ഷെയ്ന്‍ നിഗത്തെ പ്രധാനകഥാപാത്രമാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബര്‍മുഡ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടത്.
യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ബര്‍മുഡയില്‍ താന്‍ പറയുന്നതെന്നും എന്‍.ഡി.ടി.വിയില്‍ കേള്‍ക്കാനിടയായ ഒരു സംഭവം മനസില്‍ കിടന്നെന്നും അതിനെക്കുറിച്ച് പിന്നീട് പല തവണ ആലോചിച്ചപ്പോള്‍ സിനിമയാക്കാമെന്ന് തോന്നുകയായിരുന്നുവെന്നും ടി.കെ രാജീവ് കുമാര്‍ പറയുന്നു.
നാഗ്പൂരില്‍ നടക്കുന്ന ഒരു സംഭവമാണ് കഥയുടെ പശ്ചാത്തലം. കോളാമ്പി എന്ന സിനിമ ചെയ്യുന്ന സമയത്തേ ഈ കഥ മനസിലുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് ചെയ്യാന്‍ പലരേയും സമീപിച്ചപ്പോള്‍ സിനിമയ്ക്കുള്ള സ്‌കോപ്പില്ലെന്ന് പറഞ്ഞു. എങ്കിലും എനിക്കിത് ചെയ്‌തേ പറ്റൂവെന്ന് തോന്നി. അങ്ങനെയാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്, ടി.കെ രാജീവ് കുമാര്‍ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചെറിയൊരു സംഭവമാണ് ഇതിലുള്ളത്. അത്തരം ഒരു സംഭവത്തില്‍ സിനിമയ്ക്കുള്ള സ്‌കോപ്പുണ്ടോ എന്ന് എനിക്കും ആദ്യം തോന്നിയിരുന്നു. പക്ഷേ പിന്നീട് അത് വളര്‍ത്തിയെടുക്കാന്‍ പറ്റുമെന്ന് മനസിലായി.
കഥ എഴുതാന്‍ പറ്റില്ലെന്ന് ആരും പറഞ്ഞിരുന്നില്ല. അതിനുള്ള സ്‌കോപ്പുണ്ടോ എന്ന സംശയം പലര്‍ക്കും ഉണ്ടായി. ചെറിയൊരു സംഭവത്തില്‍ നിന്നും വലിയൊരു കാര്യത്തിലേക്ക് പോകാനുള്ള എലമെന്റുണ്ടോ കഥയില്‍ എന്ന സംശയമായിരുന്നു എല്ലാവര്‍ക്കും.
ഇപ്പോഴത്തെ നമ്മുടെ ജീവിതവുമായി കണക്ട് ചെയ്തപ്പോള്‍ പെട്ടെന്ന് അസോസിയേറ്റ് ചെയ്യുന്ന ഘടകങ്ങള്‍ ഉണ്ടായി. കഥ പലരോടും പറഞ്ഞപ്പോള്‍ ഇഷ്ടപ്പെട്ടു. അതായിരുന്നു ഈ സിനിമ ചെയ്യാന്‍ എനിക്കുണ്ടായ പ്രചോദനം. തകഴി സ്വദേശി കൃഷ്ണദാസ് എന്ന പുതിയൊരാളാണ് തിരക്കഥ എഴുതുന്നത്, ടി.കെ രാജീവ്കുമാര്‍ പറഞ്ഞു.
ബര്‍മുഡയും കോളാമ്പിയും തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കഴിഞ്ഞ മേയില്‍ കോളാമ്പി റിലീസ് ചെയ്യണമെന്ന് കരുതിയെങ്കിലും കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നെന്നും രാജീവ് കുമാര്‍ പറഞ്ഞു.