| Tuesday, 7th March 2023, 4:31 pm

അസിസ്റ്റന്റ് ഡയറക്ടറിനായി വണ്ടി ഓടില്ലെന്ന് സംവിധായകന്‍ പറഞ്ഞു, നവോദയയിലെ വര്‍ക്കിങ് പാറ്റേണ്‍ കാരണം കണ്ണ് നിറഞ്ഞ് ഇറങ്ങി പോകാന്‍ തോന്നിയിട്ടുണ്ട്: രാജീവ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച ചിത്രമാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. നവോദയ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജിജോ പൊന്നൂസായിരുന്നു. നവോദയ സ്റ്റുഡിയോസിന്റെ ഭാഗമായി മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത അനുഭവം പങ്കുവെക്കുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ടി.വി. രാജീവ് കുമാര്‍.

‘നവോദയ സ്റ്റുഡിയോസിന്റെ വര്‍ക്കിങ് പാറ്റേണ്‍ കാരണം എത്രയോ തവണ കണ്ണ് നിറഞ്ഞ് കരഞ്ഞുകൊണ്ട് ബാഗ് പാക്ക് ചെയ്ത് പോകാന്‍ തോന്നിയിട്ടുണ്ട്. അങ്ങനെ ഒരു സ്ട്രിക്ട് എണ്‍വയോണ്‍മെന്റാണ്. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ മനസിലായി ഇത് ഇങ്ങനെയാണ് വേണ്ടതെന്ന്. കുട്ടിച്ചാത്തന്‍ പോലെയൊരു സാധാരണ സിനിമയിലെ വ്യത്യസ്തമായ ഷൂട്ടിങ് പ്രോസസിന്റെ എക്‌സ്പീരിയന്‍സ് എന്നെ ഒരുപാട് സഹായിച്ചു.

ജിജോ ആ സിനിമ ചെയ്യുന്നതെങ്ങനെയാണെന്ന് ഞാന്‍ ഫോളോ ചെയ്യുകയായിരുന്നു. ആ സിനിമക്കിടയില്‍ നടന്ന ഒരു അനുഭവം പറയാം. സിനിമയില്‍ ലെഫ്റ്റ് റൈറ്റ് എന്ന് പറയുന്നത് എപ്പോഴും ഒരു കണ്‍ഫ്യൂഷനാണ്. കുട്ടിച്ചാത്തന്റെ ഷൂട്ട് തുടങ്ങി. നാലാം ദിവസം കാക്കനാടാണ് ഷൂട്ട്. അന്ന് കാക്കനാട് വിജനമായ സ്ഥലമാണ്.

പിള്ളേര്‍ ചാത്തനെ കാണുന്ന ഒരു സീക്വന്‍സ് എടുത്തു. അന്ന് ആകാശം ഡാര്‍ക്കായിരുന്നതുകൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കാന്‍ പറ്റില്ല. മൂന്നാല് ഷോട്ട് കൂടെയുണ്ട്. പിന്നെയെടുക്കാം എന്ന് പറഞ്ഞ് അവിടെ നിന്നും പാക്ക് ചെയ്തു. പിന്നെ ഒരു രണ്ട് മൂന്ന് ആഴ്ചക്ക് ശേഷമാണ് അതേ സീനെടുക്കാന്‍ അതേ ലൊക്കേഷനില്‍ വരുന്നത്. ചാത്തന്‍ ഒരാളെ വായുവിലേക്ക് പൊക്കുന്ന രംഗമാണ്.

ആളെ പൊക്കിയപ്പോള്‍ ലുക്ക് എവിടെയായിരുന്നുവെന്ന് ജിജോ ചോദിച്ചു. ഞാന്‍ അന്ന് സിനിമയില്‍ വന്ന് തുടങ്ങിയിട്ടേയുള്ളൂ. ഒന്ന് സംശയിച്ചു. എങ്കിലും അത് എഴുതിവെച്ചത് എനിക്ക് ഓര്‍മയുണ്ട്. വളരെ ആത്മവിശ്വാസത്തോടെ ബുക്കില്‍ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ ബുക്ക് സ്റ്റുഡിയോയിലായിപ്പോയി. എനിക്ക് ഇപ്പോള്‍ ലുക്ക് അറിയണമെന്ന് ജിജോ പറഞ്ഞു. ഞാന്‍ തിരിഞ്ഞ് വണ്ടിയെടുക്കാന്‍ ഡ്രൈവറോട് പറഞ്ഞു. ഒരു വണ്ടിയും അസിസ്റ്റന്റ് ഡയറക്ടറുടെ ലാപ്‌സിന് വേണ്ടി ഓടില്ല എന്ന് ജിജോ പറഞ്ഞു.

അവിടെ നിന്നും നവോദയ സ്റ്റിഡിയോയിലേക്ക് ചില്ലറ ദൂരമല്ല. വണ്ടിയുമില്ല, ടാറിട്ട റോഡുമല്ല. സൈക്കിള്‍ കിട്ടിയാല്‍ ചവിട്ടുക എന്നൊരു പ്രതീക്ഷയേ ഉള്ളൂ. അടുത്തുള്ള ഒരു മാടക്കടയില്‍ നിന്നും സൈക്കിള്‍ എടുത്ത് ഞാന്‍ ചവിട്ടുകയാണ്. ചവിട്ടുമ്പോഴും ഞാന്‍ ആലോചിക്കുന്നുണ്ട് എന്തുകൊണ്ടാണ് മറന്നതെന്ന്. നേരത്തെ ഷൂട്ട് ചെയ്തത് ആലോചിച്ചപ്പോള്‍ റൈറ്റ് ലുക്കായിരിക്കും എന്ന് ഞാന്‍ ഫിക്‌സ് ചെയ്തു. സ്റ്റുഡിയോയില്‍ ചെന്ന് തുറന്ന് നോക്കുമ്പോള്‍ റൈറ്റ് ലുക്കാണ്. ഞാന്‍ തിരിച്ച് ചെല്ലുമ്പോള്‍ അവിടെ ആരുമില്ല. റൈറ്റ് ലുക്കാണെന്ന് ജിജോയ്ക്ക് അറിയാം. അവര്‍ ഷോട്ടെടുത്തിട്ട് പോയി. വൈകിട്ട് വരെ അവിടുത്തെ ഒരു കലുങ്കില്‍ ഞാന്‍ ഇരുന്നു. പക്ഷേ ഈ ഒരൊറ്റ യാത്രയില്‍ ഞാന്‍ ഈ സംഗതി പഠിച്ചു. അത് ഒരു ട്രെയ്‌നിങ്ങിന്റെ ഭാഗമാണ്.

Content Highlight: director tk rajeevkumar talks about jijo ponnus and my dear kuttichathan movie

We use cookies to give you the best possible experience. Learn more