| Friday, 4th March 2022, 9:27 pm

കോട്ടയം കുഞ്ഞച്ചനിലെ ആ സീന്‍ മമ്മൂക്ക കാണാപാഠം പഠിച്ച് പറഞ്ഞതാണ്, അത് ഓവറക്കാതെ ചെയ്തു: സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് കോട്ടയം കുഞ്ഞച്ചന്‍. നല്ല ഒന്നാന്തരമൊരു അച്ചായനായി മമ്മൂട്ടി സിനിമയിലുടനീളം ജീവിക്കുകയായിരുന്നു. ഇടിക്കിടിയും പഞ്ച് ഡയലോഗിന് അതും പ്രേമത്തിന് പ്രേമവും എല്ലാം കൊണ്ടും ഒരു അടിപൊളി പടം തന്നെയായിരുന്നു കോട്ടയം കുഞ്ഞച്ചന്‍.

അന്നുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോഡുകളേയും തിരുത്തികുറിച്ച ചിത്രം കൂടിയായിരുന്നു അത്. അച്ചായന്‍ എന്ന് പറയുമ്പോള്‍ തന്നെ മമ്മൂട്ടിയെ ഓര്‍ക്കാന്‍ തക്കവണ്ണം അത്രക്ക് ആഴത്തിലാണ് മമ്മൂട്ടി പ്രേക്ഷക ഹൃദയങ്ങളിലേക്ക് സിനിമയിലൂടെ ചെന്നെത്തിയത്.

ഇപ്പോഴിതാ കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി ഒറ്റ ടേക്ക് കൊണ്ട് അവിസ്മരണീയമാക്കിയ സീനിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു.

വെള്ളമടിച്ചുള്ള സീന്‍ എന്നാണ് എടുക്കുന്നതെന്ന് മമ്മൂട്ടി സെറ്റില്‍ എന്നും ചോദിക്കാറുണ്ടായിരുന്നെന്ന് പറയുകയാണ് സുരേഷ് ബാബു.

‘കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി വെള്ളമടിച്ച് വന്ന് കെ.പി.എ.സി ലളിതയേയും ഇന്നസെന്റിനേയും എല്ലാം ചീത്ത പറയുന്ന ഒരു സീനുണ്ട്. പന്ത്രണ്ട് പേജോളം ഡയലോഗുള്ള സീനായിരുന്നു അത്. ആ സീനില്‍ മമ്മൂട്ടിക്ക് മാത്രമേ ഡയലോഗുള്ളൂ. പിന്നെ കുറച്ച് ബഹളമാണ്. രണ്ട് ഡയലോഗ് ബൈജു അവതരിപ്പിക്കുന്ന കഥാപാത്രത്തിനുമുണ്ട്. ഷൂട്ടിങ് തുടങ്ങിയ ശേഷം ഇടയ്ക്കിടെ വന്ന് മമ്മൂക്ക ചോദിക്കും വെള്ളമടിച്ചുള്ള ആ സീന്‍ എന്നാണ് എടുക്കുന്നതെന്ന്.

പക്ഷെ അപ്പോള്‍ ആ സീന്‍ ചിത്രീകരിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാല്‍ ഞാന്‍ മമ്മൂക്ക ചോദിക്കുമ്പോള്‍ പറയും രണ്ട് ദിവസം കഴിയും എന്ന്. എന്നാലും ആകാംക്ഷ കാരണം മമ്മൂക്ക ആ സീന്‍ എടുക്കുന്നവരെ ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരിക്കുമായിരുന്നു. ഈ സീനിനെ കുറിച്ച് മാത്രമേ മമ്മൂക്ക അങ്ങനെ ചോദിച്ചിട്ടുമുള്ളൂ. ഞാനും അന്ന് ചിന്തിച്ചു, മമ്മൂക്കയെന്താ അങ്ങനെ ചോദിക്കുന്നതെന്ന്,’ അദ്ദേഹം പറയുന്നു.

വലിയ ഡയലോഗ് മുഴുവന്‍ മമ്മൂക്ക കാണാപാഠമാക്കിയിരുന്നെന്നും ഒരു കള്ളുക്കുടിയനെ ഓവറാക്കാതെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചെന്നും സുരേഷ് പറഞ്ഞു.

‘ഞാന്‍ ആ സീനിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. അങ്ങനെ ആ സീന്‍ എടുക്കുന്ന ദിവസം വന്നു. നെടുനീളന്‍ ഡയലോഗ് മമ്മൂക്ക കാണാപാഠം ആക്കിയിരുന്നു. അങ്ങനെ ക്യാമറ അടക്കം എല്ലാം സെറ്റ് ചെയ്തു. മമ്മൂക്ക എവിടെ നിര്‍ത്തുന്നോ അവിടെ വെച്ച് കട്ട് ചെയ്ത് വീണ്ടും ഷൂട്ട് ചെയ്യാമെന്നാണ് പ്ലാന്‍ ചെയ്തത്.

എന്നാല്‍ ആക്ഷന്‍ പറഞ്ഞതും മമ്മൂക്ക ആ കഥാപാത്രത്തിലേക്ക് ഇറങ്ങി. പക്കാ കള്ളുകുടിയനായി ഓവറാക്കാതെ ജീവിച്ച് കാണിച്ചു. ആ സ്ലാങും പ്രയോഗവും ശരീര ഭാഷയും എല്ലാം കണ്ട് ഞാന്‍ പോലും അന്തംവിട്ട് നിന്നു. ഒന്നുപോലും അദ്ദേഹം തെറ്റിച്ചില്ല. ആ സീന്‍ തിയേറ്ററില്‍ വന്നപ്പോള്‍ എല്ലാവരും ചിരിക്കുമായിരിക്കും എന്ന് മാത്രമാണ് ഞാന്‍ കരുതിയത്. എന്നാല്‍ ആ സീന്‍ തുടങ്ങി അവസാനിക്കും വരെ നിര്‍ത്താതെ കരഘോഷവും ആര്‍പ്പുവിളികളുമായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വമാണ് മമ്മൂട്ടിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.
മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി മാസ് ലുക്കിലെത്തിയ ചിത്രം എല്ലാവരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

റിലീസ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോഴേക്ക് ചിത്രം ബോക്സ് ഓഫീസ് തൂത്തുവാരിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടി എന്നാണ് ഫ്രൈ ഡേ മാറ്റിനി ട്വീറ്റ് ചെയ്തത്. സംസ്ഥാനത്തെ 1,179 ഷോകളില്‍ നിന്നായി 2,57,332 ലക്ഷം പേരാണ് ഭീഷ്മ പര്‍വം കണ്ടത്.


Content Highlights: Director TS Suresh Babu shares his experience with Mammootty in Kottayam Kunjachan Shooting location

We use cookies to give you the best possible experience. Learn more