| Saturday, 17th December 2022, 8:05 am

അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡിനെ ഭയന്നു, ഞങ്ങളുടെ സിനിമ ആരും കാണാതെ പോകുമെന്ന് പേടിച്ചു; പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്: തരുണ്‍ മുര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്‍ഫോണ്‍സ് പുത്രന്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗോള്‍ഡ് തിയേറ്ററിലെത്തുമ്പോള്‍ തന്നെയാണ് തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയും തിയേറ്ററില്‍ എത്തുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തുന്ന അല്‍ഫോണ്‍സ് ചിത്രം എന്ന ഹൈപ്പ് ഗോള്‍ഡിനുണ്ടായത് കൊണ്ട് പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കിയ സൗദി വെള്ളക്ക പ്രേക്ഷകരിലേക്ക് എത്താതെ പോകുമെന്ന ഭയം തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

പൃഥ്വിരാജ്, നയന്‍താര തുടങ്ങി വമ്പന്‍ താരനിരയുള്ള ചിത്രത്തിന്റെ ഇടയില്‍ സൗദി വെള്ളക്ക പ്രേക്ഷകര്‍ കാണാതെ പോകുമെന്ന് ഒരുപാട് പേടിച്ചിരുന്നുവെന്നും ഗോള്‍ഡിനെക്കുറിച്ച് ആളുകള്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നുവെന്നും തരുണ്‍ പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് തരുണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞങ്ങളുടെ നിര്‍മാതാവിന് ഭയങ്കര ടെന്‍ഷനായിരുന്നു. കാരണം അത്തരം വലിയൊരു സ്റ്റാര്‍കാസ്റ്റുള്ള സിനിമക്ക് ഒപ്പം റിലീസ് ചെയ്യുക എന്നത് നല്ല ഭയമുണ്ടാക്കി. ഞങ്ങളാണ് ആദ്യം ഒന്നാം തിയ്യതി റിലീസ് ചെയ്യാമെന്ന് പറഞ്ഞത്. പിന്നീടാണ് അവരും റിലീസ് ഡേറ്റ് ഒന്നിലേക്ക് പ്രഖ്യാപിക്കുന്നത്.

അതൊരു വലിയ സിനിമയാണ്. അല്‍ഫോണ്‍സ് പുത്രന്‍ ചെയ്ത് വെച്ച സിനിമകള്‍ നമുക്ക് അറിയാം. പ്രേമവും നേരവും പോലെ രണ്ട് ഹിറ്റുകള്‍ ചെയ്ത സംവിധായകന്റെ സിനിമയാണ് ഗോള്‍ഡ്. ചെന്നെയിലെ ഒരു തിയറ്ററില്‍ 228 ദിവസമാണ് പ്രേമം കളിച്ചത്. അത്രയും വലിയ ഹിറ്റ് മേക്കറാണ് ഏഴ് വര്‍ഷത്തിന് ശേഷം വരുന്നത്. അതുകൊണ്ട് തന്നെ നല്ല എക്‌സ്പറ്റേഷനുണ്ട് ആളുകള്‍ക്ക്.

സൗദി വെള്ളക്കയുടെയും ഗോള്‍ഡിന്റെയും സൗണ്ട് ഡിസൈനര്‍ ഒരാളാണ്. അവന്‍ എന്നോട് പറഞ്ഞു നീ ഭയപ്പെടേണ്ടെന്ന്. രണ്ടും രണ്ട് സിനിമയാണ്. അതിന് വരേണ്ട ഓഡിയന്‍സ് വരും. അതുപോലെ നിന്റെ സിനിമ കാണാന്‍ ആഗ്രഹമുള്ളവരും വരുമെന്ന് അവന്‍ എന്നോട് പറഞ്ഞു.

എന്നാലും നമുക്ക് നല്ല ഭയമുണ്ടായിരുന്നു. പൃഥ്വിരാജ്, നയന്‍താര തുടങ്ങിയവരാണ് ഗോള്‍ഡില്‍, അതുകൊണ്ട് ഞാന്‍ നല്ലോണം പേടിച്ചു. ഗോള്‍ഡിനെ സ്വീകരിച്ചവരുമുണ്ട്. എല്ലാവരും സിനിമയെ തള്ളി കളഞ്ഞിട്ടില്ല,” തരുണ്‍ മൂര്‍ത്തി പറഞ്ഞു.

content highlight: director tharun moorthy about gold movie

We use cookies to give you the best possible experience. Learn more