തല്ലുമാല എന്ന ചിത്രം വമ്പന്‍ വിജയമായി മുന്നേറുകയാണ്. ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട കഥാപാത്രത്തിലൊന്നായിരുന്നു ലുക്മാന്‍ അവറാന്‍ അവതരിപ്പിച്ച ജംഷി. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ലുക്മാന്‍ ആദ്യമായി നായകനായി അഭിനയിച്ചത് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയിലായിരുന്നു.
ലുക്മാനെ കുറിച്ചുള്ള തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പലരും പരാതി പറഞ്ഞെന്നും എന്നാല്‍ ഇത് തന്റെ അഹങ്കാരമല്ല മറിച്ച് അഭിമാനമാണെന്നും തരുണ്‍ മൂര്‍ത്തി കുറിച്ചു.
ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുക്മാന്‍ നടന്നു തീര്‍ത്ത വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ലെന്നും സിനിമ കൊതിച്ചു നടന്ന ഒരുപാട് പേര്‍ക്കുള്ള പ്രതീക്ഷയുടെ വാതിലാണ് ലുക്മാനെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ തരുണ്‍ പറഞ്ഞു.
തരുണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ലുക്മാന്‍ എന്ന നടനിലേക്ക് പ്രേക്ഷകര്‍ അടുക്കുന്നതു കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും ആവേശവുമുണ്ട്. ഉണ്ടയും, ജാവയും, തല്ലുമാലയും എല്ലാം നെയ്‌തെടുക്കുന്നത് ഒരു നടനെ മാത്രം അല്ല, നടനാകാന്‍ കൊതിക്കുന്ന ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം കൂടിയാണ് എന്ന സന്തോഷം, ആവേശം.
പണ്ട് ഒരുമിച്ച് ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോയ പരിചയം മാത്രമേ ലുക്മാനും ഞാനും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആദ്യ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അവനെ നായകന്മാരില്‍ ഒരാളാക്കാന്‍ എന്നെ തോന്നിച്ചത് എന്താണെന്ന് എനിക്കറിയില്ല. അത് എന്തിനാണെന്നും അറിയില്ല.
ഓപ്പറേഷന്‍ ജാവയില്‍ വിനയ ദാസന്‍ ആയി കൂടെ കൂട്ടുമ്പോള്‍ ഞങ്ങള്‍ രണ്ടാളും അറിഞ്ഞിരുന്നില്ല ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്ന്. ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട്.
അവരോടൊക്കെ പറയാനുള്ളത് ഇതാണ്, അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്, കഥാപാത്രത്തിന് ചേര്‍ന്ന മുഖങ്ങള്‍ കണ്ടെത്താന്‍ പറ്റുന്നത്, അവരോടൊത്ത് സിനിമ ചെയ്യാന്‍ പറ്റുന്നത്, അതിന്റെ ഓരോ പുരോഗതിയും കാണാന്‍ പറ്റുന്നത്. കാരണം സിനിമയെന്നത് ഞങ്ങള്‍ക്ക് കച്ചവടം മാത്രമല്ല. കലയും കൂടിയാണ്. ബിനു ചേട്ടനും, ഗോകുലനും, രമ്യ സുരേഷും, നില്‍ജയും, ധന്യയും, സജീദ് പട്ടാളവും, വിന്‍സിയും, റിയ സൈറയും, പ്രമോദ് വെളിയനാടും, സുജിത് ശങ്കറും എല്ലാം അസാമാന്യ ജീവിതാനുഭവമുള്ളവരാണ്.
ആ ജീവിതാനുഭവം ഉള്ളത് കൊണ്ടാണ് സ്‌ക്രീനില്‍ അവര്‍ നിങ്ങളെ അത്ഭുതപെടുത്തുന്നത്. ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുക്മാന്‍ നടന്നു തീര്‍ത്ത വഴികള്‍ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം. പ്രതിസന്ധികളെ തരണം ചെയ്ത നായകനായ നീ തുറന്നിടുന്നത് ഒരു വലിയ വാതിലാണ്. നമ്മളെപ്പോലെ സിനിമ കൊതിച്ചു നടന്ന ഒരുപാട് പേര്‍ക്കുള്ള പ്രതീക്ഷയുടെ വാതില്‍.
Content Highlight: director Tharun Murthy’s facebook post about Lukman is gaining attention in social media