മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആ ഒരു കാര്യം ചെയ്യാന്‍ ദുല്‍ഖര്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്: സംവിധായകന്‍ ത്രിവിക്രം
Entertainment
മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആ ഒരു കാര്യം ചെയ്യാന്‍ ദുല്‍ഖര്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്: സംവിധായകന്‍ ത്രിവിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th October 2024, 2:45 pm

ഒരു വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. തെലുങ്കില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സംവിധാനം വെങ്കി അട്‌ലൂരിയാണ്. 1980കളില്‍ മുംബൈയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

400 ദിവസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ ചിത്രം ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കണ്ടതിന് ശേഷം തെലുങ്ക് സംവിധായകന്‍ ത്രിവിക്രം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല്‍. ചിത്രത്തില്‍ ദുല്‍ഖര്‍ വളരെ റിയലിസ്റ്റിക്കായിട്ടുള്ള അഭിനയമാണ് കാഴ്ചവെച്ചതെന്ന് ത്രിവിക്രം പറഞ്ഞു.

ഒരു ബാങ്കില്‍ നമ്മളെല്ലാവരും കാണാറുള്ള ക്ലര്‍ക്ക് എങ്ങനെയാണോ അവരുടെ മാനറിസം അതുപോലെ ദുല്‍ഖര്‍ ചെയ്തുഫലിപ്പിച്ചിട്ടുണ്ടെന്ന് ത്രിവിക്രം കൂട്ടിച്ചേര്‍ത്തു. ഇത്തരം നാച്ചുറല്‍ പെര്‍ഫോമന്‍സ് ഒരു നടന്‍ ചെയ്യുന്നത് പലര്‍ക്കും വലിയ കാര്യമായി തോന്നില്ലെന്നും ദുല്‍ഖറിന്റെ കാര്യം കുറച്ച് വ്യത്യസ്തമാണെന്നും ത്രിവിക്രം പറഞ്ഞു. മമ്മൂട്ടിയുടെ മകന്‍ എന്ന വലിയ പ്രഷര്‍ എല്ലാ കാലത്തും ദുല്‍ഖറില്‍ ഉണ്ടെന്നും ത്രിവിക്രം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി എന്ന മഹാവൃക്ഷത്തിന് ചുവട്ടില്‍ വളര്‍ന്ന ദുല്‍ഖര്‍ തന്റെതായ ഒരു പാതയാണ് സൃഷ്ടിച്ചതെന്നും ത്രിവിക്രം പറഞ്ഞു. ഇന്ന് കാണുന്ന ദുല്‍ഖറിന്റെ സ്റ്റാര്‍ഡവും മികച്ച നടന്‍ എന്ന അഭിനന്ദനവും അങ്ങനെയാണ് ദുല്‍ഖറിലേക്ക് വന്നതെന്നും അത് നേടിയെടുക്കാന്‍ അയാള്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ത്രിവിക്രം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഹൈദരബാദില്‍ നടന്ന പ്രീ റിലീസ് ഇവന്റിലാണ് ത്രിവിക്രം ഇക്കാര്യം പറഞ്ഞത്.

‘ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിന്റെ പ്രീമിയറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഈയടുത്ത് കണ്ടന്റ് കൊണ്ടും പെര്‍ഫോമന്‍സ് കൊണ്ടും മനസ് നിറച്ച സിനിമയായി ലക്കി ഭാസ്‌കര്‍ മാറി. ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. എത്ര റിയലിസ്റ്റിക്കായാണ് അദ്ദേഹം പെര്‍ഫോം ചെയ്തത്. നമ്മള്‍ പല ബാങ്കുകളിലും പോകുമ്പോള്‍ കാണുന്ന ഒരു ക്ലര്‍ക്ക് എങ്ങനെയാണോ അവരുടെ എല്ലാ മാനറിസവും ഈ സിനിമയിലെ ഭാസ്‌കറില്‍ കാണാന്‍ സാധിച്ചു.

ഒരു നടന്‍ എന്ന നിലയിലും സ്റ്റാര്‍ എന്ന നിലയിലും അയാള്‍ ഇന്ന് കാണുന്ന നിലയിലെത്താന്‍ കഷ്ടപ്പെട്ടിട്ടുണ്ട്. അത് എന്താണെന്ന് വെച്ചാല്‍, മമ്മൂട്ടിയുടെ മകന്‍ എന്ന ടാഗ് കരിയറിന്റെ തുടക്കം മുതല്‍ അയാളിലുണ്ട്. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ഒരു മഹാവൃക്ഷമാണ്. അതിന്റെ ചുവട്ടിലായിരുന്നു ദുല്‍ഖറിന്റെ വളര്‍ച്ച. എന്നാല്‍ പിന്നീട് തന്റേതായ ഒരു പാത ഉണ്ടാക്കിയെടുത്ത് അതിലൂടെ നടന്ന് നേടിയെടുത്തതാണ് ഈ കാണുന്നതെല്ലാം. അത് ഉണ്ടാക്കിയെടുക്കാന്‍ നല്ല കഷ്ടപ്പാടുണ്ട്. ദുല്‍ഖര്‍ അത് സാധിച്ചു,’ ത്രിവിക്രം പറയുന്നു.

Content Highlight: Director Trivikram Srinivas praised Dulquer’s performance  in Lucky Bhaskar movie