| Wednesday, 30th November 2022, 9:28 pm

ഓപ്പറേഷന്‍ ജാവ എനിക്കൊരു ധൈര്യമാണ്, ഒരിക്കലും ബാധ്യതയല്ല: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമാണ് “സൗദി വെള്ളക്ക”. ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം നല്‍കിയ വിജയം തനിക്കൊരു ബാധ്യതയല്ലെന്നും, ധൈര്യമാണെന്നും പറയുകയാണ് തരുണ്‍.  ബൈറ്റ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഓപ്പറേഷന്‍ ജാവ ഒരു സ്റ്റാമ്പ് ചെയ്യപ്പെട്ട സിനിമയാണ്. ഞാന്‍ ഇപ്പോള്‍ എവിടെ ചെന്നാലും ഓപ്പറേഷന്‍ ജാവയുടെ സംവിധായകന്‍ എന്നാണ് അറിയപ്പെടുന്നത്. ശരിക്കും പറഞ്ഞാല്‍ ഞാന്‍ അത് ആസ്വദിക്കുകയാണ്.അതുകൊണ്ട് തന്നയാണ് സൗദി വെള്ളക്കയുടെ ട്രെയിലറില്‍ ‘ഫ്രം ദ് മേക്കഴ്‌സ് ഓഫ് ഓപ്പറേഷന്‍ ജാവ’ എന്ന് കൊടുത്തത്.

എന്നെ ആളുകള്‍ തിരിച്ചറിയുന്നതും അങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെ ആ സിനിമയുടെ വിജയം എനിക്ക് ഇപ്പോള്‍ ഒരു ബാധ്യതയായി തോന്നുന്നില്ല. അതിന്റെ  വിജയം എനിക്ക് ശരിക്കും പുതിയ സിനിമ ചെയ്യാനുള്ള ധൈര്യമാണ്. അതുകൊണ്ട് തന്നെ ആളുകള്‍ സിനിമ കാണാന്‍ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രേക്ഷകര്‍ ഒരിക്കലും അമിത പ്രതീക്ഷ വെക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ജാവ പോലെയൊരു സിനിമ ചെയ്തുകൊണ്ട്‌ എപ്പോഴും അങ്ങനത്തെ സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ. ഓപ്പറേഷന്‍ ജാവ ഒരു ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമ ആയിരുന്നെങ്കിലും, ആളുകള്‍ ആ സിനിമയെ സമീപിച്ചത് ആ രീതിയില്‍ മാത്രമായിരുന്നില്ല.

ആ സിനിമയിലെ ജീവിതത്തെ കുറിച്ച് ഒരുപാട് ആളുകള്‍ സംസാരിച്ചിട്ടുണ്ട്. പുതിയ കുറേ താരങ്ങളെ ജാവയില്‍ അവതരിപ്പിച്ചിരുന്നു. നമ്മള്‍ കൊണ്ടുവരുന്ന താരങ്ങളെ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നു, അതൊക്കെയാണ് ജാവയുടെ പ്രത്യേകത. അതുപോലെ തന്നെ ഈ സിനിമയിലും പുതിയ ഒരുപാട് പേരെ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നമ്മുടെ ഇന്‍ഡസ്ട്രിക്ക് മുതല്‍ക്കൂട്ടാവാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരുപാട് താരങ്ങള്‍ ഈ സിനിമയിലുണ്ട്. അതാണ് സൗദി വെള്ളക്കയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ പോസിറ്റീവ്. ഇത്രയും പുതിയ താരങ്ങളെവെച്ച് സിനിമ ചെയ്യാനുള്ള ധൈര്യം എനിക്ക് തന്നത് ഓപ്പറേഷന്‍ ജാവയായിരിക്കും,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

ലുക്മാന്‍ അവറാന്‍, ബിനു പപ്പു, വിന്‍സി അലോഷ്യസ്, ധന്യ അനന്യ തുടങ്ങിയവരാണ്‌ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 2ന് ചിത്രം തിയേറ്ററുകളിലെത്തും.

content highlight: director tharun moorthy talks about his movie operation java

We use cookies to give you the best possible experience. Learn more