| Saturday, 5th June 2021, 4:56 pm

ബര്‍മുഡയിലെ പ്രധാനകഥാപാത്രം ഷെയ്ന്‍ ആണ്; വിനയ് ഫോര്‍ട്ടിനും അതേ പ്രധാന്യമുള്ള റോള്‍ ആണ്: ടി.കെ രാജീവ് കുമാര്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബര്‍മുഡ എന്ന ചിത്രത്തിലെ പ്രധാനഹീറോ ഷെയ്ന്‍ നിഗമാണെന്നും വിനയ് ഫോര്‍ട്ടിനും അതേ പ്രധാന്യമുള്ള റോള്‍ തന്നെയാണ് ചിത്രത്തില്‍ അവതരിപ്പിക്കാനുള്ളതെന്നും സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍. തികച്ചും ഹ്യൂമറോടു കൂടിയാണ് സിനിമ ചെയ്യുന്നതെന്നും രാജീവ് കുമാര്‍ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നെ സംബന്ധിച്ച് ഹ്യൂമറസായ സിനിമകള്‍ അധികം ചെയ്തിട്ടില്ല. ഒറ്റയാള്‍ പട്ടാളം എന്ന സിനിമയൊഴിച്ചാല്‍ ഹ്യൂമര്‍ സിനിമകള്‍ ചെയ്തിരുന്നില്ല. ഒരു ജനമൈത്രി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയുടെ വേഷമാണ് വിനയ് ഫോര്‍ട്ടിന്. ജോഷ്വാ എന്നതാണ് കഥാപാത്രത്തിന്റെ പേര്.

ഷെയ്ന്‍ നിഗം ചെയ്യുന്നത് ഒരു ബാങ്ക് ജീവനക്കാരന്റെ റോളാണ്. ഇന്ദുഗോപന്‍ എന്നാണ് പേര്. വിനയ് ഫോര്‍ട്ട് ചെയ്യുന്ന എ,.എസ്.ഐയുടെ വേഷം കേരള പൊലീസിന്റെ ഫുട്‌ബോള്‍ ടീം അംഗമൊക്കെയായ ഒരാളുടേതാണ്. സന്തോഷ് ട്രോഫി മത്സരങ്ങളിലൊക്കെ പങ്കെടുത്ത ആളാണ്. കളി തടസ്സപ്പെട്ടപ്പോള്‍ പൊലീസില്‍ ജോലി കിട്ടി. മറ്റ് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല, രാജീവ് കുമാര്‍ പറഞ്ഞു.

ഒരു കശ്മീരി പെണ്‍കുട്ടിയാണ് ചിത്രത്തിലെ നായിക.സന്തോഷ് ശിവനാണ് അവരെ എനിക്ക് പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ജാക്ക് ആന്‍ഡ് ജില്ലില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ഷൈലി കൃഷ്ണന്‍ എന്നാണ് പേര്. ഈ സിനിമയ്ക്ക് പറ്റിയ നായികയ്ക്കായി തപ്പിനടക്കുന്നതിനിടയിലാണ് സന്തോഷ് ഷൈലിയെ ശുപാര്‍ശ ചെയ്തത്.

കശ്മീരില്‍ നിന്നും കോവളത്ത് വന്ന് തുണിക്കട നടത്തുന്ന ദമ്പതിമാരുടെ മകളായാണ് ഷൈലി അഭിനയിക്കുന്നത്. അങ്ങനെയൊരു നായികയ്ക്കായി അന്വേഷിക്കുമ്പോഴാണ് കശ്മീരില്‍ നിന്ന് തന്നെയുള്ള നായികയെ സന്തോഷ് പരിചയപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഈ കഥയുടെ അന്തരീക്ഷം സെറ്റ് ചെയ്തിരിക്കുന്നത്, രാജീവ് കുമാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director TK Rajeev Kumar About Bermuda Movie

We use cookies to give you the best possible experience. Learn more