|

'തുടരും' ഫീല്‍ഗുഡോ ത്രില്ലറോ? മറുപടിയുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹന്‍ലാല്‍ സിനിമ ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്. ഏറെ വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തുടരും എന്ന സിനിമക്കുണ്ട്.

ദ്യശ്യം പോലൊരു ചിത്രമാണ് തുടരും എന്ന രീതിയിലുളള പരാമര്‍ശം മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായിരുന്നു. ഇപ്പോള്‍ തുടരും എന്ന സിനിമ ഒരു ത്രില്ലറാണോ ഫീല്‍ഗുഡ് ആണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

തുടരും ഒരു കുടുംബ ചിത്രമാണെന്നും ദൃശ്യം സിനിമയുമായി ഇതിനെ ഒരു തരത്തിലും താരതമ്യപ്പെടുത്തേണ്ടതില്ലെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. മലയാള സിനിമയില്‍ അപൂര്‍വമായി സംഭവിക്കുന്ന സിനിമയാണ് ദൃശ്യമെന്നും തുടരും ഒരു പാവം കുടുംബ ചിത്രമാണെന്നും അദ്ദേഹം പറയുന്നു.

ഈ സിനിമയെ മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട ഒരു ഫാമിലി ഡ്രാമ അഥവാ സോഷ്യല്‍ ഡ്രാമ എന്ന് വിശേഷിപ്പിക്കാനാണ് തങ്ങള്‍ക്ക് ഇഷ്ടമെന്നും തരുണ്‍മൂര്‍ത്തി പറഞ്ഞു. മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തുടരും ഒരു പരിപൂര്‍ണ കുടുംബചിത്രമാണ്. ‘ദൃശ്യം’സിനിമയുമായി ഇതിനെ ഒരുതരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ല. കാരണം, മലയാളസിനിമയില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണ് ‘ദൃശ്യം’ പോലൊരു ചിത്രം. ‘തുടരും’ ഒരു പാവം കുടുംബചിത്രം മാത്രം. നമ്മുടെയെല്ലാം കുടുംബങ്ങളിലുള്ള സന്തോഷങ്ങളും സങ്കടങ്ങളും സര്‍പ്രൈസുകളും ഇതിലുമുണ്ട്.

എല്ലാ മലയാളി കുടുംബങ്ങളും കണ്ടിരിക്കേണ്ട, ഒരു ഫാമിലി ഡ്രാമ അഥവാ സോഷ്യല്‍ ഡ്രാമ എന്നു വിളിക്കാനാണ് ഞങ്ങള്‍ക്കിഷ്ടടം. സിനിമയെ അതിന്റെ ടീസറോ ട്രെയിലറോ കണ്ട് മുന്‍ വിധികളോടെ സമീപിക്കേണ്ട കാര്യമില്ല. സിനിമതന്നെ അതിന്റെ കഥപറയും വരെ കാത്തിരിക്കുമല്ലോ. മുന്‍വിധികളില്ലാതെ പ്രേക്ഷകര്‍ തിയേറ്ററ്റിലെത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ,’ തരുണ്‍മൂര്‍ത്തി പറയുന്നു.

Director Tharun Moorthy about his upcoming film Thudarum

Latest Stories