| Wednesday, 17th February 2021, 2:57 pm

രാഷ്ടീയ താല്‍പര്യമുണ്ട് എന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല, ചെയര്‍മാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമായാലേ ഇടംകിട്ടൂ; സലീം കുമാറിനോട് വി.സി അഭിലാഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഐ.എഫ്.എഫ്.കെ ഉദ്ഘാടനത്തിന് നടന്‍ സലിം കുമാറിനെ ക്ഷണിക്കാതിരുന്നതും തുടര്‍ സംഭവങ്ങളും വലിയ വിവാദമായിരുന്നു. താന്‍ ഒരു കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്നും ചലച്ചിത്ര അക്കാദമിയ്ക്ക് രാഷ്ടീയ താല്‍പര്യമുണ്ടെന്നും സലിം കുമാര്‍ പ്രതികരിച്ചിരുന്നു.

സലിം കുമാറിന്റെ ഈ പ്രസ്താവനയില്‍ പ്രതികരണവുമായി രംഗത്തെത്തുകയാണ് എഴുത്തുകാരനും ദേശീയ അവാര്‍ഡ് നേടിയ സംവിധായകനുമായ വി.സി അഭിലാഷ്.

ഈ അക്കാദമിയ്ക്ക് രാഷ്ടീയ താല്‍പര്യമുണ്ട് എന്ന പറഞ്ഞാല്‍ താന്‍ സമ്മതിക്കില്ലെന്നും കടുത്ത ഇടതുപക്ഷ വിശ്വാസിയായ തന്റെ സിനിമ (ആളൊരുക്കം) അവര്‍ ‘ നിഷ്‌ക്കരുണം’ തളളിയിട്ടുണ്ടെന്നും ചെയര്‍മാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമായാല്‍ മാത്രമേ അവര്‍ക്കിടയില്‍ ഇടംപിടിക്കാന്‍ കഴിയുള്ളൂവെന്നാണ് വി.സി അഭിലാഷ് പറഞ്ഞത്.

വി.സി അഭിലാഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

സലീമേട്ടനോടാണ്. ഈ അക്കാദമിയ്ക്ക് രാഷ്ടീയ താല്‍പര്യമുണ്ട് എന്ന പറഞ്ഞാ ഞാന്‍ സമ്മതിക്കൂല. ഞാന്‍ തിരുത്തും. കടുത്ത ഇടതുപക്ഷ വിശ്വാസിയായ എന്റെ സിനിമ (ആളൊരുക്കം) അവര്‍ ‘ നിഷ്‌ക്കരുണം’ തളളിയിട്ടുണ്ട്.

അന്ന് എന്റെ അന്ത:കരണം എന്നോട് മന്ത്രിച്ചു, ”മോനേ.. നീ വെറും ഇടതുപക്ഷമായാല്‍പ്പോരാ.. ചെയര്‍മാന്റെ ഇഷ്ടക്കാരനായ ഇടതുപക്ഷമാവണം. ദദ്ദായത് ഒന്നുകില്‍ നീ ചെയര്‍മാന്റെ ശിഷ്യനാവണം. അല്ലെങ്കില്‍ കുറഞ്ഞപക്ഷം ചെയര്‍മാന്റെ ജീവചരിത്ര പുസ്തകമെങ്കിലും എഴുതി അദ്ദേഹത്തിന്റെ ആത്മാവിന്‍ പുസ്തകത്താളില്‍ ഇടം പിടിക്കണം.

എന്നിട്ട് നീ സിനിമയുമായി ചെല്ല്. നിന്റെ സിനിമ ചെയര്‍മാനും അങ്ങനെ അക്കാദമിയുടെ ഏത് ജ്യൂറിക്കും പ്രിയപ്പെട്ടതാവും.’ ദദ്ദാണ് ദദ്ദിന്റെ ഒരു ദിത്.

എന്ന് മറ്റൊരു പാവം നാഷണല്‍ അവാര്‍ഡ് ജേതാവ്- വി.സി.അഭിലാഷ്.

കൊവിഡ് പശ്ചാത്തലത്തില്‍ 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേള കൊച്ചിയിലെത്തുന്നത്. കൊച്ചി മേഖല ഉദ്ഘാടനം ഇന്ന് നടക്കാനിരിക്കെ ആദ്യം ചര്‍ച്ചയായത് മേളയിലെ സലിം കുമാറിന്റെ അസാന്നിദ്ധ്യമായിരുന്നു. 25ാമത് മേളയുടെ പ്രതീകമായി സംവിധായകന്‍ കെ.ജി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ 25 ചലച്ചിത്ര പ്രവര്‍ത്തകര്‍ തിരി തെളിയിച്ചാണ് ഉദ്ഘാടനം നടക്കുക.

എന്നാല്‍ ഇതില്‍ എറണാകുളം പറവൂര്‍ സ്വദേശിയും, ദേശീയ പുരസ്‌കാര ജേതാവുമായ സലിംകുമാറിന്റെ പേരുണ്ടായിരുന്നില്ല. തന്റെ പ്രായവും രാഷ്ട്രീയവുമാണ് തന്നെ ഒഴിവാക്കിയതിന് കാരണമെന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം.

സംഭവം വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയതെന്നും ചലച്ചിത്ര അക്കാദമിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു കമലിന്റെ വിശദീകരണം.

ഇതിന് പിന്നാലെ ഐ.എഫ്.എഫ്.കെ കൊച്ചി ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സലിം കുമാര്‍ വ്യക്തമാക്കിയിരുന്നു. കോടതി പിരിഞ്ഞിട്ട് വിധി പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം. തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ ചിലരുടെ താത്പര്യം സംരക്ഷിക്കപ്പെട്ടു. കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും സലിം കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Director VC Abhilash About IFFK Controversy

We use cookies to give you the best possible experience. Learn more