| Tuesday, 2nd July 2024, 12:36 pm

ലിപ് മാത്രം അനക്കി ഞങ്ങള്‍ എല്ലാവരും സ്ലോ മോഷനില്‍ ഷൂട്ട് ചെയ്ത ചിത്രമാണത്: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് കമല്‍. മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമല്‍ വ്യത്യസ്തമായ ഒരുപാട് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് തൂവല്‍ സ്പര്‍ശം. ജയറാം, മുകേഷ്, സായികുമാര്‍, ഉര്‍വശി തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം ഒരു കുഞ്ഞിനെ ചുറ്റിപറ്റി കഥ പറഞ്ഞ ചിത്രമായിരുന്നു.

ഷൂട്ടിനിടയില്‍ പലപ്പോഴും ശബ്ദം കേട്ട് കുഞ്ഞു ഉണരുമായിരുന്നുവെന്നും അതുകൊണ്ട് ശബ്ദമുണ്ടാക്കാതെ സ്ലോ മോഷനിലാണ് പല സീനുകളും ഷൂട്ട് ചെയ്തതെന്നും കമല്‍ പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏറ്റവും വലിയ പ്രശ്‌നം ശബ്ദം കേട്ടാല്‍ കുട്ടി ഉണരും എന്നുള്ളതായിരുന്നു. അതുകൊണ്ട് ഷൂട്ടിനുള്ള സ്റ്റാര്‍ട്ട് പറയാന്‍ നമുക്ക് പറ്റില്ല, ആക്ഷന്‍ പറയാന്‍ പറ്റില്ല ഡയലോഗ് പറയാന്‍ പറ്റില്ല അതൊക്കെയായിരുന്നു. അഭിനേതാക്കള്‍ ഡയലോഗ് പറയുമ്പോള്‍ കുട്ടി ചിലപ്പോള്‍ ഉണരും. അപ്പോഴാണ് ജയറാം ഒരു ഐഡിയ പറയുന്നത്.

ജയറാമിനൊപ്പം മുകേഷുണ്ട് സായിയുമുണ്ട്. എല്ലാവരും മിമിക്രി അറിയുന്ന ആളുകള്‍ കൂടെ ആയതുകൊണ്ട് അവര്‍ മൈം ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ഡയലോഗ് പറയേണ്ട, പകരം ലിപ് മാത്രം അനക്കാമെന്ന് അവര്‍ തീരുമാനിച്ചു. ശബ്ദം പുറത്തേക്ക് വരില്ല പക്ഷെ അത് കൃത്യം ടൈമില്‍ പറയണം. അത് ശ്രദ്ധിച്ചു കേട്ടുകൊണ്ട് വേണം ബാക്കി ഉള്ളവര്‍ കേള്‍ക്കാന്‍.

അവര്‍ അതിനുവേണ്ടി മാറിനിന്ന് റിഹേഴ്സലൊക്കെ ചെയ്തു. ഞാന്‍ ആക്ഷന്‍ പറയില്ല, ഷോട്ട് പറയില്ല എല്ലാം കൈ കൊണ്ടുള്ള ആംഗ്യമാണ്. ലൈറ്റ് എടുക്കുന്നവര്‍ ആണെങ്കിലും ശബ്ദം ഇല്ലാതെയാണ് സാധനങ്ങളൊക്കെ എടുത്ത് മാറ്റുന്നത്. അങ്ങനെ എല്ലാവരും സ്ലോ മോഷനില്‍ ഷൂട്ട് ചെയ്ത ഒരു ചിത്രമാണ് തൂവല്‍ സ്പര്‍ശം,’കമല്‍ പറയുന്നു.

Content Highlight: Director Talk About Thooval Sparsham Movie  Shooting

We use cookies to give you the best possible experience. Learn more