| Monday, 3rd April 2023, 11:50 am

നസീര്‍ അങ്കിളിന് വേണ്ടി പടം ചെയ്യാമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു, മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയതായി അറിവില്ല; വൈറലായി സംവിധായകന്റെ അഭിമുഖം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേം നസീറിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്ന സംവിധായകന്‍ താജ് ബഷീറിന്റെ പഴയ അഭിമുഖം വൈറലാവുന്നു. ഹജ്ജിന് പോവാനും സിനിമ സംവിധാനം ചെയ്യാനും നസീറിന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് രണ്ടും സാധിക്കാതെയാണ് അദ്ദേഹം പോയതെന്നും താജ് ബഷീര്‍ പറഞ്ഞു.

മോഹന്‍ലാലിനെ പറ്റിയുള്ള ശ്രീനിവാസന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് താജ് ബഷീര്‍ കൊടുത്ത പഴയ അഭിമുഖം വീണ്ടും വൈറലാവുന്നത്.

‘രണ്ട് ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് പ്രേം നസീര്‍ പോയത്. ഒന്ന് ഹജ്ജ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ഹജ്ജ് ചെയ്ത ആളാണ്. എന്നോട് ഹജ്ജിന്റെ പ്രൊസീഡിങ്‌സ് ഒക്കെ ചോദിച്ചിരുന്നു. ഞാന്‍ എല്ലാം പറഞ്ഞുകൊടുത്തു. ഹജ്ജിന്റെ സമയത്തല്ലേ പോകാന്‍ പറ്റുകയുള്ളൂ, പക്ഷേ ഏത് സമയത്ത് പോയാലും ഉംറ ചെയ്യാന്‍ പറ്റും, ഒരു മിനിയേച്ചര്‍ ഹജ്ജാണ്, കഅ്ബയുടെ അടുത്ത് പോയി ചെയ്യാന്‍ പറ്റും എന്നൊക്കെ ഞാന്‍ പറഞ്ഞുകൊടുത്തു.

നിനക്കൊരു വീട് വേണമെന്ന് എപ്പോഴും എന്നോട് പറയുമായിരുന്നു. റോഡില്‍ വണ്ടി നിര്‍ത്തിച്ച് അവിടെയാണ് വീട് എന്ന് പറഞ്ഞ് ലൊക്കേഷന്‍ കാണിച്ചുകൊടുത്തിട്ടുണ്ട്. അന്ന് എന്റെ വീട്ടിലേക്ക് വരുന്നത് ചെറിയൊരു വഴിയിലൂടെയായിരുന്നു. ഒരു ചെറിയ കാറിന് മാത്രമേ വരാന്‍ പറ്റുകയുള്ളൂ. ടാറില്ലായിരുന്നു, ചെമ്മണ്‍ റോഡായിരുന്നു.

നവംബര്‍ മാസത്തില്‍ തുലാവര്‍ഷത്തിലാണ് വീട്ടിലേക്ക് വരുന്നത്. വീടിന്റെ പാലുകാച്ചലിന് വരാമെന്ന് പറഞ്ഞ് പോയതാണ്. അത് കഴിഞ്ഞ് ജനുവരി 16ന് പുള്ളി നമ്മളെ വിട്ട് പോയി. അതുകൊണ്ട് എന്റെ വീട് പുള്ളിക്ക് കാണാന്‍ പറ്റിയില്ല.

ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ളതായിരുന്നു രണ്ടാമത്തെ ആഗ്രഹം. അതിന് അദ്ദേഹം മോഹന്‍ലാലിനോട് ഡേറ്റ് ചോദിച്ചു. മോഹന്‍ലാല്‍ കൊടുത്തു. മമ്മൂട്ടിയുടേത് കിട്ടിയതായി എനിക്ക് അറിവില്ല. അങ്കിളിന് വേണ്ടി പടം ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അത്രയേ എനിക്കറിയുകയുള്ളൂ. ഇതെല്ലാം പ്ലാന്‍ ചെയ്ത് വരികയായിരുന്നു. മരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല,’ താജ് ബഷീര്‍ പറഞ്ഞു.

നസീറിന് മോഹന്‍ലാലിനെ വെച്ച് കൊണ്ട് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും മോഹന്‍ലാലിന് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നുമാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത്.

നസീര്‍ സാര്‍ ഇങ്ങനെയൊരു പടം സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. വയസ് കാലത്ത് ഇങ്ങേര്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് എന്നോട് മോഹന്‍ലാല്‍ ചോദിച്ചു. ലാലിന് ഇഷ്ടമല്ലെങ്കില്‍ ആ കാര്യം പറഞ്ഞാല്‍ പോരെയെന്നും എന്തിനാണ് വേറെ കാര്യങ്ങള്‍ പറയുന്നതെന്നും ഞാന്‍ തിരിച്ച് ചോദിച്ചുവെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

Content Highlight: director taj bashir talks about prem naseer and mohanlal

Latest Stories

We use cookies to give you the best possible experience. Learn more