| Tuesday, 14th February 2023, 11:59 pm

'പുതുമുഖങ്ങള്‍ക്ക് ലാലേട്ടനിലേക്കുള്ള റൂട്ട് അറിയില്ല, ആന്റണി പെരുമ്പാവൂരിന് സബ്ജെക്ട് ഓക്കെയാണെങ്കില്‍ ചിലപ്പോള്‍ അദ്ദേഹത്തിലേക്ക് എത്തും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ പുതുമുഖങ്ങള്‍ക്കും ഡേറ്റ് കൊടുക്കാറുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ടി.എസ്. സജി. ഇട്ടിമാണി എന്ന സിനിമ ചെയ്തത് പുതുമുഖ സംവിധായകനാണെന്നും മോഹന്‍ലാലിലേക്കുള്ള വഴി അറിയാത്തതുകൊണ്ടാണ് പല പുതുമുഖ സംവിധായകരും അദ്ദേഹത്തിലേക്ക് എത്താതതെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സജി പറഞ്ഞു.

‘മോഹന്‍ലാല്‍ പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കുന്നില്ലെന്ന് പറയാന്‍ പറ്റില്ല. കാരണം ഇട്ടിമാണി ചെയ്തത് നവാഗത സംവിധായകനാണ്. പണ്ട് കോരപ്പന്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിനായി ഞാന്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നു. അത് ഡയറക്ട് ചെയ്തത് മാനത്തെ കൊട്ടാരം സുനിലായിരുന്നു. അതില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തത് ജിബി മാള എന്ന കക്ഷി ആയിരുന്നു. പുള്ളി ലാലേട്ടന്റെ കൂടെ കുറെ പടം വര്‍ക്ക് ചെയ്തതാണ്.

എന്റെ കയ്യില്‍ ഒരു സബ്ജെക്ടുണ്ടെന്ന് അയാള്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. സബ്ജെക്ട് കേട്ട് കൊള്ളാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതില്‍ പുള്ളിയുടേതായി കുറച്ച് മാറ്റങ്ങള്‍ പറഞ്ഞു. അത് ചേഞ്ച് ചെയ്താണ് ഇട്ടിമാണി എന്ന പടം ഉണ്ടാകുന്നത്. അദ്ദേഹം ഇഷ്ടം പോലെ പുതുമുഖങ്ങള്‍ക്ക് ഡേറ്റ് കൊടുക്കുന്നുണ്ട്,’ സജി പറഞ്ഞു.

‘മോഹന്‍ലാലിലേക്ക് ഒരു സബ്ജെക്ട് പറയാനായി എത്തുന്ന റൂട്ട് പലര്‍ക്കും അറിയില്ല. അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുന്ന സമയമാണെങ്കില്‍ അല്ലെങ്കില്‍ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന പടമാണെങ്കില്‍ അദ്ദേഹവുമായി കൂടുതല്‍ സംസാരിക്കാന്‍ പറ്റും. പുറത്തുള്ള ഒരുപാട് പേരുടെ കയ്യില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും പറ്റിയ നല്ല സബ്ജെക്ടുകളുണ്ട്. പക്ഷേ അവരിലേക്ക് എത്തിപ്പെടാനുള്ള റൂട്ട് ഇവര്‍ക്ക് അറിയില്ല. അതിന്റെ കുഴപ്പമാണ്.

മോഹന്‍ലാലിനെ കാണണമെങ്കില്‍ അദ്ദേഹത്തിന്റെ ലൊക്കേഷനില്‍ പോവുകയും ആന്റണി പെരുമ്പാവൂരിനെ കാണുകയും അദ്ദേഹത്തോട് അഭിപ്രായം ചോദിച്ച് മോഹന്‍ലാലിലേക്ക് എത്തിപ്പെടാനുള്ള റൂട്ട് ക്ലിയര്‍ ചെയ്യണം. ആന്റണി പെരുമ്പാവൂരിനോട് സബ്ജെക്ട് പറഞ്ഞ് അദ്ദേഹം ഓക്കെയാണെങ്കില്‍ ചിലപ്പോള്‍ ലാലേട്ടനിലേക്ക് എത്തിയേക്കും,’ സജി കൂട്ടിച്ചേര്‍ത്തു.

Comtent Highlight: director ts saji about mohanlal and antony perumbavoor

We use cookies to give you the best possible experience. Learn more