|

മോൺസ്റ്ററിന്റെ ക്ഷീണമൊക്കെ ലാലേട്ടനൊപ്പമുള്ള ആ ചിത്രത്തിൽ ഞാൻ തീർക്കും, അത് വൻ പരിപാടിയാണ്: വൈശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന്റെ സംവിധായകനാണ് വൈശാഖ്. എന്നാൽ പുലിമുരുകന് ശേഷം മോഹൻലാൽ – വൈശാഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായ മോൺസ്റ്റർ ആയിരുന്നു മലയാളികൾ കണ്ടത്.

എന്നാൽ മോൺസ്റ്റർ ഒ.ടി.ടിക്ക് വേണ്ടി ചെയ്ത സിനിമയായിരുന്നുവെന്നും അത്തരത്തിൽ ഒരു ചെറിയ സിനിമയായാണ് അത് ഒരുക്കിയതെന്നും വൈശാഖ് പറയുന്നു. എന്നാൽ മോൺസ്റ്ററിന്റെ പരാജയത്തിന്റെ ക്ഷീണം തന്റെ അടുത്ത മോഹൻലാൽ ചിത്രത്തിലൂടെ താൻ മറ്റുമെന്നും അതൊരു വൻ പരിപാടിയാണെന്നും വൈശാഖ് കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് തന്നെ അറിയാമല്ലോ ഞാൻ അത് ഏത് സാഹചര്യത്തിൽ എടുത്തതാണെന്ന്. ഞാൻ ലാലേട്ടന് വേണ്ടി ശരിക്കും ചെയ്യാൻ ഇരുന്നത് ഒരു വൻ സിനിമയാണ്. അത് തീർച്ചയായും ചെയ്യും.

അതൊരു വൻ പരിപാടിയായി തന്നെ ചെയ്യും. അത് അവർ തന്നെ നിർമിക്കുന്ന സിനിമയാണ്. എല്ലാവരും ഓരോ തിരക്കിൽ ആണല്ലോ. എല്ലാവരും ഒന്നിച്ചു വരുന്ന സമയത്ത് ആ സിനിമ തീർച്ചയായും ചെയ്യും. അതിന്റെ ക്ഷീണമൊക്കെ ഞാൻ അന്നേരം മാറ്റിക്കോളാം. ഉറപ്പായിട്ടും അത് വമ്പൻ സിനിമയായിരിക്കും.

മോൺസ്റ്റർ തിയേറ്ററിലേക്ക് കൊടുക്കേണ്ടി വരുമെന്നറിഞ്ഞപ്പോൾ ടെൻഷനായി പോയി. കാരണം ഒരു ചെറിയ പരിപാടിക്ക് വേണ്ടി ചെയ്ത സിനിമ ഒരു വലിയ പരിപാടിക്ക് വെച്ചാൽ കാര്യമില്ലല്ലോ. അതിന് കേട്ട പഴിയെല്ലാം കേൾക്കാൻ ഞാൻ അർഹനാണ്.

കാണാൻ വരുന്ന ആളുകൾക്ക് ഇത് ഒ.ടി.ടിക്ക് ചെയ്തതാണോ തിയേറ്ററിന് വേണ്ടി ഇറക്കിയതാണോയെന്ന് അറിയേണ്ട ആവശ്യമില്ലല്ലോ. അതിനെ ആ സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുത്തു. അത്രേയുള്ളൂ,’വൈശാഖ് പറയുന്നു.

Content  Highlight: Director  Vaishakh Talk About Next Movie With Mohanlal

Latest Stories