നടന്‍ പ്രേം നസീറിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ താജ് ബഷീര്‍. വളരെ അടുത്ത ആളുകളോട് മാത്രമേ നസീര്‍ ദേഷ്യപ്പെട്ടിരുന്നുള്ളുവെന്നും വഴി വിട്ട് പോകരുതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്നും താജ് ബഷീര്‍ പറഞ്ഞു. പണം ധൂര്‍ത്തടിക്കുന്നതിനാലാണ് സഹോദരന്‍ പ്രേം നവാസിനെ വഴക്ക് പറഞ്ഞിരുന്നതെന്നും തന്റെ പേര് ചീത്തയാക്കരുതെന്ന് മകന്‍ ഷാനവാസിനോട് പറഞ്ഞിരുന്നുവെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താജ് ബഷീര്‍ പറഞ്ഞു.
‘ഏറ്റവും അടുത്ത ആള്‍ക്കാരോട് മാത്രമേ നസീര്‍ സാര്‍ ദേഷ്യപ്പെടുകയുള്ളൂ. ഒന്ന് സഹോദരന്‍ പ്രേം നവാസ്, മകന്‍ ഷാനവാസ്, പിന്നെ എന്നോടും ദേഷ്യപ്പെടും. നമ്മള്‍ വഴി വിട്ട് പോകരുത് എന്നാണ് പുള്ളി പറയുന്നത്.
ധൂര്‍ത്തനാണെന്ന് പറഞ്ഞാണ് പ്രേം നവാസിനെ വഴക്ക് പറയുന്നത്. എത്ര കാശുണ്ടെങ്കിലും തീര്‍ത്തിട്ട് ചേട്ടനോട് വന്ന് കാശില്ലെന്ന് പറയും. ഒരുപാട് പ്രാവശ്യമാകുമ്പോള്‍ നസീര്‍ വഴക്ക് പറയും. നീ എന്തുകൊണ്ടാണ് സാമ്പത്തികം നന്നായി കൈകാര്യം ചെയ്യാത്തത് എന്ന് ചോദിക്കും.
ഷാനവാസ്, ശിവാജി ഗണേശന്റെ മകന്‍ പ്രഭു, മുത്തുരാമന്റെ മകന്‍ കാര്‍ത്തിക് ഇവരെല്ലാം വുഡ്‌ലാന്‍ഡ്‌സ് എന്ന് പറഞ്ഞ ഹോട്ടലില്‍ പോകും. അവരുടെ സങ്കേതമാണ് അത്. താരത്തിന്റെ മക്കളാണ്. മൂന്ന് പേരും വളരെ ചെറുപ്പക്കാരാണ്. ചെറുപ്പത്തിന്റെ കുസൃതികളൊക്കെ കാണിക്കും. അവരുടെ പല കളികളും കൈവിട്ട് പോകും.
പ്രേം നസീറിന് എല്ലായിടത്തും ഒരുപാട് സുഹൃത്തുക്കളുണ്ട്. ഷാനവാസ് കാണിക്കുന്നതൊക്കെ ഇവര്‍ നസീറിനെ വിളിച്ച് പറയും. ഷാനവാസ് വീട്ടില്‍ വരുമ്പോള്‍ പുള്ളി ഭയങ്കരമായി ദേഷ്യപ്പെടും. എന്റെ പേര് ചീത്തയാക്കാന്‍ ഞാന്‍ നിന്നെ അനുവദിക്കില്ല, ഇതാണ് പുള്ളി പറയുക.
40 വര്‍ഷങ്ങള്‍ സിനിമയില്‍ നിന്നിട്ട് ഒരു പേര് ദോഷം പോലും നസീര്‍ കേള്‍പ്പിച്ചിട്ടില്ല. വളരെ മാന്യനായ വ്യക്തിയാണ്. വളരെയധികം മറ്റുള്ളവരെ സഹായിക്കുന്ന മനുഷ്യന്‍. അങ്ങനെയുള്ള മനുഷ്യന്റെ മകന്‍ വഴി തെറ്റി പോകുന്നത് പുള്ളിക്ക് സഹിക്കാന്‍ പറ്റില്ല,’ താജ് ബഷീര്‍ പറഞ്ഞു.
Content Highlight: director taj bashir about prem nazir and his son shanavas