മമ്മൂട്ടി മറ്റുള്ളവര്‍ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുമെങ്കിലും അതൊന്നും പുറത്ത് അറിയാന്‍ ആഗ്രഹിക്കാത്ത ആളാണെന്ന് സംവിധായകന്‍ ടി. എസ്. സജി. അസിസ്റ്റന്റ് ഡയറക്ടറിന്റെ പെങ്ങളുടെ കല്യാണത്തിന് അദ്ദേഹം വീട്ടില്‍ പോയി സഹായിച്ചതും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സജി പറഞ്ഞു.
‘മമ്മൂക്ക ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയാന്‍ അദ്ദേഹം ആഗ്രഹിക്കില്ല. ഞങ്ങളുടെ കൂടെ റാഫി എന്നൊരു അസിസ്റ്റന്റ് പയ്യനുണ്ട്. പുള്ളിയുടെ പെങ്ങളുടെ കല്യാണ സമയത്ത് ഭയങ്കര സ്‌ട്രെയ്ന്‍ എടുത്ത് ഓടി നടക്കുമ്പോള്‍ മമ്മൂക്ക അടുത്ത് വിളിച്ചിട്ട് റാഫി എന്താണ് പ്രശ്‌നം എന്ന് ചോദിച്ചു. മമ്മൂക്ക എന്റെ പെങ്ങളുടെ കല്യാണമാണ് എന്ന് പറഞ്ഞു. ആ നീ കല്യാണം നടത്താന്‍ മമ്മൂക്ക പറഞ്ഞു.
തിരുവനന്തപുരത്താണ് റാഫിയുടെ വീട്. അവന്റെ വീട്ടിലേക്കുള്ള വഴിയില്‍ വണ്ടി കയറില്ല. മമ്മൂക്ക അവിടെ വന്ന് വണ്ടിയില്‍ നിന്ന് ഇറങ്ങി ഒരു സാധാരണ മനുഷ്യനെ പോലെ നടന്ന് റാഫിയുടെ വീട്ടില്‍ പോവുകയും റാഫിയുടെ ഉമ്മയേയും ബാപ്പയേയും വിളിച്ചിട്ട് വലിയൊരു എമൗണ്ട് കയ്യില്‍ കൊടുക്കുകയും ചെയ്തു. അത് മമ്മൂക്ക എന്ന നടന്റെ ഏറ്റവും വലിയ കാര്യമാണ്. പുള്ളി അതൊന്നും പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത മനുഷ്യനാണ് എന്ന് എനിക്ക് തോന്നുന്നു,’ സജി പറഞ്ഞു.
അടുത്തിടെ ഭിക്ഷാടന മാഫിയയില്‍ നിന്നും മമ്മൂട്ടിയുടെ ഇടപെടല്‍ മൂലം രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ കഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ശ്രീദേവിയാണ് ആറാം വയസില്‍ മമ്മൂക്കയുടെ സെറ്റിലെത്തപ്പെട്ട കഥ പറഞ്ഞത്.
വിശപ്പ് കൊണ്ട് മമ്മൂട്ടിയുടെ സിനിമാ സെറ്റിലേക്ക് ചെന്നുവെന്നും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ അദ്ദേഹം മുന്‍കയ്യെടുത്ത് ആലുവയിലെ ജനസേവ ശിശുഭവനിലേക്ക് മാറ്റുകയായിരുന്നുവെന്നും ശ്രീദേവി പറഞ്ഞു. ജനസേവ കേന്ദ്രത്തിലാക്കിയിട്ടും പി.എയെ വിട്ട് തന്റെ കാര്യങ്ങള്‍ തിരക്കിയിരുന്നതായും ശ്രീദേവി പറഞ്ഞു. പരിപാടിയിലെ വീഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളില്‍ പ്രചചരിച്ചതോടെ മമ്മൂട്ടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് ഉടന്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന മമ്മൂട്ടി ചിത്രം. ബി. ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, ജിയോ ബേബിയുടെ കാതല്‍ എന്നിയാണ് മമ്മൂട്ടിയുടെ ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രങ്ങള്‍. ഇടവേളക്ക് ശേഷം തമിഴ് താരം ജ്യോതികയുടെ തിരിച്ചുവരവ് കൊണ്ടും കാതല്‍ ശ്രദ്ധ നേടിയിരുന്നു.
Content Highlight: Director T.S. Saji said that Mammootty does a lot of good things but does not want others to know about it