ഓപ്പറേഷന്‍ ജാവ എന്ന തന്റെ ആദ്യ സിനിമയില്‍ ലുക്മാന്‍ അവറാന്‍ എങ്ങനെയാണ് നായകനായതെന്ന് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഉണ്ട എന്ന സിനിമയിലെ ലുക്മാന്റെ പ്രകടനം കണ്ടിട്ടാണ് ജാവയിലേക്ക് വിളിച്ചതെന്ന് തരുണ്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘2018ഒക്കെ എത്തിയപ്പോഴാണ് ഞാന്‍ ഒരു സിനിമ സ്വന്തമായി ചെയ്യാമെന്ന് ആദ്യം കരുതുന്നത്. അങ്ങനെയാണ് ഓപ്പറേഷന്‍ ജാവക്ക് വേണ്ടി കഥയെഴുതിയത്. പിന്നീട് ഒരു ദിവസം ഞാന്‍ ലുക്മാന്റെ നമ്പര്‍ എടുത്ത് അവനെ വിളിച്ചു. ആ സമയത്ത് അവന്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പിന്റെ ഷൂട്ടിലായിരുന്നു.
മച്ചാനെ എന്റെ പേര് തരുണ്‍ മൂര്‍ത്തി, നമ്മള്‍ ചില ഓഡിഷനുകളിലും മറ്റും കണ്ടിട്ടുണ്ടെന്നും പറഞ്ഞു. എന്റെ കയ്യില്‍ സിനിമക്ക് വേണ്ടി ഒരു സബ്ജക്ടുണ്ട് നീയാണ് അതിനകത്ത് ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നത് എന്നും പറഞ്ഞു. രണ്ട് പേരാണ് സിനിമയില്‍ നായകന്മാര്‍ അതിലൊരാള്‍ നീയാണെന്നും പറഞ്ഞു.
അത് പറഞ്ഞപ്പോള്‍ ലുക്മാന് അത്ഭുതമായിരുന്നു. ഉണ്ട സിനിമ കണ്ടിട്ടാണ് ഞാന്‍ ലുക്മാനെ ജാവയിലേക്ക് വിളിച്ചത്. താന്‍ നായകനായിട്ട് ഒരു സിനിമ സംഭവിക്കുന്നു എന്ന എക്‌സൈറ്റ്‌മെന്റൊയിരുന്നു അവന്. എന്റെ സിനിമ നിര്‍മിക്കാന്‍ ഒരു നിര്‍മാതാവ് വരുവോ തുടങ്ങിയ സംശയങ്ങളും ലുക്മാനുണ്ടായിരുന്നു.
എന്നാല്‍ ജാവയിലെ ഡബ്ബിങ് ചെയ്യുന്ന സമയത്താണ് മച്ചാനെ വേറെയൊരു സബ്ജക്ടുണ്ടെന്ന ഞാന്‍ പറയുന്നത്. അങ്ങനെയാണ് സൗദി വെള്ളക്ക സംഭവിക്കുന്നത്. നീയാ വേഷം ചെയ്താല്‍ നന്നായിരിക്കും എന്നും പറഞ്ഞു. അപ്പോള്‍ അളിയന്റെ മനസില്‍ വീണ്ടും ലഡുപൊട്ടി. എന്നാല്‍ ജാവ അന്ന് ഹിറ്റാകണമായിരുന്നു.
ഞാന്‍ താമസിക്കുന്ന റൂമിലോട്ട് രാത്രി വണ്ടിയൊക്കെ പിടിച്ച് ലുക്മാന്‍ വന്നിട്ടുണ്ട്. എന്നിട്ട പറയും നീ ആ സിനിമയുടെ കഥയൊന്ന പറയാന്‍. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ഒരു രാത്രിയില്‍ എന്റെ മുറിയിലിരുന്നാണ് ഞാന്‍ സൗദി വെള്ളക്കയുടെ കഥ പറയുന്നത്. അപ്പോള്‍ തന്നെ ലുക്മാന്‍ പറഞ്ഞു, അളിയാ കഥകൊള്ളാം നീയിത് സിനിമയാക്കണമെന്ന്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
സൗദി വെള്ളക്കയാണ് തരുണ്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ. ലുക്മാന്‍ അവറാന്‍, ബിനു പപ്പു, ദേവി വര്‍മ, ധന്യ അനന്യ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബര്‍ രണ്ടിന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
content highlight: director tharun moorthy talks about actor lukman avaran