| Saturday, 26th November 2022, 9:42 pm

ആ സിനിമയില്‍ ജയറാം ചെയ്യേണ്ട വേഷമാണ് മോഹന്‍ലാല്‍ ചെയ്തത്; അതൊരു നിമിത്തമായിട്ടാണ് കരുതുന്നത്: തുളസിദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2003ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് മിസ്റ്റര്‍ ബ്രഹ്മചാരി. മോഹന്‍ലാലിന്റെ കഥാപാത്രത്തിനായി ആദ്യം വിചാരിച്ചത് ജയറാമിനെയായിരുന്നുവെന്ന് സംവിധായകന്‍ തുളസി ദാസ്. ആ കഥപാത്രം മോഹന്‍ലാല്‍ ചെയ്താലാണ് നന്നാവുകയെന്ന് തന്റെ ഭാര്യ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജയറാമിന് പകരം മോഹന്‍ലാലിനെ സമീപിച്ചതെന്നും തുളസിദാസ് പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ മനസില്‍ ഉണ്ടായപ്പോള്‍ അത് ആര് ചെയ്യണമെന്ന് വിചാരിച്ചിട്ടില്ലായിരുന്നു. പിന്നെ എന്റെ മനസിലേക്ക് വന്നത് ജയറാമായിരുന്നു. കാരണം ആ സമയത്ത് അദ്ദേഹവുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു.

എന്നാല്‍ അദ്ദേഹത്തിനോട് സിനിമയുടെ കഥ പറയുന്നതിന് മുമ്പ് തന്നെ എന്റെ ഭാര്യ പറഞ്ഞു ഇത് മോഹന്‍ലാല്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന്. ആ സമയത്ത് മോഹന്‍ലാല്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ നമുക്ക് കയ്യെത്താന്‍ പോലും പറ്റാത്തതാണ്. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത വലിയ വലിയ കഥകളും കഥാപാത്രങ്ങളുമാണ് അദ്ദേഹം അന്ന് ചെയ്തത്.

അത്തരമൊരു നടന്റെ അടുത്തേക്ക് ലളിതമായൊരു കഥ എങ്ങനെ എത്തിക്കുമെന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നു. ഭാര്യ അത് പറഞ്ഞപ്പോള്‍ കുറേ ഞാന്‍ ചിന്തിച്ചു. മോഹന്‍ലാല്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി.

അങ്ങനെ ഞാന്‍ ലാലേട്ടനെ ഫോണില്‍ വിളിക്കുകയായിരുന്നു. വിളിച്ച സമയത്ത് അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അതൊരു നിമിത്തമായിട്ടാണ് ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹം എപ്പോഴും തിരുവന്തപുരത്ത് ഉണ്ടാവാറില്ല. അങ്ങനെ സെറ്റില്‍ ചെന്ന് ഞാന്‍ കഥ പറയുകയായിരുന്നു,” തുളസിദാസ് പറഞ്ഞു.

അനന്തന്‍ തമ്പി എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. മീന, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍.

content highlight: director thulasidas about mohanlal and mr brahmachari movie

We use cookies to give you the best possible experience. Learn more