| Thursday, 26th September 2024, 4:19 pm

അയ്യപ്പനും കോശിയും സിനിമയിലെ ഈഗോയില്‍ ക്രിക്കറ്റും കൂടി ചേര്‍ത്താണ് ലബ്ബര്‍ പന്ത് ചെയ്തത്: സംവിധായകന്‍ തമിഴരസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ ഈ വര്‍ഷത്തെ അപ്രതീക്ഷിതവിജയം സ്വന്തമാക്കിയിരിക്കുകയാണ് ലബ്ബര്‍ പന്ത്. നവാഗതനായ തമിഴരസന്‍ പച്ചമുത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ ആട്ടക്കത്തി ദിനേശ്, ഹരീഷ് കല്യാണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളി താരം സ്വാസികയും ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ലോക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ശക്തമായ രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്.

പുതിയ സംവിധായകന്റെ യാതൊരു പതര്‍ച്ചയുമില്ലാതെയാണ് തമിഴരസന്‍ ലബ്ബര്‍ പന്ത് അണിയിച്ചൊരുക്കിയത്. ക്രിക്കറ്റില്‍ ജാതി കലര്‍ത്തുന്ന വിഭാഗങ്ങളെ ശക്തമായ ഭാഷയില്‍ ലബ്ബര്‍ പന്ത് വിമര്‍ശിക്കുന്നുണ്ട്. ആദ്യദിനം തൊട്ട് തമിഴ്‌നാട്ടില്‍ ഗംഭീര അഭിപ്രായം നേടുന്ന ചിത്രം കേരളത്തില്‍ വളരെ കുറച്ച് സ്‌ക്രീനുകളില്‍ മാത്രമാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ കഥയിലേക്കെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴരസന്‍.

രണ്ട് തലമുറയിലെ ക്രിക്കറ്റ് കളിക്കാരെക്കുറിച്ചുള്ള കഥയും അതില്‍ ജാതി എന്ന ഫാക്ടര്‍ എങ്ങനെ വര്‍ക്ക് ചെയ്യുന്നു എന്ന് കാണിക്കുന്ന തരത്തിലാണ് ആദ്യം കഥ ആലോചിച്ചതെന്ന് തമിഴരസന്‍ പറഞ്ഞു. എന്നാല്‍ അവരെ കണക്ടാക്കുന്ന എന്തെങ്കിലും വേണമെന്ന് ചിന്തിച്ചുവെന്നും ആ സമയത്താണ് അയ്യപ്പനും കോശിയും എന്ന മലയാളസിനിമ കണ്ടതെന്ന് തമിഴരസന്‍ കൂട്ടിച്ചേര്‍ത്തു.

ആ സിനിമയിലെ ഈഗോയിലേക്ക് ക്രിക്കറ്റ് എന്ന ഫാക്ടര്‍ ചേര്‍ത്താണ് കഥ പൂര്‍ത്തിയാക്കിയതെന്നും തമിഴരസന്‍ പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയുടെ കഥയെപ്പറ്റി ആലോചിച്ചപ്പോള്‍ ലോക്കല്‍ ടൂര്‍ണമെന്റ് കളിക്കുന്ന രണ്ട് തലമുറയിലെ രണ്ട് പേരും ക്രിക്കറ്റിലെ ജാതിയും എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരവരുടെ കാലഘട്ടത്തിലെ ബെസ്റ്റ് കളിക്കാര്‍ അവരാണ്. അതിനോടൊപ്പം ക്രിക്കറ്റില്‍ ജാതി എങ്ങനെയെല്ലാം പ്രകടമാകുന്നു എന്നതും കാണിക്കുക എന്നായിരുന്നു എന്റെ ഉദ്ദേശം.

പക്ഷേ, ഈ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ എങ്ങനെയെങ്കിലും നേര്‍ക്കുനേര്‍ വരണം എന്ന പോയിന്റെത്തിയപ്പോള്‍ അതിനെപ്പറ്റിയായി എന്റെ ചിന്ത. ഒരുപാട് ആലോചിച്ചപ്പോഴാണ് മലയാളത്തിലെ അയ്യപ്പനും കോശിയും എന്ന സിനിമ കണ്ടത്. ആ സിനിമ മുന്നോട്ട് പോകുന്നത് പ്രധാന കഥാപാത്രങ്ങളുടെ ഈഗോയിലൂടെയാണ്. ഒരു മിനിറ്റ് പോലും മടുപ്പിക്കാത്ത സിനിമയാണ് അത്. ആ ഈഗോയെ ക്രിക്കറ്റുമായി ചേര്‍ത്താണ് ലബ്ബര്‍ പന്തിന്റെ കഥ പൂര്‍ത്തിയാക്കിയത്,’ തമിഴരസന്‍ പറഞ്ഞു.

Content Highlight: Director Tamizharasan saying that Ayyappanum Koshiyum was inspiration for Lubber Pandhu

We use cookies to give you the best possible experience. Learn more