തരുണ്‍ മൂര്‍ത്തി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പറേഷന്‍ ജാവ. ക്രൈം ത്രില്ലര്‍ ഴോണറില്‍ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ബിനു പപ്പു, ലുക്മാന്‍, ബാലു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, ഇര്‍ഷാദ് തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ടായിരുന്നു.
തിയേറ്ററില്‍ പ്രേക്ഷകര്‍ കൂവുമെന്ന് ഭയന്ന് കൂളിങ് ഗ്ലാസ് വെക്കാന്‍ അഭിനേതാക്കള്‍ തയ്യാറാകാതിരുന്നതിനെക്കുറിച്ച് പറയുകയാണ് തരൂണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവയില്‍ വാനിന്റെ മേലെ ചാരി നിന്ന ബിനു പപ്പു, പ്രശാന്ത്, തുടങ്ങിയ അഭിനേതാക്കളോട് കൂളിങ് ഗ്ലാസ് വെച്ച് സ്ലോമോഷനില്‍ നടന്ന് വരാനാവശ്യപ്പെട്ടപ്പോഴാണ് ആളുകള്‍ കൂവുമെന്ന് ഭയന്ന് അവര്‍ സമ്മതിക്കാതിരുന്നതെന്ന് തരുണ്‍ പറഞ്ഞു.
എന്നാല്‍ തന്റെ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളാണ് നിങ്ങളെന്നും സീനില്‍ അങ്ങനെ നിങ്ങളെ കണ്ടാല്‍ പ്രേക്ഷകര്‍ കയ്യടിക്കുമെന്നും പറഞ്ഞ് താന്‍ അവരെ നിര്‍ബന്ധിച്ചതിന്റെ ഫലമായാണ് അവര്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. മാറ്റിനി ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ ഇക്കാര്യം പറഞ്ഞത്.
”ഓപ്പറേഷന്‍ ജാവയില്‍ ലുക്മാനെ മാത്രമല്ല എല്ലാവരെയും ഞാന്‍ നായകന്മാരെ പോലെയാണ് ട്രീറ്റ് ചെയ്തത്. അതില്‍ ഒരു സീനുണ്ട്, വാനില്‍ ചാരി നിന്ന എല്ലാവരും കൂളിങ് ഗ്ലാസ് ഇട്ട് നടന്ന് പോവുന്നത്. എന്റെ ആഗ്രഹം ഇവരെല്ലാം ഭയങ്കര റോ ആര്‍ട്ടിസ്റ്റുകളാണെന്ന് തന്നെയാണ്.
ബിനു ചേട്ടന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക്, പ്രശാന്തിനും അതുപോലെ കിടിലന്‍ ലുക്ക്. നിങ്ങള്‍ കൂളിങ് ഗ്ലാസ് വെക്കണമെന്നും സ്ലോമോഷനില്‍ നടന്ന് വരണമെന്നും ഞാന്‍ അവരോട് പറഞ്ഞു. ഞങ്ങള്‍ ഇത് വെച്ചാല്‍ ആളുകള്‍ കൂവുമോ എന്ന് അവരെന്നോട് ചോദിച്ചു.
ഞാന്‍ വെക്കില്ല ആള്‍ക്കാര്‍ കൂവുമെന്ന് പ്രശാന്ത് ഏട്ടന്‍ പറഞ്ഞു. എന്റെ പൊന്നു ചേട്ടാ എനിക്ക് നിങ്ങള്‍ ഹീറോയാണ്. വാനിന്റെ മേലെ നിങ്ങള്‍ ചാരി നില്‍ക്കുമ്പോള്‍ ക്ലാപ്പ് അടി ഷുവര്‍ ആണെന്ന് ഞാന്‍ പറഞ്ഞു.
ഞങ്ങളെ ആളുകള്‍ അങ്ങനെ കണ്ടിട്ടില്ലെന്നും പ്രേക്ഷകര്‍ കൂവുമെന്ന് തന്നെയാണ് അവരെല്ലാം പറഞ്ഞ് കൊണ്ടിരുന്നത്. ലുക്മാനെയും ബാലുവിനെയും കൂളിങ് ഗ്ലാസ് വെപ്പിക്കേണ്ട, പക്ഷെ നിങ്ങള്‍ വെച്ച് ഒന്ന് നടന്ന് വന്നാല്‍ മതിയെന്ന് കുറേ പറഞ്ഞു. ഒരു ആനചന്തം അതിലുണ്ടാവും എന്നൊക്കെ പറഞ്ഞ് കുറേ ഞാന്‍ അവരോട് സംസാരിച്ചു. അങ്ങനെയാണ് അതിന് സമ്മതിച്ചത്. എന്നെ സംബന്ധിച്ച് എന്റെ സിനിമയിലെ താരങ്ങളാണ് അവര്‍,” തരുണ്‍ മൂര്‍ത്തി പറഞ്ഞു.
സൗദി വെള്ളക്കയാണ് തരുണിന്റെ രണ്ടാമത്തെ ചിത്രം. ഡിസംബര്‍ 2ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.ബിനു പപ്പു, ലുക്മാന്‍ എന്നിവര്‍ക്കൊപ്പം ദേവി വര്‍മ, ധന്യ അനന്യ, ഗോകുലന്‍, സുജിത്ത് ശങ്കര്‍, രമ്യ സുരേഷ്, കുര്യന്‍ ചാക്കോ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. തിരക്കഥയും സംവിധാനവും തരുണ്‍ മൂര്‍ത്തിയാണ്. ചിത്രത്തിന്റെ സഹ സംവിധായകനും കൂടിയാണ് ബിനു പപ്പു.
content highlight: director tharun moorthy about operation java