മികച്ച അവതരണ രീതി കൊണ്ട് ശ്രദ്ധ നേടിയ ചിത്രമായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങിയ ഓപ്പറേഷന്‍ ജാവ. കലാപരമായും സാമ്പത്തികപരമായും വിജയം നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ഓപ്പറേഷന്‍ ജാവയില്‍ രാമനാഥന്‍ എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു നടന്‍ വിനായകന്‍.
ചെയ്യുന്ന റോളുകള്‍ ഏതായാലും ആ കഥാപാത്രത്തിന്റെ പൂര്‍ണതയക്കായി എന്തു വിട്ടുവീഴ്ചയ്ക്കും വിനായകന്‍ തയ്യാറാവുമെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായന്‍ തരുണ്‍ മൂര്‍ത്തി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഓപ്പറേഷന്‍ ജാവയില്‍ വിനായകന്‍ എത്തിയതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
വിനായകനെ മാനേജ് ചെയ്യാന്‍ ഭയങ്കര പാടാണെന്നാണല്ലോ പൊതുവെ ചിലരൊക്കെ പറയാറ് എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നും തന്റെ അനുഭവം അതല്ലെന്നുമായിരുന്നു തരുണ്‍ മൂര്‍ത്തി പറഞ്ഞത്.
ഈ സ്റ്റോറി നരേറ്റ് ചെയ്യാനായി വിനായകന്‍ ചേട്ടന്റെ അടുത്ത് ആദ്യമായി ഞാന്‍ പോകുകയാണ്. ഇതാണ് കഥയെന്നും കഥാപാത്രമെന്നും പറഞ്ഞപ്പോള്‍ എടാ നമുക്കിത് ചെയ്യാമെന്ന് അപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്നുകൂടി ഇതില്‍ വര്‍ക്ക് ചെയ്ത ശേഷം ചേട്ടന്റെ ഭാഗങ്ങള്‍ പറയാമെന്ന് പറഞ്ഞ് ഞാന്‍ തിരിച്ചു.
അങ്ങനെ ഞാന്‍ വേറൊരു ദിവസം ചെന്നു. എന്നാല്‍ അന്ന് പൂര ഉടക്കായിരുന്നു. ഇതിനകത്ത് ഇങ്ങനെയാരു ഭാഗം കൂടി വന്നില്ലെങ്കില്‍ ശരിയാവില്ലെന്നൊക്കെ പുള്ളി പറഞ്ഞു. അത് പറ്റില്ലെന്നും ഞാന്‍ അത്രയും പ്ലാന്‍ ചെയ്ത് വെച്ചിരിക്കുകയാണെന്ന് ഞാനും പറഞ്ഞു. എന്നാല്‍ നിന്റെ കൂടെയിരിക്കുന്നവന്‍മാരൊക്കെ ബുദ്ധിയില്ലാത്തവരായിരിക്കും. നീ ഒന്നുകൂടി അവര്‍ക്കൊപ്പം പോയി ഇരുന്ന് ചിന്തിക്ക് എന്ന് പറഞ്ഞു. പുള്ളി അത്രയും ജനുവിന്‍ ആയിട്ടുള്ള ഒരാളാണ്. കപടമായ ഒന്നുമില്ല.
അങ്ങനെ ഞാന്‍ തിരിച്ചുപോകുന്നതിനിടെ വീണ്ടും എന്നെ ഫോണില്‍ വിളിച്ചിട്ട്, എടാ മോനേ ഞാന്‍ സീരിയസായിട്ട് പറയുകയാണ്, നീ ഇങ്ങനെ ഒരു ആസ്‌പെക്ട് കൂടി ആലോചിച്ച് നോക്കൂവെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ ചേട്ടന്‍ പറഞ്ഞ കുറച്ചുകാര്യങ്ങള്‍ കൂടി ചിന്തിച്ചുനോക്കിയപ്പോള്‍ അതില്‍ ഒരു പോയിന്റുണ്ടെന്ന് മനസിലായി.
ഒന്നോ രണ്ടോ ഡയലോഗ് ഉള്‍പ്പെടുത്തേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് ഞാന്‍ ഇങ്ങനെ കിടന്ന് ബഹളം വെച്ചത്. സെറ്റില്‍ വന്ന് കഴിഞ്ഞ് ആ കോസ്റ്റിയൂം ഇട്ടു കഴിഞ്ഞാല്‍ പിന്നെ പുള്ളി ക്യാരക്ടറാണ്. ഒരു വഴക്കോ ബഹളമോ ഒന്നും ഇല്ല. നമ്മള്‍ ഓക്കെ പറഞ്ഞാല്‍ പോലും പുള്ളി വന്നിട്ട് എടാ ശരിയായിട്ടില്ല ഞാന്‍ ഒന്നുകൂടി ചെയ്യാമെന്ന് പറഞ്ഞ് എത്ര തവണ വേണമെങ്കിലും എടുക്കാന്‍ തയ്യാറാകും. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് പോലും സിനിമ നന്നായി വരാന്‍ വേണ്ടിയാണ്, തരുണ്‍ മൂര്‍ത്തി പറഞ്ഞു.
സിനിമയില്‍ വിനായകന്‍ ചേട്ടന്റെ ഭാര്യയായി ആര് അഭിനയിക്കും എന്നതായിരുന്നു പിന്നെ ഞങ്ങള്‍ക്ക് മുന്നിലുള്ള ചോദ്യം. പലരേയും നോക്കി. ഒടുവില്‍ ധന്യയെ തീരുമാനിച്ചു. അതിന് ശേഷം വിനായകന്‍ ചേട്ടനോട് ചോദിച്ചപ്പോഴും പുതിയ ആരെങ്കിലും ആണെങ്കില്‍ നന്നാവും എന്നായിരുന്നു പുള്ളിയും പറഞ്ഞത്. അങ്ങനെയാണ് ധന്യയെ തീരുമാനിക്കുന്നത്, തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. തീരപ്രദേശത്ത് താമസിയ്ക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്.