| Tuesday, 5th March 2024, 11:35 am

രാത്രി 12 മണിക്ക് കൊടുങ്കാട്ടില്‍ പെട്ടുപോയി, തിരിച്ചുവരാന്‍പറ്റിയില്ല, അശ്രദ്ധ കാരണം സംഭവിച്ചതാണ്: വേണു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വേണു സംവിധാനം നിര്‍വഹിച്ച് ഫഹദ് ഫാസില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് 2017 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാര്‍ബണ്‍. അഡ്വഞ്ചര്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയത്. കാടിനുള്ളില്‍ ഉണ്ടെന്ന് കരുതുന്ന നിധി കണ്ടെത്താനുള്ള സെബാസ്റ്റ്യന്‍ എന്ന ചെറുപ്പക്കാരന്റെ ശ്രമമായിരുന്നു സിനിമയുടെ ഇതിവൃത്തം.

നാല്‍പ്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ അഞ്ച് പുരസ്‌കാരങ്ങളായിരുന്നു കാര്‍ബണ്‍ സ്വന്തമാക്കിയത്.

ഇന്ത്യയിലെ തന്നെ പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ കൂടിയായ വേണുവിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രം മികച്ച പ്രതികരണവും നേടിയിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനിടെ നേരിട്ട ചില പ്രതിസന്ധികളെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ വേണു.

ഒരു കൊടുങ്കാട്ടില്‍ രാത്രി പന്ത്രണ്ട് മണിക്ക് തങ്ങളുടെ ക്രൂവിലെ ചിലര്‍ പെട്ടുപോയെന്നും അത് വലിയൊരു ഷോക്കായിരുന്നെന്നുമാണ് വേണു പറയുന്നത്. ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കവേയായിരുന്നു അദ്ദേഹം കാര്‍ബണ്‍ സിനിമയുടെ ചിത്രീകരണ സമയത്തെ കുറിച്ച് ഓര്‍ത്തെടുത്തത്.

‘ ഗുണ കേവില്‍ ഷൂട്ട് ചെയ്തതുപോലെ തന്നെ അപകടം പിടിച്ച സ്ഥലത്തായിരുന്നു ഞാന്‍ കാര്‍ബണും ഷൂട്ട് ചെയ്തത്. ഗുണ കേവിന്റെ അത്രത്തോളം അപകടം ഇല്ലെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിന്നെ അപകട സാധ്യത എന്ന് പറയുന്നത് എല്ലാം പ്രകൃതിയുമായി ബന്ധപ്പെട്ട വെല്ലുവിളി ആയിരിക്കില്ല. ആ സമയവും സാഹചര്യവുമാണ് അപകട സാധ്യതയെ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത്.

കാര്‍ബണില്‍ ഒരു കാട്ടിനകത്ത് പോയിട്ടാണ് ഷൂട്ട് ചെയ്തത്. ഒരു ദിവസം കാട്ടിനകത്ത് കയറിയിട്ട് തിരിച്ചുവരാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. രാത്രി പലരും പെട്ടുപോയി. രണ്ട് മൂന്ന് പേര്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി. അവര്‍ക്ക് ഷൂട്ടില്‍ മുമ്പോട്ട് വരാന്‍ പറ്റാതായി.

രാത്രി 12 മണിക്ക് കൊടുങ്കാട്ടില്‍ ആളുകളെ കാണാതായാല്‍ എന്തുചെയ്യും. അതില്‍ ഞങ്ങളുടെ അശ്രദ്ധ കൂടിയുണ്ടെന്ന് വേണമെങ്കില്‍ പറയാം. ഞങ്ങള്‍ അങ്ങോട്ട് പോകുമ്പോല്‍ മഴ ഇല്ലായിരുന്നു. പക്ഷേ പിന്നീട് മഴപെയ്തു. അത്തരത്തില്‍ പെട്ടുപോയാല്‍ എന്തുചെയ്യും. ഒന്നും ചെയ്യാന്‍ പറ്റില്ല.

ഗുണയുടെ സമയത്തും മഴയുണ്ടായിരുന്നു. മഴ പെയ്താല്‍ ഒരുകാരണവശാലും നമുക്ക് നടക്കാന്‍ കഴിയില്ല. മാത്രമല്ല വന്യമൃഗങ്ങളുണ്ട്. കാട് തന്നെയാണ്. കാട്ടുപോത്തും പുലിയുമൊക്കെയുണ്ട്. അവിടെയൊക്കെ സന്ധ്യവരെ നില്‍ക്കുക എന്നത് തന്നെ അപകടമാണ്, വേണു പറഞ്ഞു.

‘ഗുണയുടെ സമയത്തൊക്കെ എന്തായിരുന്നു എന്റെ മനസിലെന്ന് ഓര്‍മയില്ല. വലിയ റിസ്‌കില്‍ തന്നെയാണ് ഓരോ സമയത്തും ഷൂട്ട് ചെയ്തത്. ചാലഞ്ചാണെന്നും ഏറ്റെടുക്കാമോ എന്നും ചോദിച്ചത് ഓര്‍മയുണ്ട്. ബാക്കിയെല്ലാം ജോലിയുടെ ഭാഗമായി ചെയ്തുപോയതാണ്,’ വേണു പറഞ്ഞു.

Content Highlight: Director Venu about carbon movie shoot and the challenges

We use cookies to give you the best possible experience. Learn more