കോഴിക്കോട്: കുറ്റ്യാടി വേളത്തെ തന്റെ വീടിന് നേരെ വീണ്ടും ആക്രമണ ശ്രമം നടന്നതില്‍ പ്രതികരണവുമായി ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ കെ.പി. സുവീരന്‍.
ഇനി മുന്നോട്ട് പോയാല്‍ കാലുവെട്ടുമെന്ന് ആര്‍.എസ്.എസ് ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ പൊലീസ് കേസുമായി മുന്നോട്ടുപോയതിന്റെ ഭാഗമായി പറഞ്ഞവാക്ക് പാലിക്കാന്‍ വന്നതാണോ ഇപ്പോഴത്തെ ആക്രമണ ശ്രമമെന്ന് സംശയിക്കുന്നതായി സുവീരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കുറ്റ്യാടി പൊലീസ് നിര്‍ജീവമായിട്ടാണ് കേസില്‍ ഇടപെടുന്നത്. കേസിന്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ആക്രമിക്കിപ്പെട്ടപ്പോള്‍ തിരിച്ചറിഞ്ഞ രണ്ട് പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്യാണ് തയ്യാറായിട്ടില്ല. നിലവില്‍ കേരളാ ആംഡ് പൊലീസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഇപ്പോള്‍ പ്രദേശത്ത് കാവലുണ്ടെന്നും സുവീരന്‍ പ്രതികരിച്ചു.
സംഭവ സമയത്ത് കറണ്ട് പോയിരുന്നെന്നും പൊലീസ് വന്നതോടെ അടുത്ത വീട്ടിലേക്കാണ് അക്രമി സംഘം പോയതെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്നലെ വൈകിട്ട് വീടിന് മുന്നില്‍ പൊലീസ് കാവലിരിക്കെ ഒരു സംഘം ആക്രോശിച്ച് കൊണ്ട് വീട്ടിലേക്ക് ഓടിവരികയായിരുന്നു.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വീടിന്റെ പിറകുവശത്ത് കൂടിയാണ് ഒരു സംഘം ആളുകള്‍ എത്തിയത്. നായ കുരച്ച് ഒച്ചവെച്ചത് കേട്ട് വീടിന് മുന്നില്‍ കാവല്‍ നിന്നിരുന്ന പൊലീസ് സംഘവും ഓടിയെത്തി. ഇതോടെ അക്രമി സംഘം ഓടിപ്പോവുകയായിരുന്നു. അടുത്ത വീട്ടിലേക്കാണ് ഇവര്‍ പോയത്,’ അക്രമത്തെക്കുറിച്ച് സുവീരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സംഭവത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഉദ്ദേശിക്കുന്നില്ല. നേരിടാന്‍ തന്നെയാണ് തീരുമാനം. ഓടിപ്പോവുകയാണെങ്കില്‍ അതിനേ സമയമുണ്ടാകുകയൊള്ളു. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഞങ്ങള്‍ക്കുണ്ട്. ടെന്റ് കെട്ടരുത് എന്നൊക്കെ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ താന്‍ തന്റെ പ്രവൃത്തിയുമായി മുന്നോട്ടുപോവുകയാണെന്നും സുവീരന്‍ പറഞ്ഞു.
മൂന്നാലഞ്ച് ദിവസം ശരിക്കും അനുഭവിച്ചു. ഇപ്പോള്‍ പേടിയൊക്കെ പോയിക്കിട്ടി. വിശദീകരിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയിലാണ് താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വരെ ഇടപെടലുണ്ടായി എന്നാണ് അറിയുന്നത്. നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഗൗരവപൂര്‍വമായ ഇടപെടല്‍ നടക്കുന്നുണ്ടെന്നും സുവീരന്‍ പറഞ്ഞു.
നേരത്തെയും സുവീരനെതിരെ ആക്രമണം ഉണ്ടായിരുന്നു. ഒരു സംഘം വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതിന് ശേഷം അതിക്രമിച്ച് കയറുകയായിരുന്നു അന്ന്. സംഭവം ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വലിയ ചര്‍ച്ചയായിരുന്നു.
ഫെബ്രുവരി 16ന് വൈകിട്ട് നടന്ന അക്രമ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ചെറുകുന്ന് നെല്ലിയുള്ളതില്‍ ശ്യാംജിതിനെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറയുന്നു.
സുവീരന്റെ ഭാര്യ അമൃതയുടെ പേരിലുള്ള സ്ഥലത്തെ ഒരു തുളസിത്തറയുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രശ്‌നങ്ങളും കേസും ഉണ്ടായിരുന്നു. അമ്പലം നിര്‍മിക്കാനായി ആ സ്ഥലം വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ഒരു സംഘം സമീപിച്ചിരുന്നതായും നല്‍കാന്‍ തയ്യാറാവാത്തതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ഇവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.
വീട്ടില്‍ അതിക്രമിച്ച് കയറല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീകളെ കയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
CONTENT HIGHLIGHTS: director Suveeran has reacted to another attempt to attack his house