മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി.എം. വിനു. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.
പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നെന്നും വി.എം. വിനു വിമര്‍ശിച്ചു.
”മാമുക്കോയക്ക് അര്‍ഹിക്കുന്ന ആദരവ് കൊടുത്തോ എന്ന ചോദ്യമാണ് ഇവിടെ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്നത്. സത്യമാണ്, ആ ആദരവ് മലയാള സിനിമയിലെ പലരും മാമൂക്കോയക്ക് നല്‍കിയിട്ടില്ല.
ഇന്നയാള്‍ വരുമോ, ഈ നടന്‍ വരുമോ എന്നൊക്കെ പലരും എന്നോട് ചോദിച്ചു. ആ നടനെ കാണാനുള്ള ആഗ്രഹം കൊണ്ടായിരിക്കും അവര്‍ അങ്ങനെ ചോദിക്കുന്നത്. അല്ലെങ്കില്‍ ഇവിടെ മാമൂക്കോയയുടെ മൃതശരീരം കാണാന്‍ വരേണ്ടവരല്ലേ എന്നുള്ള ചിന്തയായിരിക്കാം. വളരെ അര്‍ത്ഥവത്തായുള്ള ചോദ്യമായിരുന്നു.
വരേണ്ടതാണ്, വരും എന്നൊക്കെയാണ് ഞാന്‍ അവരോട് പറഞ്ഞത്. ഞാനും മനസില്‍ വിചാരിച്ചു അവര്‍ വരുമെന്ന്. താരസംഘടനകളിലുള്ളവര്‍ മാത്രമല്ല, സിനിമ സംഘടനാതലത്തിലെ പല പ്രമുഖരും വരേണ്ടതായിരുന്നു. സംവിധായകരുള്‍പ്പെടെയുള്ളവരില്‍ സത്യന്‍ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും ഇങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
അത് വളരെ നീചമായ പ്രവര്‍ത്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്ന് ഖബറടക്കുന്നവരെ ഞങ്ങള്‍ കൂടെയുണ്ട്. പക്ഷെ ജോജു ഉള്‍പ്പെടെ ഒന്നു രണ്ടുപേര്‍ അദ്ദേഹത്തെ ദര്‍ശിച്ച് പോയി.
പേരെടുത്ത് പറയുന്നില്ല, ഇവരാരും വന്നില്ലെന്ന് പറയുമ്പോള്‍ എന്തുകൊണ്ടാണ് ഇവരാരും വരാത്തതെന്ന് എന്നോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, മമ്മുക്കോയ ചെയ്യേണ്ട ഒരു കാര്യം എറണാകുളത്ത് പോയി മരിക്കേണ്ടിയിരുന്നു. ഒരു ടാക്‌സി വിളിക്കുക എന്നിട്ട് എറണാകുളത്ത് പോവുക. എന്നിട്ട് അവിടെ കിടന്ന് മരിക്കുക. അപ്പോള്‍ എല്ലാവര്‍ക്കും വരാന്‍ സൗകര്യമാണ്.
എല്ലാ നടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വന്ന് അദ്ദേഹത്തെക്കുറിച്ച് പൊക്കി പറയാന്‍ കഴിയുമായിരുന്നു. ഇത് ദൂരമല്ലേ അവര്‍ക്ക് സഞ്ചരിക്കാന്‍ പറ്റില്ലാലോ.
അനവധി പടങ്ങളിലൂടെ ഇവരുടെ കൂടെയൊക്കെ വര്‍ക്ക് ചെയ്ത വ്യക്തിയല്ലേ, ആ പടങ്ങളൊക്കെ വിജയിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമല്ലേയെന്ന് അഭിനേതാക്കളും സംഘടനയുടെ തലപ്പത്തിരിക്കുന്നവരും ചിന്തിക്കേണ്ടതായിരുന്നു.
മിഴിയടഞ്ഞു പോയ അദ്ദേഹത്തെ കാണാന്‍ ഹൃദയം നിറയെ സങ്കടങ്ങള്‍ അടക്കിപിടിച്ച് കോഴിക്കോടെ സാധാരണക്കാരായവരുടെ ജനപ്രവാഹമായിരുന്നു. അതാണ് യഥാര്‍ത്ഥത്തിലുള്ള ദു:ഖം അതാണ് യഥാര്‍ത്ഥത്തിലുള്ള വേദനയും ആരാധനയും എന്ന് പറയുന്നതെന്ന് എനിക്ക് തോന്നി,” വി.എം. വിനു പറഞ്ഞു.
content highlight: Director V.M. vinu said that Mamukoya was not given due respect in Malayalam cinema