ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്‌നമുദിക്കുന്നില്ല; ശൈലജ ടീച്ചറെ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് എത്രയും വേഗം തിരികെ കൊണ്ടുവരണം; സംവിധായകന്‍ വി.സി അഭിലാഷ്
Kerala
ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്‌നമുദിക്കുന്നില്ല; ശൈലജ ടീച്ചറെ ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് എത്രയും വേഗം തിരികെ കൊണ്ടുവരണം; സംവിധായകന്‍ വി.സി അഭിലാഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th September 2021, 3:00 pm

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി സ്ഥാനത്തേക്ക് കെ.കെ. ശൈലജയെ സര്‍ക്കാര്‍ എത്രയും വേഗം തിരികെ കൊണ്ടുവരണമെന്ന് സംവിധായകന്‍ വി.സി അഭിലാഷ്. ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്‌നമുദിക്കുന്നില്ലെന്നും അഭിലാഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.

വീണാ ജോര്‍ജിന്റെ ന്യൂനത അവരുടെ കഴിവില്ലായ്മയല്ലെന്നും എന്നാല്‍ വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് ഇനിയുള്ള കാലത്ത് എക്‌സ്പീരിയന്‍സ് പ്രധാനമാണെന്നും വി.സി അഭിലാഷ് പറഞ്ഞു.

ശൈലജ ടീച്ചര്‍ 2016 മുതല്‍ നേടിയെടുത്ത അക്കാര്യത്തിലുള്ള അവബോധം പ്രധാനമാണ്. ആ അനുഭവ പരിചയം വീണാ ജോര്‍ജിനില്ലെന്നും വി.സി അഭിലാഷ് പറഞ്ഞു.

ശൈലജ ടീച്ചറും കഴിഞ്ഞ സര്‍ക്കാരും കെട്ടിപ്പടുത്ത സിസ്റ്റമാറ്റിക് മെഡിക്കല്‍ സംവിധാനം ഇപ്പോള്‍ തകര്‍ന്നു പോയിരിക്കുന്നു. ഇത് നിലവിലുള്ള മന്ത്രിയുടേയോ ഒരു പരിധി വരെ ആരോഗ്യ പ്രവര്‍ത്തകരുടേയോ വീഴ്ച്ചയുമല്ല. എന്നാല്‍ സിസ്റ്റത്തിന്റെ ഘടനാപരമായ നിയന്ത്രണം നഷ്ടപ്പെടാതെ മുന്നോട്ട് പോകുന്നതിന് അനുഭവപരിചയം നിശ്ചയമായും വേണം.

ലളിതമായൊരു ഉദാഹരണം വേണമെങ്കില്‍ ദിശയിലേക്ക് വിളിച്ചാല്‍ മതി. സിസ്റ്റമാറ്റിക്കായ മറുപടിയല്ല അവിടെ നിന്ന് കിട്ടുന്നത്. ഒരാള്‍ പറയുന്നതല്ല മറ്റൊരാള്‍ പറയുന്നത്. അതുപോലെ വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നതല്ല ആശാ വര്‍ക്കര്‍ പറയുന്നത്. ആശാ വര്‍ക്കര്‍ പറയുന്നതല്ല ആശുപത്രിക്കാര്‍ പറയുന്നത്. ഇങ്ങനെയായിരുന്നില്ല ശൈലജ ടീച്ചറിന്റെ കാലത്ത്. മറുപടികള്‍ ഏകീകൃതമായിരുന്നു, സുതാര്യവുമായിരുന്നു.

എനിക്ക് പരിചയമുള്ള ഒരു രോഗി പന്ത്രണ്ട് ദിവസങ്ങളായി കര്‍ശന റൂം ക്വാറന്റീനിലാണ്. പോസിറ്റീവായി എന്ന് അറിഞ്ഞതുമുതലുള്ള പതിനേഴാം ദിവസം പുറത്തിറങ്ങാം എന്നാണ് ആശുപത്രിയില്‍ നിന്നുള്ള നിര്‍ദ്ദേശം. ഇതിനിടെ വാര്‍ഡ് കൗണ്‍സിലര്‍ വന്ന് പറഞ്ഞിട്ട് പോയത്, ”പതിനേഴാം ദിവസം കഴിഞ്ഞാലും ടെസ്റ്റ് ചെയ്താല്‍ വൈറസ് ശരീരത്തിലുണ്ടാവും. മൂന്ന് മാസം വരെ അതങ്ങനെ തന്നെ തുടരും. അതു കൊണ്ട് ടെസ്റ്റ് ചെയ്യണ്ട.” എന്നാണ്.

ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? സിസ്റ്റം ആക്ടീവാക്കുക എന്നതാണ് ഒരേയൊരു പോംവഴി. അനുഭവസമ്പത്ത് അതിന് പ്രധാനമാണ്. ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ തന്നെ പകുതി പണി കുറയും. രണ്ടാമത്തെ നിപ വരവിനെ അവര്‍ ഹാന്‍ഡില്‍ ചെയ്ത രീതി ഓര്‍ക്കുക. ആ എക്‌സ്പീരിയന്‍സാണ് നമുക്ക് വേണ്ടതെന്നും വി.സി അഭിലാഷ് ഫേസ്ബുക്കിലെഴുതി.

എന്നും ശൈലജ ടീച്ചര്‍ ഉണ്ടാവുമോ എന്ന ചോദ്യം പ്രസക്തമാണെന്നും ‘ഊര്‍ദ്ധശ്വാസം വലിയ്ക്കുമ്പോളല്ലല്ലൊ ഓക്‌സിജന്‍ സിലിണ്ടര്‍ തേടിപ്പോവേണ്ടത്’ എന്നതാണ് അതിനുള്ള മറുപടിയെന്നും അഭിലാഷ് പറഞ്ഞു.

വി.സി അഭിലാഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ സര്‍ക്കാര്‍ ഉടന്‍ ചെയ്യേണ്ടത് എത്രയും വേഗം ശൈലജ ടീച്ചറെ ആരോഗ്യ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരിക എന്നതാണ്. ഇക്കാര്യത്തില്‍ ജാള്യതയുടെ പ്രശ്‌നമുദിക്കുന്നില്ല.

വീണാ ജോര്‍ജിന്റെ ന്യൂനത അവരുടെ കഴിവില്ലായ്മയുമല്ല. വൈറസ് എന്ന വസ്തുതയെ നേരിടുന്നതിന് ഇനിയുള്ള കാലത്ത് എക്‌സ്പീരിയന്‍സ് പ്രധാനമാണ്. ശൈലജ ടീച്ചര്‍ 2016 മുതല്‍ നേടിയെടുത്ത അക്കാര്യത്തിലുള്ള അവബോധം പ്രധാനമാണ്. ആ അനുഭവ പരിചയം വീണാ ജോര്‍ജിനില്ല.

ശൈലജ ടീച്ചറും കഴിഞ്ഞ സര്‍ക്കാരും കെട്ടിപ്പടുത്ത സിസ്റ്റമാറ്റിക് മെഡിക്കല്‍ സംവിധാനം ഇപ്പോള്‍ തകര്‍ന്ന് പോയിരിക്കുന്നു. ഇത് നിലവിലുള്ള മന്ത്രിയുടേയോ ഒരു പരിധി വരെ ആരോഗ്യ പ്രവര്‍ത്തകരുടേയോ വീഴ്ച്ചയുമല്ല. എന്നാല്‍ സിസ്റ്റത്തിന്റെ ഘടനാപരമായ നിയന്ത്രണം നഷ്ടപ്പെടാതെ മുന്നോട്ട് പോകുന്നതിന് അനുഭവപരിചയം നിശ്ചയമായും വേണം.

ലളിതമായൊരു ഉദാഹരണം വേണമെങ്കില്‍ ദിശയിലേക്ക് വിളിച്ചാല്‍ മതി. സിസ്റ്റമാറ്റിക്കായ മറുപടിയല്ല അവിടെ നിന്ന് കിട്ടുന്നത്. ഒരാള്‍ പറയുന്നതല്ല മറ്റൊരാള്‍ പറയുന്നത്. അതുപോലെ വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നതല്ല ആശാ വര്‍ക്കര്‍ പറയുന്നത്. ആശാ വര്‍ക്കര്‍ പറയുന്നതല്ല ആശുപത്രിക്കാര്‍ പറയുന്നത്. ഇങ്ങനെയായിരുന്നില്ല ശൈലജ ടീച്ചറിന്റെ കാലത്ത്. മറുപടികള്‍ ഏകീകൃതമായിരുന്നു, സുതാര്യവുമായിരുന്നു.

എനിക്ക് പരിചയമുള്ള ഒരു രോഗി പന്ത്രണ്ട് ദിവസങ്ങളായി കര്‍ശന റൂം ക്വാറന്റീനിലാണ്. പോസിറ്റീവായി എന്ന് അറിഞ്ഞതുമുതലുള്ള പതിനേഴാം ദിവസം പുറത്തിറങ്ങാം എന്നാണ് ആശുപത്രിയില്‍ നിന്നുള്ള നിര്‍ദ്ദേശം. ഇതിനിടെ വാര്‍ഡ് കൗണ്‍സിലര്‍ വന്ന് പറഞ്ഞിട്ട് പോയത്, ”പതിനേഴാം ദിവസം കഴിഞ്ഞാലും ടെസ്റ്റ് ചെയ്താല്‍ വൈറസ് ശരീരത്തിലുണ്ടാവും. മൂന്ന് മാസം വരെ അതങ്ങനെ തന്നെ തുടരും. അതു കൊണ്ട് ടെസ്റ്റ് ചെയ്യണ്ട.” എന്നാണ്.

ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത്? സിസ്റ്റം ആക്ടീവാക്കുക എന്നതാണ് ഒരേയൊരു പോംവഴി. അനുഭവസമ്പത്ത് അതിന് പ്രധാനമാണ്. ശൈലജ ടീച്ചര്‍ മടങ്ങി വന്നാല്‍ തന്നെ പകുതി പണി കുറയും. രണ്ടാമത്തെ നിപ വരവിനെ അവര്‍ ഹാന്‍ഡില്‍ ചെയ്ത രീതി ഓര്‍ക്കുക. ആ എക്‌സ്പീരിയന്‍സാണ് നമുക്ക് വേണ്ടത്.

എന്നും ശൈലജ ടീച്ചര്‍ ഉണ്ടാവുമോ എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള മറുപടി; ‘ഊര്‍ദ്ധശ്വാസം വലിയ്ക്കുമ്പോളല്ലല്ലൊ ഓക്‌സിജന്‍ സിലിണ്ടര്‍ തേടിപ്പോവേണ്ടത്’ എന്നാണ്.

അനുബന്ധം: ഇതൊരു സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റല്ല. നിക്ഷ്പക്ഷമായി ചിന്തിക്കുമ്പോള്‍ പിടികിട്ടുന്ന കാര്യങ്ങളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director VC Abhilash About KK Shylaja Teacher