| Sunday, 28th May 2023, 7:51 pm

സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലെന്ന് പറയാം, അപമാനിക്കരുത് ; വി.കെ.പ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വി.കെ.പ്രകാശിന്റെ സംവിധാനത്തില്‍ മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ പ്രകാശ് വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇറങ്ങിയ സിനിമയാണ് ലൈവ്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണുള്ളത്.

സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലെന്ന് പറയാവുന്നതാണെന്നും പക്ഷേ അത് സംസ്‌കാരശൂന്യമായിട്ട് പറയാന്‍ പാടില്ലെന്നും വി.കെ.പ്രകാശ്. ‘സംസ്‌കാരശൂന്യരായ സൈബര്‍ വിഡ്ഢികള്‍’ എന്നാണ് വി.കെ.പ്രകാശ് അവരെ സംബോധന ചെയ്തത്. മൂവി വേള്‍ഡ് മീഡിയയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ നമുക്ക് ഒരു പടം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലയെന്ന് പറയാവുന്നതാണ്. പക്ഷേ അത് സംസ്‌കാരശൂന്യമായിട്ട് പറയാന്‍ പാടില്ല. ഒരാളെ അപമാനിക്കുന്ന രീതിയില്‍ പറയാന്‍ പാടില്ല. അത് ശരിക്കും ഒരു ക്രൈം ആണ്. ലൈവ് എന്ന സിനിമയുടെ സബ്ജക്ടും ഇതു തന്നെയാണ്. ഒരു ഫേക്ക് ന്യൂസ് എടുത്തിട്ട് എങ്ങനെയാണ് ആളുകള്‍ വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കുന്നതെന്ന് സിനിമയില്‍ കാണാവുന്നതാണ്.

സ്വാഭാവികമായും ഇവര്‍ക്ക് ദേഷ്യം വരുന്നുണ്ടാകാം. അവര്‍ക്കെതിരെ സിനിമ ചെയ്തതുകൊണ്ട് അവര്‍ക്കിഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ഞാന്‍ കുറേ റിവ്യൂകള്‍ വായിച്ചിരുന്നു. വായിക്കുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാവും ഇവരൊന്നും സിനിമ ആഴത്തില്‍ മനസ്സിലാക്കിയിട്ടില്ലെന്ന്. ഏത് സിനിമയായാലും ആരുടെ സിനിമയായാലും ഇത്ര മോശമായ രീതിയില്‍ ഒരിക്കലും റിവ്യു ചെയ്യരുത്,’ വി.കെ.പ്രകാശ് പറഞ്ഞു.

ബി.ഉണ്ണികൃഷ്ണനൊക്കെ ഇത്തരത്തിലുള്ള സിനിമ റിവ്യുകള്‍ക്കെതിരെ റിയാക്ട് ചെയ്തതാണെന്നും ഇതൊന്നും അധികകാലം വെച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിയേറ്റീവായ വിമര്‍ശനങ്ങള്‍ നല്ലതാണെന്നും ടി.ആര്‍.പി. റേറ്റിങ് കൂട്ടാന്‍ വേണ്ടി എന്തും ചെയ്യുന്നത് ശരിയല്ലെന്നും വി.കെ.പ്രകാശ് കൂട്ടിച്ചേര്‍ത്തു.

‘ബി.ഉണ്ണികൃഷ്ണനൊക്കെ ഇതിനെതിരെ റിയാക്ട് ചെയ്തതാണ്. ഇതൊന്നും അധികകാലം വെച്ചുപൊറുപ്പിക്കാന്‍ പാടില്ല. അവര്‍ക്ക് മാന്യമായി റിവ്യു ചെയ്യാന്‍ എല്ലാവിധ അവകാശങ്ങളുമുണ്ട്. പക്ഷേ അവരുടെ ടി.ആര്‍.പി. റേറ്റിങ് കൂട്ടാന്‍ വേണ്ടി എന്തും ചെയ്യാമെന്ന രീതി ശരിയല്ല. ക്രിയേറ്റീവായ വിമര്‍ശനങ്ങള്‍ നല്ലതാണ്. പക്ഷേ എല്ലാത്തിനേയും വളരെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല.

സ്‌ക്രീനറില്‍ സിനിമ കണ്ടിട്ടാണ് പലരും റിവ്യു ചെയ്യുന്നത്. സ്‌ക്രീനറില്‍ കാണുമ്പോള്‍ സിനിമയുടെ സൗണ്ടും വിഷ്വലുമൊന്നും ഉദ്ദേശിച്ച രീതിയില്‍ വരണമെന്നില്ല. എന്നിട്ട് ഇവരൊക്കെ ടെക്‌നിക്കല്‍ ഇററുകളെപ്പറ്റി സംസാരിക്കുകയും ചെയ്യും. നമ്മള്‍ വളരെ കഷ്ടപ്പെട്ട് സിനിമ ചെയ്യുന്നത് തിയേറ്ററില്‍ വെച്ച് ആളുകള്‍ കാണാന്‍ വേണ്ടിയാണ്.

തെറി പറയുകയും വളരെ വൃത്തികെട്ട രീതിയില്‍ സംസാരിക്കുകയുമാണ് ഇപ്പോഴുള്ള റിവ്യുകളില്‍ ചെയ്യുന്നത്. സിനിമ മനസ്സിലാക്കാനോ ആഴത്തിലറിയാനോ കഴിവില്ലാത്തവരാണവര്‍. സൈബര്‍ വിഡ്ഢികളാണിവര്‍. സൈബര്‍ ഇടത്തെ മിസ് യൂസ് ചെയ്യുന്ന ആളുകളാണിവര്‍.

അവര്‍ വിമര്‍ശിക്കുന്ന കാര്യങ്ങളുമായി എന്റെടുത്ത് വന്നാല്‍ അതിനെപ്പറ്റി അവര്‍ക്ക് സംസാരിക്കാന്‍ പറ്റണം. എനിക്കവരോട് പറഞ്ഞ് പ്രൂവ് ചെയ്യാന്‍ സാധിക്കും അവര്‍ സിനിമയെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല,’ വി.കെ.പ്രകാശ് പറഞ്ഞു.


Content Highlights : Director V.K.Prakash about movie reviewers

We use cookies to give you the best possible experience. Learn more