| Sunday, 20th November 2022, 9:04 pm

ജയറാം ചെയ്യാന്‍ തയ്യാറാവാത്തതിന്റെ കാരണംകൊണ്ട് നിര്‍മാതാവ് പിന്മാറി; മുകേഷ് ആണെങ്കില്‍ സിനിമ വേണ്ടെന്ന് പലരും പറഞ്ഞു: തുളസി ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1994ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് മലപ്പുറം ഹാജി മഹാനായ ജോജി. തുളസി ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷ്, ജഗദീഷ് ശ്രീകുമാര്‍, സിദ്ദിഖ്, മധു എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തില്‍ ആദ്യം കാസ്റ്റ് ചെയ്യാന്‍ വിചാരിച്ചത് ജയറാമിനെയായിരുന്നുവെന്ന് സംവിധായകന്‍ തുളസി ദാസ്. സിനിമയില്‍ നിന്ന് ആദ്യത്തെ സംവിധായകന്‍ പിന്മാറാനുണ്ടായ കാരണങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജയറാം പിന്മാറിയത് കൊണ്ടാണ് മുകേഷ് ആ റോള്‍ ചെയ്തതെന്നും തുളസി ദാസ് പറഞ്ഞു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് തുളസി ദാസ് ഇക്കാര്യം പറഞ്ഞത്.

”മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമ ഇറങ്ങുമ്പോള്‍ അതില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും ഒരു വിശ്വസവും ഇല്ലായിരുന്നു. വേറെ ഒരു നിര്‍മാതാവും ഡിസ്ട്രിബ്യൂട്ടറും ആയിരുന്നു സിനിമ ചെയ്യാനിരുന്നത്. അന്ന് സിനിമയില്‍ നായകനായി ഉദ്ദേശിച്ചിരുന്നത് ജയറാമിനെയായിരുന്നു.

ജയറാമിനെയും ജഗദീഷിനെയും വെച്ച് ചെയ്യാനാണ് നിര്‍മാതാവ് എന്നോട് പറഞ്ഞത്. ജയറാമിനോട് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. നമുക്ക് വേറെ കഥ ആലോചിക്കാമെന്ന് ജയറാം പറഞ്ഞു.

എന്നാല്‍ മുകേഷ് തന്നെ ഈ കഥാപാത്രം ചെയ്യണമെന്നും അദ്ദേഹം ചെയ്താല്‍ മാത്രമേ സിനിമ നന്നാവുകയുള്ളുവെന്നും ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ ജയറാം ചെയ്യാന്‍ തയ്യാറാവാത്തതിന്റെ കാരണം കൊണ്ട് ആ നിര്‍മാതാവ് സിനിമയില്‍ നിന്നും മാറി. പിന്നീടാണ് ബാബു നജീബ് എന്ന നിര്‍മാതാവ് വന്നത്.

അദ്ദേഹത്തോട് ആദ്യമേ മുകേഷും സിദ്ദിഖും ആയിരിക്കും നായകന്മാര്‍ എന്ന് ഞാന്‍ പറഞ്ഞിരുന്നു. നായികയെ പിന്നീട് ആലോചിക്കാമെന്നും ഞാന്‍ അവരോട് പറഞ്ഞു. കഥകേട്ടിട്ട് അവര്‍ക്കും പൂര്‍ണ തൃപ്തി വന്നിട്ടില്ലായിരുന്നു. ഒരു ഹാജിയാരുടെ സ്‌കൂളും ആള്‍മാറാട്ടം നടത്തി പഠിപ്പിക്കാന്‍ വരുന്ന മാഷിന്റെ കഥയൊക്കെ സ്ഥിരം പാറ്റേണ്‍ അല്ലെ എന്ന സംശയം അവര്‍ക്കുണ്ടായിരുന്നു.

ഈ സിനിമയെക്കുറിച്ച് എനിക്ക് നല്ല വിശ്വസമുണ്ടെന്നും നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ നമുക്ക് സിനിമ ചെയ്യാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. ആ നിര്‍മാതാക്കള്‍ എന്റെ സുഹൃത്തുക്കളായത് കൊണ്ട് അവര്‍ എന്നെ വിശ്വസിച്ചു. സിനിമ എങ്ങനെ ഉണ്ടാകുമെന്ന് ആലോചിച്ച് ഓരോ ദിവസവും നിര്‍മാതാവിന് സംശയമുണ്ടായിരുന്നു.

ഈ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന് ജഗദി ശ്രീകുമാര്‍ എപ്പോഴും പറയുമായിരുന്നു. സിനിമ ചെയ്യുമ്പോള്‍ മുകേഷ് കുറച്ച് ഡള്ളായി നില്‍ക്കുന്ന സമയമായിരുന്നു. എന്റെ ആ സിനിമ നടക്കുമ്പോള്‍ മുകേഷ് ആണെങ്കില്‍ വേണ്ട എന്ന് പറഞ്ഞ നിരവധി ഡിസ്ട്രിബ്യൂട്ടേര്‍സും നിര്‍മാതാക്കളും ഉണ്ടായിരുന്നു.

സിദ്ദിഖിനാണ് കുറച്ച് കൂടെ മാര്‍ക്കറ്റ് ഉള്ളതെന്ന് പലരും പറഞ്ഞു. ഞാന്‍ ഇതൊന്നും കേട്ടില്ല കാരണം എനിക്ക് കഥയില്‍ വിശ്വസമുണ്ടായിരുന്നു. ഒരു സിനിമ പരാജയപ്പെട്ടാല്‍ സംവിധായകന് മാത്രം ആയിരിക്കും കുറ്റം ഉണ്ടാവുകയുള്ളു എന്നാണ് ഞാന്‍ മനസിലാക്കുന്നത്,” തുളസി ദാസ് പറഞ്ഞു.

content highlight: director thulasi das about malappuram haji and mahanaya joji

We use cookies to give you the best possible experience. Learn more