| Tuesday, 28th March 2023, 11:29 pm

ആ നടനെ നായകനാക്കിയതില്‍ ഈഗോ അടിച്ച് സിദ്ദിഖ് പിന്മാറി, അഡ്വാന്‍സ് വാങ്ങിയിട്ടും മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചു: ടി. എസ്. സജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാബു ആന്റണി, വിജയരാഘവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി. എസ് സജി സംവിധാനം ചെയ്ത ചിത്രമാണ് നെപ്പോളിയന്‍. വിജയ രാഘവന്‍ ചെയ്ത റോളിലേക്ക് ആദ്യം സമീപിച്ചത് സിദ്ദിഖിനെ ആയിരുന്നുവെന്നും അഡ്വാന്‍സ് വാങ്ങി ഷൂട്ടിന് വരാമെന്ന് പറഞ്ഞിട്ട് മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ സിദ്ദിഖ് പോയെന്നും സജി പറഞ്ഞു.

ഇതിനെ തുടര്‍ന്നാണ് സിദ്ദിഖിന്റെ റോളിനായി വിജയ രാഘവനെ സമീപിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സജി ഇക്കാര്യം പറഞ്ഞത്.

”ജയറാം നായകനായി അഭിനയിക്കുന്ന സമയം അന്ന് സിദ്ദിഖ് നായകനായിട്ടില്ല. ജയറാമും ഞാനും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു. ഫസ്റ്റ് പടം ഡയറക്ട് ചെയ്യാനിരുന്ന സമയത്ത് അതിലെ പ്രധാന കഥാപാത്രമായി സിദ്ദിഖിനെ കാസ്റ്റ് ചെയ്തു.

ബാബു ആന്റണിയുടെ ഓപ്പോസിറ്റ് കഥാപാത്രമാണ്. ഒരിക്കലും വില്ലനായിട്ട് അല്ല നായകന് തുല്യമായ കഥാപാത്രമാണ്. സിദ്ദിഖിന് അഡ്വാന്‍സ് എല്ലാം കൊടുത്തിരുന്നു. പടം തുടങ്ങേണ്ട ദിവസം ലൊക്കേഷനില്‍ സിദ്ദിഖ് വന്നില്ല.

ബാബു ആന്റണി നായകനാവുന്നതിന്റെ ഈഗോ അടിച്ചതാണോയെന്ന് എനിക്ക് അറിയില്ല. വിളിച്ചപ്പോള്‍ പത്ത് മണിയാവുമ്പോള്‍ ലൊക്കേഷനില്‍ എത്താമെന്ന് പറഞ്ഞു. ഫുള്‍ ലൈറ്റപ്പ് ഒക്കെ ഇട്ട് ഞങ്ങള്‍ അദ്ദേഹത്തിനെ കാത്തിരുന്നു.

വെറുതെ അദ്ദേഹത്തെ ഒന്ന് വിളിച്ച് ചോദിച്ചപ്പോള്‍ സിദ്ദിഖ് അവിടെ 12 മണിക്ക് ജോയിന്‍ ചെയ്തുവെന്ന് പറഞ്ഞു. അത് ഞങ്ങളെ മാനസികമായി തളര്‍ത്തി. അന്ന് ഞങ്ങളുടെ ഷൂട്ട് നടന്നില്ല.

പിറ്റേദിവസം വിജയരാഘവനെ വിളിച്ചു അദ്ദേഹം വന്നു. ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് പടം വിജയകരമായി പൂര്‍ത്തിയാക്കി. മോശമില്ലാത്ത വിധം ഹിറ്റാവുകയും ചെയ്തു,” ടി. എസ്. സജി പറഞ്ഞു.

മാതു ആയിരുന്നു ചിത്രത്തിലെ നായിക. ജഗതി ശ്രീകുമാര്‍, രാജന്‍ പി. ദേവ്, രവീന്ദ്രന്‍ തുടങ്ങിയവരാണ് നെപ്പോളിയനിലെ മറ്റ് അഭിനേതാക്കള്‍.

content highlight: director t.s. saji about siddique

We use cookies to give you the best possible experience. Learn more