തമിഴിലെ ആദ്യ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ പ്രൊഡക്ഷനായ പാവ കഥൈകളാണ് ഇന്ന് സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം. ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്ന ഈ ആന്തോളജി ചിത്രത്തിലെ ഓരോ സിനിമയും അതിതീവ്രമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിക്കുകയെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമായിക്കഴിഞ്ഞു.
സുധ കൊങ്കാര, ഗൗതം വാസുദേവ് മേനോന്‍, വിഘ്‌നേഷ് ശിവന്‍, വെട്രിമാരന്‍ എന്നീ സംവിധായകര്‍ ഒരുക്കുന്ന നാല് ചിത്രങ്ങളടങ്ങിയ പാവ കഥൈകള്‍ അതീവ സാമൂഹ്യപ്രധാന്യമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
പാവ കഥൈകളുടെ പ്രധാന വിഷയമായി ഈ ദുരഭിമാനം കടന്നുവന്നതിനെക്കുറിച്ച് സംവിധാനയകന്‍ വെട്രിമാരന്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ‘ആദ്യം പ്രണയമായിരുന്നു ചിത്രത്തിന്റെ വിഷയം. നാളുകളായി ഞങ്ങള്‍ മുഖ്യധാര സംവിധായകരെല്ലാം ഇതുതന്നെയാണ് ചെയ്യുന്നത്. അപ്പോള്‍ അതല്ലാതെ എന്തെങ്കിലും ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് ചര്‍ച്ചകള്‍ നടന്നു. നിര്‍ദേശങ്ങള്‍ വന്നു. ദുരഭിമാനക്കൊലയെന്ന നിര്‍ദേശം മുന്നോട്ടുവന്നു. ഞാന്‍ ഈ വിഷയവുമായി മുന്നോട്ടുപോകാമെന്ന് നിര്‍ദേശം വെച്ചപ്പോള്‍ എല്ലാവരും സമ്മതിച്ചു. ഈ വിഷയമാണെങ്കില്‍ ഞാനുണ്ട്. അതല്ലാതെ ലവ് സ്‌റ്റോറി മാത്രമാണെങ്കില്‍ ഞാന്‍ ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞു.’ വെട്രിമാരന്‍ പറഞ്ഞു.
ഞങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്തായിരിക്കും ഇതെന്ന് അറിയാമായിരുന്നു. എനിക്ക് ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. പിന്നീട് സിനിമ കഴിഞ്ഞ് സുഹൃത്തുക്കളെ കാണിച്ചപ്പോഴാണ് കുറച്ച് വിശ്വാസം വന്നതെന്നും വെട്രിമാരന്‍ പറഞ്ഞു.
പാവ കഥൈകളുടെ റിലീസുമായി ബന്ധപ്പെട്ട് നാല് സംവിധായകരുമായി ചേര്‍ന്ന് ഭരദ്വാജ് രംഗന്‍ നടത്തിയ അഭിമുഖത്തിലാണ് വെട്രിമാരന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജെന്‍ഡര്‍, സെക്ഷ്വാലിറ്റി, പ്രണയം തുടങ്ങി നിരവധി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ദുരഭിമാനത്തെക്കുറിച്ചും അതിന്റെ വിവിധ പ്രത്യാഘാതങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുമെന്നാണ് ഇതുവരെ വന്ന ട്രെയ്‌ലറുകളില്‍ നിന്നും ടീസറില്‍ നിന്നും മനസ്സിലാകുന്നത്.
പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.
കാളിദാസ് ജയറാമിന്റെ സ്ത്രൈണതയുള്ള നായക കഥാപാത്രവും, അഞ്ജലി കല്‍ക്കി ലെസ്ബിയന്‍ പ്രണയവും, ഗൗതം മേനോന്‍- സിമ്രാന്‍, സായ് പല്ലവി-പ്രകാശ് രാജ് കോമ്പോയും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.
ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, തുടങ്ങി നിരവധി പേരാണ് ഈ ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആര്‍.എസ്.വി.പി മൂവിസും ഫ്‌ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക