| Saturday, 5th March 2022, 9:47 pm

ഉദയ് കൃഷ്ണയുടെ കരിയറിലെ ഡിഫറന്റ് തിരക്കഥയാണ്; ഇതുവരെ മലയാളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത വിഷയമാണ് മോണ്‍സ്റ്ററില്‍: സംവിധായകന്‍ വൈശാഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന സിക്ക് കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ മോണ്‍സ്റ്ററിനായി കാത്തികരിക്കുന്നത്.

മോണ്‍സ്റ്ററിനെ കുറിച്ച് പല അഭ്യൂഹങ്ങളും ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു ഇപ്പോഴിതാ ഒരു ത്രില്ലര്‍ സിനിമയായിരിക്കും മോണ്‍സ്റ്ററെന്ന് പറയുകയാണ് സംവിധായകന്‍ വൈശാഖ്.

ഉദയ് കൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ കരിയറിലെ വളരെ വ്യത്യസ്തമായിട്ടുള്ള ചിത്രമായിരിക്കുമിതെന്നും വൈശാഖ് പറയുന്നു.

‘സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു. ഇപ്പോള്‍ സൗണ്ട് പ്രൊഡക്ഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതൊരു മാസ് എന്റര്‍ടെയിനറല്ല. മോണ്‍സ്റ്ററൊരു ത്രില്ലര്‍ പടമാണ്. ഡിഫറന്റ് ആയിട്ടുള്ളൊരു സ്‌ക്രീന്‍പ്ലേ ആണതിന്റെ സ്‌ട്രെങ്ങ്ത്ത്.

ഒരു പക്ഷേ ഉദയ് കൃഷ്ണ എന്ന റൈറ്ററുടെ കരിയറിലെ മികച്ച ചിത്രവും അല്ലെങ്കില്‍ ഏറ്റവും ഡിഫറെന്റ് ആയിട്ടുള്ള ചിത്രവും ആയിരിക്കും. മലയാളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരുപാട് വിഷയങ്ങള്‍ ഒക്കെ വന്നു പോകുന്നുണ്ട്. ഡിഫറെന്റ് ആയിട്ടുള്ള ത്രില്ലര്‍ മൂവി ആണ് മോണ്‍സ്റ്റര്‍,’ അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ ചര്‍ച്ചയായിരുന്നു. സിഖ് മത വിശ്വാസിയെപ്പോലെ ദസ്തര്‍ ധരിച്ചാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്.

ഒ.ടി.ടിയിലായിരിക്കും മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുകയെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായഗ്രഹണം. സംഗീതം ദീപക് ദേവും എഡിറ്റിംഗ് ഷമീര്‍ മുഹമ്മദുമാണ്. മോണ്‍സ്റ്റര്‍ ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വയാണ്. ഷാജി നടുവിലാണ് ആര്‍ട്ട്.


Content Highlights: Director Vaisakh saying about Monster

We use cookies to give you the best possible experience. Learn more