Entertainment
ഇന്ന് ഇന്ത്യയിലെ നമ്പർ വൺ ആക്ടറാണ് മലയാളത്തിലെ ആ യുവനടൻ; സംവിധായകൻ വേണു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 25, 06:33 am
Wednesday, 25th September 2024, 12:03 pm

വേണു രചനയും സംവിധാനവും നിർവഹിച്ച് 2018ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാർബൺ. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം കണ്ട ചിത്രം കൂടിയായിരുന്നു കാർബൺ. അഡ്വഞ്ചർ, ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രം നിധി തേടി കാട്ടിൽ പോകുന്ന നായകന്റെ കഥയാണ് പറഞ്ഞത്.

വിശാൽ ഭരദ്വാജായിരുന്നു ചിത്രത്തിന് സംഗീതം നിർവഹിച്ചത്. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനം കണ്ടപ്പോൾ വിശാൽ ഭരദ്വാജ് അത്ഭുതപ്പെട്ടെന്ന് പറയുകയാണ് സംവിധായകൻ വേണു. ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് വിശാൽ ഇപ്പോൾ ഫഹദിന് പിന്നാലെ നടക്കുകയാണെന്നും വേണു പറഞ്ഞു.

ഇന്ന് ഇന്ത്യയിലെ മികച്ച നടന്മാരുടെ ലിസ്റ്റ് എടുത്താൽ ആദ്യ മൂന്ന് പേരിൽ ഒരാൾ ഫഹദ് ആയിരിക്കുമെന്നും ചിലപ്പോൾ ഒന്നാമൻ വരെയാവാനും സാധ്യതയുണ്ടെന്നും വേണു പറഞ്ഞു. കാര്യങ്ങൾ ഏറ്റവും നന്നായി മനസിലാക്കി സട്ടിലായി അഭിനയിക്കുന്ന ആളാണ് ഫഹദെന്നും അദ്ദേഹം പറഞ്ഞു.

‘കാർബൺ കണ്ടിട്ട് ഒരുപാടാളുകൾ എന്നോട് സംസാരിച്ചിട്ടുണ്ട്. വിശാൽ ഭരദ്വാജാണ് കാർബണിന്റെ മ്യൂസിക് ചെയ്തിട്ടുള്ളത്. വിശാൽ ഈ സിനിമ കണ്ടിട്ട് എന്നോട് ആദ്യം ചോദിച്ചത്, ഈ ആക്ടർ ആരാണ് എന്നായിരുന്നു.

കാരണം അത്രയ്ക്കും ഇപ്രസീവായാണ് ഫഹദ് കാർബൺ ചെയ്തിട്ടുള്ളത്. ഇപ്പോൾ വിശാൽ ഫഹദിനോട് അങ്ങോട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്, നമുക്കൊരു സിനിമ ചെയ്യാമെന്നാണ്. അവർക്കെല്ലാം വളരെ അതിശയകരമായിട്ടാണ് ഫഹദിനെ തോന്നിയത്.

അത് സത്യവുമാണ്, കാരണം കാര്യങ്ങൾ ഇങ്ങനെ മനസിലാക്കുകയും അവതരിപ്പിക്കുക ചെയ്യുന്ന അഭിനേതാക്കൾ കുറവാണ്. അതും ഏറ്റവും സട്ടിലായാണ് ഫഹദ് അഭിനയിക്കുക. നമ്മൾ ഇങ്ങനെ നോക്കിയിരുന്നില്ലെങ്കിൽ മിസായി പോവുന്ന ഒരുപാട് സംഭവങ്ങൾ ഫഹദിന്റെ ആക്ടിങ്ങിലുണ്ട്.

അത് ടെക്‌നിക്കലല്ല. സ്വന്തമായിട്ട് ഉള്ളത് തന്നെയാണ്. മാത്രമല്ല എന്റെ അഭിപ്രായത്തിൽ ന്യൂ ജനറേഷനിൽ മാത്രമല്ല ഇപ്പോൾ ജീവിച്ചിരിക്കുന്ന അഭിനേതാക്കളിൽ ഇന്ത്യയിലെ ഏറ്റവും ടോപ് ആക്ടറിൽ ഒരാൾ ഫഹദ് ഫാസിലാണ്. ഒരു മൂന്നോ നാലോ ആളുകളെ എടുത്താൽ അതിൽ തീർച്ചയായും ഫഹദ് ഉണ്ട്. ചിലപ്പോൾ നമ്പർ വൺ താന്നെയാവാനും സാധ്യതയുണ്ട്,’വേണു പറയുന്നു.

Content Highlight: Director Venu Talk About Fahad Fazil’s Acting