'മാര്‍വല്‍ സ്റ്റുഡിയോയോ ഡി.സി കോമിക്‌സോ നിങ്ങളുമായി ബന്ധപ്പെടും; മിന്നല്‍ മുരളിയെ പുകഴ്ത്തി വെങ്കട് പ്രഭു
Entertainment news
'മാര്‍വല്‍ സ്റ്റുഡിയോയോ ഡി.സി കോമിക്‌സോ നിങ്ങളുമായി ബന്ധപ്പെടും; മിന്നല്‍ മുരളിയെ പുകഴ്ത്തി വെങ്കട് പ്രഭു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th December 2021, 10:43 am

വാണിജ്യ വിജയത്തോടൊപ്പം മലയാളസിനിമ ചരിത്രത്തില്‍ തന്നെ ഇടംപിടിക്കുകയാണ് മിന്നല്‍ മുരളി. മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയെത്തി രാജ്യമാകെ ശ്രദ്ധ നേടിയിയ മിന്നല്‍ മുരളിക്ക് കേരളത്തിന് പുറത്ത് നിന്നും അഭിനന്ദനപ്രവാഹമായിരുന്നു.

മാസ്, മങ്കാത്ത, മാനാട് എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ വെങ്കട് പ്രഭുവും മിന്നല്‍ മുരളിയെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ്. ‘മിന്നല്‍ മുരളിക്ക് മുന്നില്‍ തല കുനിക്കുന്നു. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോയുടെ ഉദയത്തെ എത്ര മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, നിങ്ങള്‍ വേറെ ലെവലാണ്. എനിക്കുറപ്പാണ് മാര്‍വല്‍ സ്റ്റുഡിയോയോ ഡിസി കോമിക്‌സോ നിങ്ങളെ ബന്ധപ്പെടും. മിന്നല്‍ മുരളി അഭിമാനം,’ വെങ്കട് പ്രഭു ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്‌സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30 തിന് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലാണ് സ്ട്രീം ചെയ്തത്. റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: director venkat prabhu appriciate minnal murali