയ്യുന്നത്, നിനക്ക് തിരക്കഥയെഴുതാന്‍ അറിയില്ല, ആദ്യം അത് പോയി പഠിക്ക്, അത് കഴിഞ്ഞ് സിനിമ ചെയ്യാം എന്നൊക്കെ കേട്ടിട്ടുണ്ട്.

നമ്മള്‍ ഒരു സിനിമ ചെയ്ത്, അത് ആളുകള്‍ക്ക് ഇഷ്ടപ്പെടുമ്പോള്‍ അവര്‍ക്കും നമ്മോടൊപ്പം വര്‍ക്ക് ചെയ്യാന്‍ തോന്നും. ബസ് സ്റ്റാന്‍ഡില്‍ ബസ് നില്‍ക്കുമ്പോഴല്ലേ കേറാന്‍ പറ്റുകയുള്ളൂ. ബസ് പോയിക്കഴിഞ്ഞ് ഞാനും വരുന്നുവെന്ന് വിളിച്ച് പറഞ്ഞിട്ട് കാര്യമില്ല,’ വെട്രി മാരന്‍ പറഞ്ഞു.

സൂര്യക്കൊപ്പം ഒന്നിക്കുന്ന വാടിവാസലാണ് ഇനി വരാനിരിക്കുന്ന വെട്രിമാരന്‍ ചിത്രം. ജല്ലിക്കെട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കെട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് ‘വാടിവാസല്‍’ എന്ന നോവല്‍. ജല്ലിക്കെട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് ‘വാടിവാസല്‍’.

വേല്‍രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. സൂരിയും ‘വാടിവാസല്‍’ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

Content Highlight: Director Vetrimaran said that he had told at least 1000 stories to various people before his debut film Pollathavan

We use cookies to give you the best possible experience. Learn more