തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സൗദി വെള്ളക്ക. ലുക്മാന്‍, ബിനു പപ്പു, വിന്‍സി അലോഷ്യസ്, കുര്യന്‍ ചാക്കോ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. മമ്മൂട്ടിയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും നടന്‍ കുര്യന്‍ ചാക്കോയും. ഫില്‍മീ ബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.
”സൗദി വെള്ളക്കയുടെ ടീസര്‍ അയച്ചപ്പോള്‍ അതില്‍ മനു അങ്കിളില്‍ കൂടെ അഭിനയിച്ച കുര്യനുണ്ടെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക ക്ലാപ്പ് ചെയ്തു. ജാവ ഇറങ്ങിയപ്പോള്‍ എന്നെയും ലുക്മാനെയും പേഴ്‌സണലി വിളിച്ച് അഭിനന്ദിച്ചിരുന്നു. പല വേദികളിലും ഞങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ടെന്നും പിന്നീട് അറിഞ്ഞു.
മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്നുണ്ട്. പക്ഷെ അദ്ദേഹം മമ്മൂട്ടി എല്ലാപരിപാടിയും ചെയ്തുവെച്ചിരിക്കുകയാണ്. ചെയ്യാത്ത കഥാപാത്രം ഏതാണ് ഉള്ളത്. എല്ലാം പരീക്ഷിച്ച് കഴിഞ്ഞു. എന്തു പറഞ്ഞാണ് ആ മനുഷ്യനെ എക്‌സൈറ്റ് ചെയ്യിക്കേണ്ടതെന്ന് അറിയില്ല. ഒരു കഥ പറഞ്ഞ് എങ്ങനെ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യണമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് ചെയ്യുമ്പോള്‍ അത്രയും പെര്‍ഫെക്ടായ കഥയും കഥാപാത്രവുമാണെങ്കിലെ മമ്മൂക്കയെ വെച്ച് ഒരു പടത്തിന് ഞാന്‍ മുതിരുകയുള്ളു,” തരുണ്‍ മൂര്‍ത്തി പറഞ്ഞു.
മനു അങ്കിള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ കുര്യന്‍ ചാക്കോ അഭിനയിച്ചിരുന്നു. അന്ന് മമ്മൂട്ടി സൂപ്പര്‍ സ്റ്റാറാണെന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ഇന്ന് അദ്ദേഹം ടെററും ടഫുമൊക്കെയാണെന്നാണ് കേള്‍ക്കുന്നതെന്നും അഭിമുഖത്തില്‍ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
”അന്ന് മമ്മൂക്ക സൂപ്പര്‍ സ്റ്റാറായിരിക്കും പക്ഷെ നമുക്ക് സിനിമയെക്കുറിച്ച് വലിയ ബന്ധമൊന്നുമില്ലാത്തത് കൊണ്ട് അദ്ദേഹത്തെ പേടി ഒന്നുമില്ലായിരുന്നു. പിന്നീടാണ് ആളുകള്‍ മമ്മൂക്ക ഭയങ്കര ടഫ് ആണ് അല്ലെങ്കില്‍ ടെറര്‍ ആണെന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയത്.
ഞങ്ങളെ സംബന്ധിച്ച് സെറ്റില്‍ എല്ലാവര്‍ക്കും മമ്മൂക്കയെ ഭയങ്കര കാര്യമായിരുന്നു. ഞങ്ങളെ എല്ലാവരെയും അതുപോലെയാണ് മമ്മൂക്ക കൊണ്ടു നടന്നത്. അതിന് ശേഷം 10,15 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്ക ഒരു പരിപാടിയില്‍ വെച്ച് കണ്ടപ്പോള്‍ അടുത്തേക്ക് വന്നു.
നിനക്ക് പണ്ട് ഭയങ്കര മുടിയൊക്കെ ആയിരുന്നല്ലോ നിന്റെ മുടിയൊക്കെ എവിടെ പോയെന്ന് ചോദിച്ചു. അപ്പോഴാണ് ഞാനും ആലോചിച്ചത് എനിക്ക് കട്ടിയുള്ള മുടിയായിരുന്നുവെന്ന്,” കുര്യന്‍ പറഞ്ഞു.
1988 ല്‍ റിലീസായ മമ്മൂട്ടിയുടെ മനു അങ്കിള്‍ എന്ന സിനിമ ഇന്നും ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. ഷിബു ചക്രവര്‍ത്തി ഒരുക്കിയ തിരക്കഥയില്‍ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിള്‍ മികച്ച കുട്ടികളുടെ ചിത്രമായി സ്വീകരിക്കപ്പെടുകയുമുണ്ടായി.
content highlight: director tharun moorthi about mammootty