|

എത്ര പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞാലും ആ ഒരു കാര്യമില്ലെങ്കില്‍ ഫഹദ് ഒരു സിനിമയും ചെയ്യില്ല: ടി.ജെ ജ്ഞാനവേല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് രജിനികാന്ത് ചിത്രം വേട്ടൈയന്‍. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു. രജിനിയോടൊപ്പം ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും തിയേറ്ററുകളില്‍ രജിനിയോടൊപ്പം സ്‌കോര്‍ ചെയ്തത് ഫഹദ് ഫാസിലായിരുന്നു. പാട്രിക് എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ചവെച്ചത്.

ഫഹദിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ടി.ജെ ജ്ഞാനവേല്‍. ഫഹദിനെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രമാണെങ്കില്‍ മാത്രമേ അയാള്‍ ഏത് സിനിമയായാലും ചെയ്യുള്ളൂവെന്ന് ജ്ഞാനവേല്‍ പറഞ്ഞു. കഥ വര്‍ക്കാകുമോ ഇല്ലയോ എന്നതിനെക്കാള്‍ ആ കഥാപാത്രം അയാളെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഏത് സിനിമയും ചെയ്യുള്ളൂവെന്നും എത്ര പ്രതിഫലം കൊടുത്താലും എക്‌സൈറ്റ് ചെയ്യിക്കുന്ന കാര്യമില്ലെങ്കില്‍ ഫഹദ് സിനിമ ചെയ്യില്ലെന്നും ജ്ഞാനവേല്‍ കൂട്ടിച്ചേര്‍ത്തു.

കഥ കേട്ട ഉടനെ ഫഹദിന് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ ഒരു മാസം കഴിഞ്ഞേ തനിക്ക് ജോയിന്‍ ചെയ്യാന്‍ പറ്റുള്ളൂവെന്ന് അയാള്‍ പറഞ്ഞെന്നും ജ്ഞാനവേല്‍ പറഞ്ഞു. ഫഹദിനെപ്പോലൊരു നടന് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന് താന്‍ പറഞ്ഞപ്പോള്‍ രജിനികാന്തിനും അത് സമ്മതമായെന്നും ജ്ഞാനവേല്‍ കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ എല്ലാവരും ഫഹദിന്റെ കഥാപാത്രം ആഘോഷിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ജ്ഞാനവേല്‍ പറഞ്ഞു. സിനിമാവികടനേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫഹദിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, അയാളെ എക്‌സൈറ്റ് ചെയ്യിച്ചാല്‍ മാത്രമേ ഏതൊരു സിനിമയും ചെയ്യുള്ളൂ. കഥയും സിനിമയും തിയേറ്ററില്‍ വര്‍ക്കാകുമോ ഇല്ലയോ എന്നുള്ളത് ഫഹദിനെ സംബന്ധിച്ച് രണ്ടാമത്തെ കാര്യമാണ്. അയാളെ ഏക്‌സൈറ്റ് ചെയ്യിച്ചില്ലെങ്കില്‍ എത്ര പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞാലും അയാള്‍ ഒരു സിനിമയും ചെയ്യില്ല. ഈ സിനിമയുടെ കഥ കേട്ട ഉടനെ അയാള്‍ ഓക്കെ പറയുകയായിരുന്നു.

പക്ഷേ, മുന്നേ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകളുടെ തിരക്ക് കാരണം പെട്ടെന്ന് ഈ സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പറ്റില്ല എന്ന് ഫഹദ് പറഞ്ഞു. രജിനിയടക്കമുള്ള ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് നേരത്തെ വാങ്ങി വെച്ചതായിരുന്നു. രജിനി സാറിനെ വിളിച്ചിട്ട് ‘ഫഹദിനെപ്പോലൊരു നടന്റെ ഡേറ്റ് കിട്ടിയതിന് ശേഷം വേറൊരു ഓപ്ഷന്‍ നോക്കുന്നത് ശരിയാകില്ല, വെയിറ്റ് ചെയ്യാം’ എന്ന് പറഞ്ഞു. സാറും അതിന് സമ്മതിച്ചു. അത് വെറുതെയായില്ല, ഓഡിയന്‍സ് ഫഹദിന്റെ ക്യാരക്ടറിനെ ഏറ്റെടുത്തു,’ ജ്ഞാനവേല്‍ പറഞ്ഞു.

Content Highlight: Director T J Gnanavel about Fahadh Faasil in Vettaiyan movie