| Thursday, 22nd December 2022, 9:30 am

ഐ.എഫ്.എഫ്.കെയെ വിമര്‍ശിക്കുകയല്ല വേണ്ടത്, സിനിമ തിയേറ്ററില്‍ വരുമ്പോള്‍ പണം മുടക്കി കാണണം: സംവിധായകന്‍ വി.കെ. പ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്രമേളകളെ വിമര്‍ശിക്കുകയല്ല വേണ്ടതെന്നും, മേളയില്‍ പ്രതിഷേധിക്കുന്നവര്‍ സിനിമ തീയേറ്ററില്‍ വരുമ്പോള്‍ പണം മുടക്കി കാണണമെന്നും സംവിധായകന്‍ വി.കെ. പ്രകാശ്. മേളയെ വിമര്‍ശിക്കുന്ന സമയത്ത് ആ സിനിമകളെല്ലാം കാണുകയും പഠിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് വി.കെ. പ്രകാശ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞങ്ങളൊക്കെ സിനിമയിലേക്ക് വന്നത് ഫിലിം സൊസൈറ്റി മൂവ്‌മെന്റിലൂടെയാണ്. ഞങ്ങളുടെ ചെറുപ്പകാലത്ത് ഒരു സിനിമ കാണണമെങ്കില്‍ ഫിലിം സൊസൈറ്റി മൂവ്‌മെന്റില്‍ പങ്കെടുക്കണമായിരുന്നു. എന്നാലിന്ന് പടിമുറ്റത്ത് ഇത്രയും വലിയ മേള സംഘടിപ്പിക്കുകയാണ്. ലോകത്തിലെ തന്നെ ക്ലാസിക് സിനിമകള്‍ കാണാന്‍ അവസരമുണ്ടാക്കി തരുന്നു. ഇതിനെയൊക്കെ വിമര്‍ശിക്കുന്ന സമയത്ത് ഈ സിനിമകളെല്ലാം കാണുകയും പഠിക്കുകയുമാണ് ചെയ്യേണ്ടത്.  ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ചെലവാക്കുന്ന സമയം ക്രിയേറ്റീവാകാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

എല്ലാ സിനിമകള്‍ക്കും രണ്ടോ മൂന്നോ സ്‌ക്രീനിങ് പ്ലാന്‍ ചെയ്യുമ്പോള്‍, ഏതെങ്കിലും ഒരു സിനിമയുടെ സ്‌ക്രീനിങ് കൂട്ടണമെന്ന് പറയുന്നത് മറ്റ് സിനിമകളോട് കാണിക്കുന്ന വിവേചനമാണ്. അങ്ങനെ സിനിമയെ സ്‌നേഹിക്കുന്നവരാണെങ്കില്‍ തീയേറ്ററില്‍ വരുമ്പോള്‍ പണം മുടക്കി പോയി കാണുകയാണ് വേണ്ടത്. ഒരു മേളയുണ്ടാക്കാനും അത് നടത്താനും ഒരുപാട് പ്രയാസങ്ങളുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്. നമുക്ക് കിട്ടുന്ന മഹാഭാഗ്യമാണ് ചലച്ചിത്രമേള. ചലച്ചിത്രമേള നമുക്ക് ഒരുപാട് സിനിമകള്‍ കാണാനുള്ള അവസരമാണ് ഉണ്ടാക്കി തരുന്നത്. ബീന പോള്‍ അടക്കമുള്ളവര്‍ നല്ല സിനിമയുടെ ക്രോസ് സെക്ഷന്‍ കാണിച്ചു തരുന്നില്ലേ.

ഇന്റര്‍നാഷണല്‍ സിനിമ തിരഞ്ഞെടുക്കുന്ന ജൂറിയില്‍ ഞാനും ചെയര്‍മാനായിരുന്നു. എഴുപത് സിനിമകളില്‍ നിന്നാണ് പത്തോ പതിനഞ്ചോ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. അതിന് വേണ്ടി ചലച്ചിത്ര അക്കാദമി ചെലവാക്കുന്ന സമയവും കോര്‍ഡിനേറ്റ് ചെയ്യുന്നതുമൊന്നും ചെറിയ കാര്യമല്ല,’ വി.കെ. പ്രകാശ് പറഞ്ഞു.

ഐ.എഫ്.എഫ്.കെയില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ഡെലിഗേറ്റ്‌സിന് സിനിമ കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അതിനെ തുടര്‍ന്ന് ഡെലിഗേറ്റ്‌സിന്റെ നേതൃത്വത്തില്‍ സമരം നടത്തുകയും ചെയ്തു. മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ വന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രദര്‍ശന സമയത്തായിരുന്നു മേളയില്‍ പ്രശ്‌നങ്ങളുണ്ടായത്.

content highlight: director v k prakash says his opinion about IFFK controversy

We use cookies to give you the best possible experience. Learn more