സൗദി വെള്ളക്കക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ബിനു പപ്പു കഥയെഴുതുന്ന ചിത്രം നിര്‍മിക്കുന്നത് ആഷിക് ഉസ്മാനാണ്. പുതുവര്‍ഷത്തിന്റെ തുടക്കത്തിലാണ് പുതിയ ചിത്രം തരുണ്‍ മൂര്‍ത്തി പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ ചിത്രത്തിന്റെ അപ്‌ഡേഷന്‍ തരുണ്‍ മൂര്‍ത്തി പുറത്ത് വിട്ടത്.
‘2020തിന്റെ ആരംഭത്തിലാണ് ഓപ്പറേഷന്‍ ജാവ പ്രഖ്യാപിച്ചത്. അതിനാല്‍ വര്‍ഷാരംഭ ദിനത്തില്‍ പുതിയ തുടക്കം പ്രഖ്യാപിക്കുന്നത് ശുഭകരമാണെന്ന് കരുതുന്നു. എന്റെ പുതിയ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ പോവുകയാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ‘കഥ സംവിധാനം’ എന്നല്ല, പകരം ‘കഥ ബിനു പപ്പു, സംവിധാനം തരുണ്‍ മൂര്‍ത്തി’ എന്നായിരിക്കും തെളിഞ്ഞുവരിക.
സൗദി വെള്ളക്കയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ജാവ 2വിനെ പറ്റി ചര്‍ച്ച ചെയ്യുമ്പോഴാണ് എല്ലാം തുടങ്ങിയത്. ചര്‍ച്ച ഒരു കഥയുടെ പ്ലോട്ടിലേക്ക് നീണ്ടു. ബിനു ചേട്ടന്‍ നരേഷന്‍ അവസാനിപ്പിച്ചപ്പോഴാണ് അപ്രതീക്ഷിതമായ വഴിത്തിരിവ് സംഭവിച്ചത്. ഇത് ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിക്കാതിരിക്കാന്‍ എനിക്കായില്ല. അദ്ദേഹത്തോട് എഴുതാനും പറഞ്ഞു. ആ ചര്‍ച്ച ഒരു സിനിമയിലേക്ക് എത്തിയിരിക്കുകയാണ്.
സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ നിര്‍മിക്കുന്ന ആഷിക് ഉസ്മാന്‍ ഓപ്പറേഷന്‍ ജാവ കണ്ടതിന് ശേഷം സിനിമ ചെയ്യാനായി ഞങ്ങളെ ക്ഷണിച്ചിരുന്നു. ഈ സിനിമ ആ ചര്‍ച്ചയുടെ ഭാഗമായി. വിധിയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഏരിയയിലേക്ക് കടക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ല. പ്രേക്ഷകര്‍ക്ക് പുതിയ വിഷ്വല്‍ ട്രീറ്റ് നല്‍കാനുള്ള പ്രി പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാന്‍ പോവുകയാണ്,’ തരുണ്‍ മൂര്‍ത്തി കുറിച്ചു.
2022 ഡിസംബര്‍ രണ്ടിനാണ് സൗദി വെള്ളക്ക റിലീസ് ചെയ്തത്. തരുണ്‍ മൂര്‍ത്തി തന്നെ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ദേവി വര്‍മ, ലുക്മാന്‍ അവറാന്‍, ധന്യ അനന്യ, സുജിത്ത് ശങ്കര്‍, ബിനു പപ്പു, വിന്‍സി അലോഷ്യസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. വാണിജ്യ വിജയത്തിനൊപ്പം വലിയ പ്രേക്ഷക പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു.
Content Highlight: Director Tharun Murthy announced the new film