| Saturday, 7th October 2023, 1:49 pm

എല്ലാ സിനിമയിലും ഒരാള്‍ ഇടിക്കണമെന്നില്ല; പെപ്പെയിലുണ്ടായ ആ പ്രതീക്ഷ നെഗറ്റീവായി ബാധിച്ചിട്ടുണ്ടാകാം : ടിനു പാപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍, അര്‍ജ്ജുന്‍ അശോകന്‍, ആന്റണി വര്‍ഗ്ഗീസ് (പെപ്പെ), മനോജ് കെ.യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി വന്ന സിനിമയാണ് ‘ചാവേര്‍’. സിനിമയില്‍ പെപ്പെയുടെ കഥാപാത്രം ആരെയെങ്കിലുമൊക്കെ ഇടിക്കുമെന്ന് പ്രേക്ഷകര്‍ വിചാരിച്ചിരുന്നെന്നും അത് സിനിമയെ നെഗറ്റീവായി ബാധിച്ചിട്ടുണ്ടാകാമെന്നും സംവിധായകന്‍ ടിനു പാപ്പച്ചന്‍.

ഇപ്പോഴും എല്ലാവരും ആര്‍.ഡി.എക്‌സില്‍ നില്‍ക്കുകയാണെന്നും എല്ലാ സിനിമയിലും ഒരാള്‍ ഇടിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ് വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തിലാണ് ടിനു പെപ്പെയെ പറ്റി സംസാരിച്ചത്.

‘ആദ്യ ദിവസത്തെ റിവ്യൂവില്‍ അതും നമ്മളെ ബാധിച്ചിട്ടുണ്ടാകാം. കാരണം ആന്റണി വര്‍ഗീസെന്ന ആള്‍ എന്റെ സിനിമയില്‍ വരുമ്പോള്‍ ആരെയെങ്കിലുമൊക്കെ അയാള്‍ ഇടിക്കുമെന്ന് പ്രേക്ഷകര്‍ കരുതും.

കഴിഞ്ഞ രണ്ട് സിനിമകളിലും ആന്റണി ഇടിച്ചു. അതുകൊണ്ട് ഈ സിനിമയിലും അത് പ്രതീക്ഷിക്കും. അവന്റെ അവസാന സിനിമ ആര്‍.ഡി.എക്‌സ് ആയിരുന്നു. എല്ലാവരും ഇപ്പോഴും ആര്‍.ഡി.എക്‌സില്‍ നില്‍ക്കുകയാണ്. ആ സിനിമയാണെങ്കില്‍ സൂപ്പര്‍ ഹിറ്റാണ്. എല്ലാ സിനിമയിലും ഒരാള്‍ ഇടിക്കണമെന്നില്ല.

ഈ സിനിമയില്‍ മറ്റൊരു രീതിയില്‍ ആ വ്യക്തിയെ കാണിക്കുന്നു. കിരണ്‍ കുമാര്‍ എന്ന കഥാപാത്രത്തെയാണ് ആന്റണി ചെയ്യുന്നത്. ആ കഥാപാത്രമാണ് ചാവേര്‍ സിനിമയുടെ സോള്‍. അത് ചെയ്യാന്‍ ആരെവെയ്ക്കും എന്നത് നമ്മളൊരുപാട് ചര്‍ച്ച ചെയ്തതാണ്. അപ്പോള്‍ ഞാനാണ് പറഞ്ഞത് ആന്റണിയെ നമ്മള്‍ക്ക് വേറെയൊര് രീതിയില്‍ ട്രൈ ചെയ്യാമെന്ന്.

ആന്റണിയ്ക്ക് തെയ്യം കലാകാരന്മാരെ പരിചയപ്പെടുത്തി കൊടുത്തു. ഒരാഴ്ച്ചയോളം അവനവരുടെ കൂടെയുണ്ടായിരുന്നു. അവരോട് സംസാരിച്ചിട്ട് അതിനെ പറ്റി മനസിലാക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് ആ കഥാപാത്രത്തെ അവന് ചെയ്യാന്‍ സാധിച്ചതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇപ്പോഴുള്ള ചെറുപ്പക്കാര്‍ക്ക് അടിപടങ്ങള്‍ കാണാനാണ് താല്‍പര്യം. പ്രത്യേകിച്ചും ആര്‍ ഡി എക്‌സിനു ശേഷം. ആ സിനിമയ്ക്ക് പിന്നാലെ കണ്ണൂര്‍ സ്‌ക്വാഡും വന്നു. അങ്ങനെയുള്ളപ്പോള്‍ ഈ സിനിമയിലും അത്തരത്തില്‍ വലിയൊരു അടി പ്രതീക്ഷിക്കും.

പക്ഷെ അജഗജാന്തരവും സ്വാതന്ത്ര്യവും (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍) പോലെയൊരു സിനിമ പ്രതീക്ഷിച്ച് ഈ സിനിമ കാണാന്‍ പോകരുത്. പകരം മറ്റൊരുതരം സിനിമ കാണാനുള്ള മൈന്‍ഡ് സെറ്റില്‍ വന്നാല്‍ മാത്രമാകും ഈ സിനിമ വര്‍ക്കാകുന്നത്. അടിപടങ്ങള്‍ ഒരു ട്രെന്‍ഡായി നില്‍ക്കുന്ന സമയമാണിത്. പക്ഷെ നമുക്കൊരു അടിപടം ഇനിവേണമെങ്കിലുമെടുക്കാം. ഇനിയും ഞാനൊരു അടിപടമെടുക്കും. കാരണമതെനിക്ക് ഇഷ്ടമാണ്. പക്ഷെ എല്ലാ സിനിമയും അങ്ങനെയെടുക്കാന്‍ പറ്റില്ല,’ ടിനു പറഞ്ഞു

Content Highlight: Director Tinu Pappachan About Actor Pepe

We use cookies to give you the best possible experience. Learn more