രാഷ്ട്രീയ ഉള്ളടക്കം, പൊളിറ്റിക്കല്‍ കറക്ട്നെസ്, കീഴാള രാഷ്ട്രീയം തുടങ്ങിയവയെക്കുറിച്ചെല്ലാം സംസാരിക്കുകയും സിനിമകള്‍ എടുക്കുകയും ചെയ്യുന്ന തമിഴ് സംവിധായകനാണ് വെട്രിമാരന്‍. ദളിത് മുന്നേറ്റങ്ങളെയും പോരാട്ടങ്ങളെയും സിനിമയിലൂടെ രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന സംവിധായകനായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.
ദളിതര്‍ നേരിടുന്ന പ്രതിസന്ധികളെ തമിഴ് സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതില്‍ മാരി സെല്‍വരാജ്, പാ രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം പ്രധാന പങ്കുവഹിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. ആടുകളം, വിസാരണൈ, വടചെന്നൈ, അസുരന്‍ തുടങ്ങിയ വെട്രിമാരന്റെ സിനിമകളെല്ലാം ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്.
കഥാപരിസരത്തിന്റെ സ്വാഭാവികതയോട് എത്രത്തോളം നീതി പുലര്‍ത്തുന്നുവോ അത്രത്തോളം സിനിമയ്ക്ക് സ്വീകാര്യത ലഭിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറയാറുണ്ട്. സിനിമയെ കുറിച്ചും അത് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുപറയുന്നതിലും വെട്രിമാരന്‍ മടി കാണിക്കാറില്ല.
തമിഴ് ചരിത്രത്തിന്റെ യഥാര്‍ത്ഥ അസ്തിത്വം ഇല്ലാതാക്കി അതിനെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ വെച്ച് അദ്ദേഹം പറഞ്ഞത്. എം.പിയും വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ) നേതാവുമായ തോല്‍.തിരുമാവളവന്‍ ജന്മദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നിയിന്‍ സെല്‍വനില്‍ മണിരത്‌നം രാജരാജ ചോളനെ ഹിന്ദു രാജാവായാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന വിമര്‍ശനവും അദ്ദേഹം പ്രസംഗത്തില്‍ ഉന്നയിച്ചു. രാഷ്രീയ അറിവ് പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണമായി സിനിമയെ രൂപപ്പെടുത്തണമെന്നും വെട്രിമാരന്‍ പറഞ്ഞു.
”കല ജനങ്ങള്‍ക്കുള്ളതാണ്, ജനങ്ങളെ പ്രതിഫലിപ്പിക്കുന്നത് കലയാണ്. നമ്മള്‍ ഈ കലാരൂപം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണം. ഇതിനകം തന്നെ നമ്മുടെ പല ഐഡന്റിറ്റികളും മായ്ക്കപ്പെടുകയാണ്.
തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സിനിമയിലും ഇത് സംഭവിക്കും. സിനിമയില്‍ നിന്ന് പല സ്വത്വങ്ങളും ഇതിനകം നീക്കം ചെയ്യപ്പെട്ടു. നാം നമ്മുടെ സ്വത്വങ്ങളെ സംരക്ഷിക്കണം,” വെട്രിമാരന്‍ പറഞ്ഞു.
കല രാഷ്രീയമാണെന്നും സിനിമയെ രാഷ്രീയവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വസ്ത്രധാരണരീതിയും സംസാരരീതിയും നാം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
”കല സ്വാഭാവികമായും രാഷ്ട്രീയമാണ്. പക്ഷേ, തിരുമാവളവന്‍ ഒരു പടി കൂടി മുന്നോട്ട് പോയി. നമ്മുടെ അസ്തിത്വം തന്നെ രാഷ്ട്രീയമാണെന്ന് എന്നോട് പറഞ്ഞു. അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒരു നിശ്ചിത രാഷ്ട്രീയ ഇടം പിടിക്കുന്നു.
നമ്മുടെ വസ്ത്രധാരണരീതിയും സംസാരരീതിയും നമ്മളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നാം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണ്. ദ്രാവിഡ പ്രസ്ഥാനം തമിഴ് സിനിമയെ ഏറ്റെടുത്തതുകൊണ്ടാണ് തമിഴ്‌നാട് ഒരു മതേതര രാഷ്ട്രമായി നിലകൊള്ളുന്നതും വിവിധ ബാഹ്യഘടകങ്ങളുടെ സ്വാധീനത്തെ ചെറുക്കാനുള്ള പക്വത നാം ആര്‍ജിച്ചതും.
സിനിമ സാധാരണക്കാരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്ന ഒരു കലാരൂപമാണ്. അതിനാല്‍ അത് രാഷ്ട്രീയവത്കരിക്കേണ്ടത് പ്രധാനമാണ്,” വെട്രിമാരന്‍ പറഞ്ഞു.
ചോള രാജ വംശത്തിന്റെ രാജാവായ രാജരാജ ചോള(അരുള്‍ മൊഴി വര്‍മന്‍)നെ ആസ്പദമാക്കിയുള്ള കല്‍ക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി മണിരത്നം ഒരുക്കിയ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.
Content Highlight: Director Vetrimaaran said that Raja raja Chola was made a Hindu king