തനിക്ക് ഗുരുനാഥന്റെ സ്ഥാനത്താണ് ഇന്നസെന്റെന്ന് സംവിധായകന്‍ വി.എ. ശ്രീകുമാര്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ കൈ പിടിക്കുന്ന വാക്കുകള്‍ അദ്ദേഹം പറയുമായിരുന്നുവെന്നും വ്യക്തിപരമായി തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്രീകുമാര്‍ പറഞ്ഞു.
‘ആദ്യം ഒരു പരസ്യ ചിത്രം ചിത്രീകരിക്കുന്നത് ഇന്നസെന്റിലൂടെയാണ്. എനിക്ക് ഗുരുസ്ഥാനത്താണ്. എന്തുകൊണ്ട് നീണ്ടകാലം അമ്മയുടെ പ്രസിഡന്റായി അദ്ദേഹം നയിച്ചു എന്നതിന്, അദ്ദേഹം നായകനായിരുന്നു എന്നതാണ് ഉത്തരം. തീരുമാനങ്ങള്‍ എടുക്കുന്നത് അത്രമേല്‍ ആഴത്തില്‍ നിന്നാണ് എന്നതാണ്.
ഇന്നസെന്റിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍, സീരിയസായ ആ വാക്കുകളാണ് കൂടുതലും ഓര്‍മയിലുള്ളത്. പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം ഉള്ളിലേക്ക് തന്ന വാചകങ്ങള്‍. കൈ പിടിക്കുന്നതായിരുന്നു അതെല്ലാം.
ഒടിയനില്‍ മാഷായി അദ്ദേഹം നല്‍കിയ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമായിരുന്നു. അദ്ദേഹം ഇല്ല എന്നത് വലിയ നഷ്ടമാണ് വ്യക്തിപരമായി. അദ്ദേഹം പറഞ്ഞത്, ഉള്ളില്‍ ഒരു ദീപമായി എന്നും ഉണ്ടാകും. പ്രണാമം സര്‍,’ ശ്രീകുമാര്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി പത്തരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. എന്ത് കാര്യത്തിനും കൂടെ നിന്ന നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ലെന്നും പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്നുമാണ് മോഹന്‍ലാല്‍ കുറിച്ചത്.
അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണെന്നും ഗീത് ഹോട്ടലിനു വെളിയില്‍, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓര്‍ക്കുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിനീത് പറഞ്ഞു.
Content Highlight: director v a sreekumar about innocent