പുലിമുരുകൻ ഇന്നാണെങ്കിൽ വേറേ രീതിയിലാണ് എടുക്കുക, അന്ന് കാണുമ്പോൾ അതിനൊരു മാജിക്കുണ്ട്: വൈശാഖ്
Entertainment
പുലിമുരുകൻ ഇന്നാണെങ്കിൽ വേറേ രീതിയിലാണ് എടുക്കുക, അന്ന് കാണുമ്പോൾ അതിനൊരു മാജിക്കുണ്ട്: വൈശാഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 6th June 2024, 10:21 am

പോക്കിരിരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറിയ സംവിധായകനാണ് വൈശാഖ്. പോക്കിരിരാജ, സീനിയേർസ്, പുലിമുരുകൻ, മധുര രാജ തുടങ്ങിയ സിനിമകളിലൂടെ കോമേഴ്‌ഷ്യൽ ചിത്രങ്ങളുടെ സംവിധായകനായി കയ്യടി നേടാൻ വൈശാഖിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലിറങ്ങി തിയേറ്ററിൽ മുന്നേറുന്ന ടർബോ എന്ന മമ്മൂട്ടി ചിത്രവും അത് ആവർത്തിക്കുകയാണ്.

മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രമായ പുലിമുരുകന്റെ സംവിധായകനാണ് വൈശാഖ്. ചരിത്ര വിജയമായ ചിത്രത്തിന് ഒരു രണ്ടാംഭാഗം ഒരുക്കുന്നതിനെ പറ്റിയെല്ലാം പിന്നീട് വൈശാഖ് ആലോചിച്ചിരുന്നു.

എന്നാൽ പുലിമുരുകൻ ഇന്നാണ് ചെയ്യുന്നതെങ്കിൽ മറ്റൊരു തരത്തിലാവും ഒരുക്കുകയെന്ന് വൈശാഖ് പറയുന്നു. പുലിമുരുകൻ മാത്രമല്ല പോക്കിരിരാജയാണെങ്കിലും ഇപ്പോൾ താൻ മറ്റൊരു താരത്തിലാവും സമീപിക്കുകയെന്ന് വൈശാഖ് പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു വൈശാഖ്.

‘പുലിമുരുകൻ ഇന്നാണ് ചെയ്യുന്നതെങ്കിൽ മറ്റൊരു തരത്തിലാവും ചെയ്യുക. വേറൊരു രീതിയിലാവും ആ സിനിമയെ സമീപിക്കുക. അതിപ്പോൾ പുലിമുരുകൻ മാത്രമല്ല, പോക്കിരിരാജ ചെയ്താലും അതെ. മറ്റൊരു തരത്തിലാവും അത് എടുക്കുക.

മാസ് സിനിമകളെല്ലാം ആ കാലഘട്ടത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ്. നിങ്ങൾ ഒരു കാരണവശാലും ഇപ്പോൾ പോക്കിരിരാജയെടുത്ത് വിശകലനം ചെയ്യരുത്. കാരണം അത് വർക്കാവില്ല. അത് ആ ടൈമിൽ കാണുമ്പോൾ ഒരു മാജിക്കുണ്ട്. അത് അന്ന് മാത്രമേ വർക്ക്‌ ആവുകയുള്ളൂ. പിന്നെ എങ്ങനെയാണ് അത് ഇന്ന് വർക്ക്‌ ആവുക. അതാണല്ലോ അത്തരം സിനിമകളുടെ പ്രത്യേകത,’വൈശാഖ് പറയുന്നു.

Content Highlight: Director Vaishakh Talk About Pulimurukan Movie