ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ച് സംവിധായകന്‍ ടിനു പാപ്പച്ചന്‍. ജല്ലിക്കട്ട് അടക്കമുള്ള സിനിമകളില്‍ എല്‍.ജെ.പിയുടെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവമാണ് കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ടിനു പറയുന്നത്.
താന്‍ അസിറ്റന്റായി വര്‍ക്ക് ചെയ്യുന്നത് നിര്‍ത്തി സ്വന്തമായി സിനിമ ചെയ്യണമെന്ന് ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചിരുന്ന ആളാണ് ലിജോ ചേട്ടന്‍ എന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കാന്‍ സാധിച്ചെന്നുമാണ് ടിനു പറയുന്നത്.
”ലിജോ ചേട്ടനൊപ്പമുള്ളത് ഭയങ്കര എക്‌സ്പീരിയന്‍സാണ്. വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്ത അനുഭവമാണ്.
സിറ്റി ഓഫ് ഗോഡിലാണ് ഞാന്‍ ലിജോ ചേട്ടനൊപ്പം ജോയിന്‍ ചെയ്യുന്നത്. അവിടന്നങ്ങോട്ടുള്ള എല്ലാ സിനിമകളിലും, അവസാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം വരെ ഒപ്പമുണ്ടായിരുന്നു.
ഓരോ സിനിമ കഴിയുമ്പോഴും, ഡേ സിനിമ ചെയ്യഡേ പോഡേ പോഡേ, എന്ന് ലിജോ ചേട്ടന്‍ പറഞ്ഞുകൊണ്ടിരിക്കും. ഞാന്‍ എഴുതിത്തരണോ സ്‌ക്രിപ്റ്റ്, എഴുതിത്തരാം. നീ പോയി സിനിമ ചെയ്യ്, എന്ന് പറയും.
ഞാന്‍ തന്നെ സിനിമ കണ്ടുപിടിച്ച് ചെയ്യണമെന്ന് എന്റെ ആഗ്രഹമായിരുന്നു. പത്ത് വര്‍ഷത്തോളം ഒരുപാട് പേരെ അസിസ്റ്റ് ചെയ്തല്ലോ.
ആ കാലഘട്ടത്തിലൊക്കെ പലതരം സിനിമകള്‍ ഓര്‍ഗനൈസ് ചെയ്യാന്‍ ശ്രമിച്ച് കൊണ്ടേയിരുന്നു. എങ്കിലും നിര്‍ഭാഗ്യവശാല്‍ അത് വൈകിക്കൊണ്ടിരുന്നു.
അങ്കമാലി ഡയറീസിന് ശേഷം ലിജോ ചേട്ടനുമായുള്ള സൗഹൃദം ഒന്നുകൂടി കൂടി, അടുത്തു. ഓരോ സിനിമ കഴിയുമ്പോഴും ഷൂട്ടിങ്ങിന് പുറമെയും ഒപ്പം യാത്ര ചെയ്യുകയാണല്ലോ. ഒരുമിച്ച് യാത്രയും താമസവും ആഹാരം കഴിക്കുന്നതും ഒരുമിച്ച്. വ്യക്തിപരമായ കാര്യങ്ങളടക്കമുള്ള വിഷയങ്ങള്‍ ഒരുമിച്ച് ചര്‍ച്ച ചെയ്യുക- അങ്ങനെ ഒരു ക്ലോസ് റിലേഷന്‍ ഉണ്ടായിരുന്നു,” ടിനു പാപ്പച്ചന്‍ പറഞ്ഞു.
ആന്റണി വര്‍ഗീസ്, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2018ല്‍ റിലീസ് ചെയ്ത സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ ആണ് ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ സിനിമ.