| Friday, 5th February 2021, 2:44 pm

കോര്‍പറേറ്റ് സഹായികളാകരുത് സര്‍ക്കാരുകള്‍; പ്രതിഷേധത്തെ പിന്തുണക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കലാണ്: വെട്രിമാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് തമിഴ് സംവിധായകന്‍ വെട്രിമാരന്‍. അവകാശങ്ങള്‍ക്കായാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നതെന്നും ആ പ്രതിഷേധത്തെ പിന്തുണക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കാലാണെന്നും വെട്രിമാരന്‍ പറഞ്ഞു. സര്‍ക്കാരുകള്‍ കോര്‍പറേറ്റുകളുടെയല്ല, ജനങ്ങളുടെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘കേള്‍ക്കപ്പെടാന്‍ മറ്റൊരു മാര്‍ഗവുമില്ലാതാവുമ്പോഴാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാരിന് ഭരണം നടത്താനുള്ള അധികാരം നല്‍കുന്നത് ജനങ്ങളാണ്. ആ ജനങ്ങളുടെ താല്‍പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കേണ്ടത്, അല്ലാതെ കോര്‍പ്പറേറ്റുകളുടെ സഹായികളായി പ്രവര്‍ത്തിക്കുകയല്ല വേണ്ടത്.

രാജ്യത്തിന്റെ ആത്മാവിനെയും താല്‍പര്യത്തെയും സംരക്ഷിക്കാനാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. അവരുടെ അവകാശത്തിനായാണ് അവര്‍ പ്രതിഷേധിക്കുന്നത്. ആ പ്രതിഷേധത്തെ പിന്തുണക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കലാണ്,’ വെട്രിമാരന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് ലോകപ്രശസ്ത പോപ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെ റിഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അക്ഷയ് കുമാര്‍, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ റിഹാനക്കെതിരെ രംഗത്തെത്തിയിരുന്നു.


കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ പ്രചാരണമാണിതെന്നും ഇവര്‍ പറഞ്ഞിരുന്നു.#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍.

ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും തപ്‌സി പന്നു, അനുഭവ് സിന്‍ഹ, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, കുനാല്‍ കമ്ര, സയനോര ഫിലിപ്പ്, മിഥുന്‍ മാനുവല്‍ തോമസ്, തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

പ്രൊപ്പഗാണ്ട ടീച്ചറാകരുത് എന്നാണ് തപ്‌സി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ചൂഷണം ചെയ്യുകയാണെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു അല്ലെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത് എന്നായിരുന്നു തപ്‌സിയുടെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Vetrimaaran supports farmers protest criticises BJP central Govt

We use cookies to give you the best possible experience. Learn more