'കമല്‍ സാര്‍ നല്ല സംവിധായകനാണ്, ഒരു നല്ല സംഘാടകനല്ല'; സംവിധായകന്‍ വി.സി അഭിലാഷ് സംസാരിക്കുന്നു...
Interview
'കമല്‍ സാര്‍ നല്ല സംവിധായകനാണ്, ഒരു നല്ല സംഘാടകനല്ല'; സംവിധായകന്‍ വി.സി അഭിലാഷ് സംസാരിക്കുന്നു...
ഗോപിക
Friday, 19th February 2021, 4:48 pm

വിവാദങ്ങള്‍ വിടാതെ ഐ.എഫ്.എഫ്.കെ വേദികളെ പിന്തുടരുകയാണ്. 25-മത് ചലച്ചിത്രമേളയോടനുബന്ധിച്ച് തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലീം കുമാര്‍ രംഗത്തെത്തിയതോടെ വീണ്ടും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. വിഷയത്തില്‍ ഡൂള്‍ന്യൂസിനോട് പ്രതികരിക്കുകയാണ് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വി.സി അഭിലാഷ്.

————————-

1. ഇത്തവണത്തെ ചലച്ചിത്ര മേളയില്‍ കോണ്‍ഗ്രസുകാരനായതിനാലാണ് തന്നെ ഒഴിവാക്കിയതെന്ന് നടന്‍ സലീം കുമാര്‍ പറഞ്ഞിരുന്നു. അതിന് മറുപടിയെന്നോണം താങ്കള്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. ചെയര്‍മാന്റെ ഇഷ്ടക്കാരായ ഇടതുപക്ഷമായാലെ കാര്യമുള്ളുവെന്നായിരുന്നു താങ്കള്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലുപരി ഐ.എഫ്.എഫ്.കെ വേദികളില്‍ ഒരു പക്ഷാപാതമുണ്ടെന്ന് വിശ്വസിക്കുന്നുവോ?

ആത്യന്തികമായി എന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കാണേണ്ടത് നവാഗതനായ ഒരു ചലച്ചിത്ര സംവിധായകന്റെ എഴുത്തായിട്ടാണ്. അതിനെ നിലവില്‍ ഐ.എഫ്.എഫ്.കെയോടുള്ള ആളുകളുടെ മൊത്തത്തിലുള്ള വിമര്‍ശനങ്ങളോടോ അല്ലെങ്കില്‍ അതിന്റെ ഉപരിപ്ലവമായ വിവാദങ്ങളിലോ ഒന്നും ബന്ധപ്പെടുത്തേണ്ടതില്ല.

നവാഗതനായ ഒരാള്‍ ഐ.എഫ്.എഫ്.കെയും ചലച്ചിത്ര അക്കാദമിയേയും എങ്ങനെയാണ് സമീപിക്കുന്നത് എന്ന രീതിയില്‍ വേണം കാണാന്‍. സലീം കുമാര്‍ എന്ന വ്യക്തിയോട് അക്കാദമി അപമര്യാദ കാണിച്ചുവെന്ന് ചര്‍ച്ചയുണ്ടാമ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് സലീം കുമാര്‍ പറഞ്ഞ പോയിന്റിനെ കുറിച്ചാണ്.

കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് ഒഴിവാക്കിയതെന്ന് സലീം കുമാര്‍ പറയുന്നു. ഇടതുപക്ഷ വിശ്വാസിയായ എന്നെ എന്തുകൊണ്ട് തഴഞ്ഞു എന്ന് ഞാനും ചിന്തിച്ച് പോകും. അവര്‍ എന്നെ തഴഞ്ഞതിന് കാരണം എന്തായിരിക്കുമെന്ന്എനിക്ക് ഇപ്പോള്‍ സ്വയം ഒരു ബോധ്യത്തിലെത്തണം.

ആളൊരുക്കം എന്നൊരു സിനിമ ചെയ്തിട്ട് അക്കാദമിയെ സമീപിക്കുമ്പോള്‍ ഒരു ഷോ പോലും തരാത്ത ഒരു മര്യാദക്കേട് നമ്മള്‍ നേരിട്ടിരുന്നു. നമുക്ക് സെലക്ഷന്‍ തരാതിരുന്നിട്ട് അത് ജൂറി തീരുമാനമാണെന്ന് പറഞ്ഞാല്‍ നമുക്ക് പിന്നെ മറുപടിയില്ല.

പക്ഷെ ഈ ജൂറികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നത് പ്രധാന വിഷയമാണ്. എന്റെ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് അന്ന് ഞാന്‍ സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രിയെ വരെ സമീപിച്ചിരുന്നു. ഒരു ഷോയെങ്കിലും തരണമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു.

അക്കാദമി മേളയില്‍ സാധാരണ ഷോകള്‍ക്ക് പുറമെ വൈകുന്നേരം നിശാഗന്ധിയില്‍ ഒരു ഷോ വെയ്ക്കുമായിരുന്നു. പുറത്തുനിന്നുള്ളവരൊക്കെ സിനിമ കാണാന്‍ അവിടെ എത്തും. എത്രയോ മോശം പടങ്ങള്‍ അവിടെ കളിച്ചിരിക്കുന്നു. അവിടെയെങ്കിലും ഒരു ഷോ തന്നാല്‍ നന്നായിരുന്നുവെന്ന് അക്കാദമിയോട് 2018 ലെ ഫെസ്റ്റിവല്‍ സമയത്ത് പറഞ്ഞിരുന്നു. പക്ഷെ അത് കിട്ടിയില്ല. അനുമതി ലഭിക്കാതെ വന്നപ്പോഴാണ് എന്തിനാണ് നമ്മുടെ ചിത്രത്തിന് ദേശീയ അവാര്‍ഡ് കിട്ടിയതെന്ന് വരെയുള്ള ചിന്തയായി.

എന്തിനാണ് ഒരു ദേശീയ അവാര്‍ഡ് കിട്ടുന്നത്? എന്തിനാണ് ഒരു സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്? നമ്മളെ ഷോകേസില്‍ കൊണ്ടുവയ്ക്കാന്‍ മാത്രം! അല്ലെങ്കില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ദേശീയ അവാര്‍ഡ് ജേതാവ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍. അതിലുപരി നമ്മുടെ സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് ചിന്തിക്കേണ്ടതില്ലേ? അംഗീകാരം നേടിത്തന്ന ആ സിനിമ ആളുകള്‍ കാണാതെ പോയിട്ട് അവാര്‍ഡ് കിട്ടിയിട്ട് എന്തു കാര്യം? ആത്യന്തികമായി ഞാന്‍ സിനിമ ചെയ്യുന്നത് ആളുകള്‍ കാണാന്‍ വേണ്ടിയാണ്. സിനിമ കാണാന്‍ ഒരു അവസരം ഇല്ലാതെ വരുന്നു. അതാണ് അടിസ്ഥാന പ്രശ്നം. ആ പ്രശ്നത്തെയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

ഞാന്‍ അക്കാദമിയിലേക്ക് സിനിമ കൊടുക്കുന്ന സമയത്ത് തന്നെ, കുറച്ച് സിനിമകള്‍ അക്കാദമി തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. ആ തെരഞ്ഞെടുപ്പിനോടായിരുന്നു എന്റെ വിയോജിപ്പ്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അക്കാദമി ചെയര്‍മാന്റെ ശിക്ഷ്യന്റെ പങ്കാളിത്തമുള്ള നാല് പടങ്ങള്‍ ആ ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നു. ആ നാല് പടങ്ങളില്‍ രണ്ട് എണ്ണം നമുക്ക് മാറ്റി നിര്‍ത്താം.

കാരണം ലോകോത്തര നിലവാരമുള്ള സിനിമകളാണ്. പക്ഷെ മറ്റ് രണ്ട് സിനിമകള്‍ എന്ത് അടിസ്ഥാനത്തിലാണ് ഉള്‍പ്പെടുത്തിയതെന്ന് മനസ്സിലായില്ല. ആ രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയും ആളൊരുക്കം തഴയപ്പെടുകയും ചെയ്യുന്നു.

എന്നിട്ട് സംസ്ഥാനത്തോ, ദേശീയ തലത്തിലോ യാതൊരു അംഗീകാരവും നേടാതെ പോയ ഒരു ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്തു. അക്കാദമി ചെയര്‍മാനെപ്പറ്റി ജീവചരിത്രമെഴുതിയ ആളാണ് ആ ചിത്രത്തിന്റെ സംവിധായകന്‍. അപ്പോള്‍ നമ്മള്‍ ജൂറികളുടെ മാനദണ്ഡത്തെപ്പറ്റി സ്വയം സംശയമുന്നയിക്കുന്നു.

ആളൊരുക്കം പോലൊരു സിനിമ ചെയ്തിട്ട് തിയേറ്ററിലും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നില്ല, അക്കാദമി വേദികളിലും പ്രദര്‍ശിപ്പിക്കുന്നില്ല എന്ന ഗതികേടാണ് ഈ പറയുന്നത്. 2018 മാര്‍ച്ചിലാണ് ആളൊരുക്കത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. അതേ വര്‍ഷം ഏപ്രിലില്‍ ദേശീയ അവാര്‍ഡും ലഭിച്ചു. അവാര്‍ഡ് ലഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ചിത്രം തിയേറ്ററിലെത്തിയിരുന്നു.

എന്നാല്‍ അവാര്‍ഡ് എന്ന് കേട്ടപ്പോള്‍ മുതല്‍ തിയേറ്ററില്‍ ആള്‍ക്കാരില്ലാത്ത അവസ്ഥയുണ്ടായത്. അത് കഴിഞ്ഞ് സെപ്റ്റംബര്‍ ഒക്ടോബര്‍ ആയപ്പോഴേക്കും ചിത്രം ഐ.എഫ്.എഫ്.കെ സെലക്ഷന്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ വെച്ചു. അവര്‍ അത് തള്ളുന്നു. ഈ വിഷയം ചലച്ചിത്ര അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇന്ദ്രന്‍സിന് ഞങ്ങള്‍ അവാര്‍ഡ് കൊടുത്തില്ലേ എന്നായിരുന്നു.

എന്തോ ഔദാര്യം പോലെ തന്നില്ലേ എന്നായിരുന്നു ആ പറഞ്ഞതിന്റെ അര്‍ത്ഥം. കഴിവുള്ള കുറേ പേര്‍ മത്സരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്ന ഒന്നാണ് അവാര്‍ഡ്. ‘ഞങ്ങള്‍ കൊടുത്തില്ലേ’ എന്ന ചോദ്യം അവിടെ പ്രസക്തമല്ല. ഈയൊരു പശ്ചാത്തലത്തില്‍ കാണുമ്പോള്‍ അക്കാദമിയില്‍ ജീര്‍ണ്ണതയുണ്ടെന്നും ചെയര്‍മാന്റെ ഭാഗത്ത് നിന്നുള്ള കാര്യക്ഷമതക്കുറവുണ്ടെന്നും എനിക്ക് ബോധ്യമാകുകയും അതിന്റെ അടിസ്ഥാനത്തില്‍ നമ്മള്‍ പ്രതികരിക്കുകയും ചെയ്തു.

സലീം കുമാറിനെപ്പോലെയുള്ള ആളുകളെ രാഷ്ട്രീയ കാരണങ്ങളാല്‍, ഉറപ്പിച്ച് തന്നെ പറയാം അതുകൊണ്ടുതന്നെയാണ് ഒഴിവാക്കിയത്. നോക്കൂ, നാല് ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള സലീം അഹമ്മദിനെ ഒഴിവാക്കിയിരിക്കുന്നു. എന്താണ് ഇതിന്റെയൊക്കെ കാരണം..?

2. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി കമലിന്റെ കൈയില്‍ സുരക്ഷിതമാണെന്ന് കരുതുന്നുണ്ടോ?

ചലച്ചിത്ര അക്കാദമി സ്ഥാനത്ത് ഇരിക്കാന്‍ തരിമ്പും യോഗ്യതയില്ലാത്തയാളാണ് കമല്‍ സാര്‍. കമല്‍ സാറെന്നാണ് അദ്ദേഹത്തെ നമ്മള്‍ വിളിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുവളര്‍ന്നയാളെന്നെ നിലയില്‍ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും പുലര്‍ത്തിക്കൊണ്ടാണ് ഇത് പറയുന്നത്. കമല്‍ സാര്‍ ഒരു നല്ല സംഘാടകനല്ല.

സംവിധായകനായി തുടരേണ്ടയാളാണ്. അദ്ദേഹം വന്നതിന് ശേഷം എന്തെല്ലാം ആരോപണങ്ങളാണ് ഈ ചലച്ചിത്ര അക്കാദമിയുടെ പേരിലുണ്ടായത്. സംസ്ഥാന അവാര്‍ഡിനായുള്ള സിനിമകളില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ പങ്കാളിത്തമുള്ള ചിത്രങ്ങള്‍ വരെ എത്താറുണ്ട്.

 

നിങ്ങള്‍ക്ക് കേട്ടുകേള്‍വിയുണ്ടോ ഇക്കാര്യത്തെപ്പറ്റി? എനിക്ക് അവാര്‍ഡുകളൊന്നും വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ സിനിമകള്‍ എത്തുമ്പോള്‍ സ്വഭാവികമായും ചെയര്‍മാന്റെ ചിത്രമെന്ന നിലയില്‍ എന്തെങ്കിലും അംഗീകാരം നല്‍കണമെന്ന് ജൂറിയ്ക്ക് തോന്നും. അതൊരു നീതികേടാണ്.

3. പക്ഷാപാതം ഈ വേദികളില്‍ കാണുന്നുവെന്ന് താങ്കള്‍ പറഞ്ഞല്ലോ. ആ രീതിയില്‍ മലയാള സിനിമയില്‍ ഒരു സ്വജനപക്ഷപാതം വളരുന്നതായി തോന്നിയിട്ടുണ്ടോ?

മലയാള സിനിമയില്‍ സ്വജനപക്ഷപാതമോ, ഗ്രൂപ്പിസമോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എഴുപതുകളിലും എണ്‍പതുകളിലും നമ്മുടെ നാട്ടില്‍ ഒരു സാമൂഹിക സാംസ്‌കാരിക നവോത്ഥാനം സംഭവിച്ചിട്ടുണ്ട്. നമ്മുടെ ഭാഷയിലും സാഹിത്യത്തിലും സാംസ്‌ക്കാരിക മേഖലയിലും അത് പ്രതിഫലിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ജാതിയും മതവും പ്രധാന ഘടകമല്ലെന്ന് ബോധമുള്ള ഒരു തലമുറ എണ്‍പതുകള്‍ക്ക് ശേഷം കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതുകൊണ്ടാണ് ജാതിയ്ക്കും മതത്തിനും അതീതമായി ഒരുപാട് സിനിമകള്‍ മലയാളത്തിലുണ്ടായത്.

4. പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിനെപ്പറ്റിയുള്ള വിശേഷങ്ങള്‍?

1980 കള്‍ പശ്ചാത്തലമാക്കിയ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. കേരളത്തിന്റെ നൊസ്റ്റാള്‍ജിക് ആയിട്ടുള്ള കാര്യങ്ങളെ മലയാളിയ്ക്ക് ഒരിക്കല്‍ കൂടി തിരിച്ചുകൊടുക്കുന്ന രസമുള്ള സിനിമയായിരിക്കും സബാഷ് ചന്ദ്രബോസ്. നര്‍മ്മത്തിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. നാട്ടുവഴക്കങ്ങളുടെ കഥയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director VC Abhilash On IIFK Controversy

 

 

ഗോപിക
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.