മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കേരള കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ടി.കെ. രാജീവ് കുമാര്‍ തന്നെയാണ് ഇത് സംബന്ധിച്ച് സംസാരിച്ചത്.
ഇന്ന് ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തും കാതലായി നിലനില്‍ക്കുന്ന ഒരു വിഷയത്തെക്കുറിച്ചാണ് സിനിമയെന്നും, താന്‍ അയച്ച് കൊടുത്ത സ്റ്റോറിലൈന്‍ വായിച്ച മമ്മൂട്ടി താല്‍പര്യമുണ്ടെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഈ കഥ ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തില്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ എന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.
താന്‍ പണ്ട് ഒരു ജര്‍മന്‍ യാത്ര നടത്തിയിരുന്നെന്നും അന്ന് ജര്‍മനിയില്‍ വെച്ച് നടന്ന സംഭവമാണ് കഥയ്ക്ക് പ്രചോദനമായതെന്നും രാജീവ് കുമാര്‍ പറഞ്ഞു.
മാഹി പോലെ ഒരു സ്ഥലത്ത് നിന്നും വിദേശത്ത് പോയി അവിടെ സ്ഥിരതാമസമാക്കുന്ന ഒരു കഥാപാത്രമാണ് സിനിമയില്‍ മമ്മൂട്ടിയുടേത്.
സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടിയ്ക്ക് എന്തെങ്കിലും വ്യത്യസ്തമായും ചലഞ്ചിംഗ് ആയതുമായ കഥാപാത്രം കൊടുക്കണമെന്നും അതേസമയം തനിക്കും അതില്‍ എന്തെങ്കിലും സംഭാവന ചെയ്യാന്‍ ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘മമ്മൂട്ടി സാറിനോടോ എന്റെ അടുത്ത സുഹൃത്തായ മോഹന്‍ലാല്‍ സാറിനോടോ ഒരു കഥ പറയുമ്പോള്‍ അവര്‍ ഇതുവരെ ചെയ്യാത്ത കഥയോ കഥാപാത്രമോ ആയിരിക്കണം. അവരെ പോലെയുള്ള നടന്മാരെ വച്ച് എന്തെങ്കിലുമൊരു സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ,” രാജീവ് കുമാര്‍ പറഞ്ഞു.
ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക ഒരു ഹോളിവുഡ് നടിയായിരിക്കുമെന്നും ഇത് സംബന്ധിച്ച് പലരുമായും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞ രാജീവ് കുമാര്‍ തനിക്ക് ഇത് വളരെ കൊതിപ്പിക്കുന്ന ഒരു പ്രൊജക്ട് ആണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.