| Sunday, 27th November 2022, 5:47 pm

ആ സിനിമയുടെ കഥ ലാലേട്ടന് ഇഷ്ടപ്പെടില്ലെന്ന് കരുതി മാറ്റി പറഞ്ഞു; കോടികള്‍ മുടക്കി ചെയ്ത പല പടങ്ങളും പ്രശ്‌നമായി: തുളസിദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനേട് മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ പറയാന്‍ പോയ അനുഭവം പറയുകയാണ് സംവിധായകന്‍ തുളസിദാസ്. മറ്റൊരു സിനിമയുടെ ആക്ഷന്‍ സീക്വന്‍സ് എടുക്കുന്ന സെറ്റില്‍ പോയിട്ടാണ് കഥ പറഞ്ഞതെന്നും അവിടെ ചെന്നപ്പോള്‍ മോഹന്‍ലാലിന് കഥ ഇഷ്ടപ്പെടില്ലെന്ന് കരുതി മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ മാറ്റി പറഞ്ഞതിനെക്കുറിച്ചും തുളസിദാസ് പറഞ്ഞു.

പക്ഷെ മോഹന്‍ലാലിന് ചെയ്യാന്‍ താല്‍പര്യം മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥയായിരുന്നുവെന്നും കൂടാതെ സിനിമ ചെയ്യുന്നതിന് മുമ്പ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചതിനേക്കുറിച്ചും തുളസിദാസ് സംസാരിച്ചു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുളസിദാസ് ഇക്കാര്യം പറഞ്ഞത്.

”മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ പറയാന്‍ വേണ്ടി മോഹന്‍ലാലിന്റെ അടുത്ത് പോയി. ടെക്‌നോപാര്‍ക്കില്‍ വെച്ച് അന്ന് അദ്ദേഹത്തിന്റെ നല്ല ആക്ഷന്‍ രംഗങ്ങള്‍ ആയിരുന്നു എടുത്ത് കൊണ്ടിരുന്നത്. ഞാന്‍ ചെന്നപ്പോള്‍ അവിടെ ഭയങ്കര ബഹളവും ആക്ഷന്‍ സീക്വന്‍സ് എടുക്കാനുള്ള ഗംഭീര തയ്യാറെടുപ്പകളൊമൊക്കെയായിരുന്നു.

മോഹന്‍ലാല്‍ ഭയങ്കര ആവേശത്തോടെ ആക്ഷന്‍ ചെയ്യുന്ന രംഗമാണ് ഞാന്‍ അവിടെ കാണുന്നത്. ഒരിക്കലും മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ പറഞ്ഞാല്‍ ലാലേട്ടന് ഇഷ്ടമാവില്ലെന്ന് ഞാന്‍ ചിന്തിച്ചു. കാരണം അത്രമാത്രം ആക്ഷന്‍ സീക്വന്‍സാണ് അവിടെ അദ്ദേഹത്തെ വെച്ച് എടുക്കുന്നത്. മോഹന്‍ലാലിനോട് കഥ പറയാന്‍ കിട്ടുന്ന ചാന്‍സ് എപ്പോഴും കിട്ടുന്നതല്ല. അത് നഷ്ടപ്പെടുമോയെന്ന് എനിക്ക് ഭയമുണ്ടായിരുന്നു.

പക്ഷെ എന്റെ മനസില്‍ വേറെ ഒരു കഥ ഉണ്ടായിരുന്നു. ആക്ഷന്‍ സീക്വന്‍സില്‍ ഉള്ള കഥയായിരുന്നു. ലാലേട്ടന്‍ അദ്ദേഹം റെസ്റ്റ് ചെയ്യുന്ന മുറിയിലേക്ക് എന്നെ വിളിപ്പിച്ചു. ഞാന്‍ മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ പറയാതെ ആക്ഷന്‍ സീക്വന്‍സുള്ള മറ്റൊരു കഥ പറഞ്ഞു. കഥ പറഞ്ഞ് രണ്ട് മിനിട്ട് ആയപ്പോള്‍ ഇതല്ല ഞാന്‍ തുളസിദാസില്‍ നിന്നും പ്രതീക്ഷിച്ചതെന്ന് എന്നോട് പറഞ്ഞു.

അതുവരെ ഞാന്‍ ചെയ്ത ഏതെങ്കിലും ഫാമിലി ഹ്യൂമര്‍ സിനിമകള്‍ പോലെയുള്ള കഥയാകും അദ്ദേഹത്തോട് പറയാന്‍ വരുന്നതെന്നാണ് കരുതിയതെന്ന് എന്നോട് പറഞ്ഞു. ഇപ്പോള്‍ പറഞ്ഞ കഥ ചെയ്ത് കൊണ്ടിരിക്കുന്ന കഥകളില്‍ നിന്നും ഒരുമാറ്റവുമില്ലെന്ന് ലാലേട്ടന്‍ പറഞ്ഞു. വേറെ കഥയുണ്ടെങ്കില്‍ പറയൂ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

അവസാനം ഞാന്‍ അദ്ദേഹത്തോട് കാര്യം പറഞ്ഞു. പറയാന്‍ വന്ന കഥ ഇതല്ലെന്നും പിന്നെ മാറ്റി പറഞ്ഞതാണെന്നും അദ്ദേഹത്തെ അറിയിച്ചു. പിന്നെ മിസ്റ്റര്‍ ബ്രഹ്മചാരിയുടെ കഥ തന്നെ ലാലേട്ടനോട് പറഞ്ഞു. കഥാപാത്രത്തെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു. ആ കഥ ലാലേട്ടന് ഭയങ്കര ഇഷ്ടമായി.

പക്ഷെ അദ്ദേഹം ഒരു കാര്യം മാത്രമാണ് എന്നോട് ആവശ്യപ്പെട്ടത് ചെലവ് കുറച്ച് എടുക്കണമെന്ന്. കാരണം ആ ഇടക്ക് ഇറങ്ങിയ സിനിമകളെല്ലാം നല്ല ബഡ്ജറ്റുള്ള കോടികള്‍ മുടക്കിയിട്ടുള്ള സിനിമകളായിരുന്നു. അതെല്ലാം ആളുകള്‍ക്കിടയില്‍ നല്ല വാര്‍ത്ത ആയിരുന്നു. അതുകൊണ്ട് ചെറിയ ബഡ്ജറ്റില്‍ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ഗ്രാമങ്ങളില്‍ ചെന്നിട്ട് ഷൂട്ടിങ്ങ് നടത്തണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്ക് എത്തിയത്,” തുളസിദാസ് പറഞ്ഞു.

അനന്തന്‍ തമ്പി എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. മീന, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍.

content highlight: director thulasidas about mohanlal

We use cookies to give you the best possible experience. Learn more