പ്രൊഡ്യൂസര്‍ സുരേഷ് കുമാറിന്റെ കുടുംബവുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായന്‍ സുരേഷ് കൃഷ്ണ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയില്‍ കീര്‍ത്തി സുരേഷിനെ കാസ്റ്റ് ചെയ്യാന്‍ വേണ്ടി സുരേഷ് കുമാറുമായി സംസാരിച്ചത് താനാണെന്ന് പറയുകയാണ് സംവിധായകനിപ്പോള്‍.
അന്ന് നടന്ന രസകരമായ സംഭാഷണത്തെക്കുറിച്ചാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കുട്ടിയായിരിക്കുമ്പോള്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ കീര്‍ത്തിക്ക് താല്‍പര്യമുണ്ടായിരുന്നെന്നും എന്നാല്‍ സുരേഷ് കുമാര്‍ സമ്മതിക്കാത്തതിനാലാണ് പടം നീണ്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് പ്രിയ ദര്‍ശന്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയില്‍ കീര്‍ത്തിയെ കാസ്റ്റ് ചെയ്യാനായി സുരേഷ് കുമാറിനോട് സംസാരിച്ചത് താനാണെന്നും അദ്ദേഹം പറഞ്ഞു.
‘കീര്‍ത്തിയെ കുറിച്ച് പറയാനാണെങ്കില്‍ എനിക്ക് കൊച്ചിലേ തൊട്ട് അവളെ അറിയാം. എന്റെ ആദ്യത്തെ പടമായ അച്ഛനെയാണെനിക്കിഷ്ടത്തിലും കീര്‍ത്തിയായിരുന്നു നായിക.
അതിന് ശേഷം എന്റെ തന്നെ ഏഷ്യാനെറ്റിന്റെ ചില സീരിയലിലും അവളഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം ഗീതാജ്ഞലി എന്ന ഞാന്‍ അസോസിയേറ്റ് ചെയ്ത് പ്രിയന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് നായികയായി അഭിനയിക്കാനെത്തുന്നത്.
പടത്തിന്റെ കഥ പറഞ്ഞ സമയത്ത് പ്രിയന്‍ പറഞ്ഞു, ഒരു നായികയുണ്ട് പക്ഷെ അവളുടെ അച്ഛന്‍ സമ്മതിക്കില്ലെന്ന്. കീര്‍ത്തിയെ കുറിച്ചാണ് പ്രിയന്‍ പറഞ്ഞത്. പിന്നീട് കീര്‍ത്തിയുടെ അച്ഛന്‍ സുരേഷേട്ടനുമായി ട്രിവാന്‍ഡ്രം ക്ലബ്ബിലിരിക്കുന്ന സമയത്ത് ഇതേ കാര്യം ഞാന്‍ അദ്ദേഹത്തോടും പറഞ്ഞു. സുരേഷേ ഞങ്ങളൊരു പുതിയ പടം ചെയ്യുന്നുണ്ട്. അതില്‍ ഒരു നായികയെ നോക്കുന്നുണ്ട്. ഒരു കൊച്ച് കൊള്ളാം. പക്ഷെ അവളുടെ തന്ത സമ്മതിക്കില്ലെന്ന്.
സുരേഷേട്ടന്‍ പറഞ്ഞു, അവന്റെ നമ്പര്‍ തന്നേ ഞാന്‍ വിളിച്ച് സംസാരിക്കാമെന്ന്. ഞാന്‍ പറഞ്ഞു നമ്പര്‍ ഒന്നും തിരയണ്ട സുരേഷേ അത് നീ തന്നെയാണെന്ന്. അദ്ദേഹം പറഞ്ഞു ഞാന്‍ അവളോടൊന്ന് ചോദിക്കട്ടേ എന്ന്.
അവള്‍ക്ക് അഭിനയിക്കാന്‍ ഭയങ്കര താല്‍പര്യമാണെന്നും നീ സമ്മതിച്ചാല്‍ മതിയെന്നും ഞാന്‍ സുരേഷേട്ടനോട് പറഞ്ഞു. പിന്നീട് മേനക ചേച്ചിയുമായും കുടുംബവുമായൊക്കെ സംസാരിച്ചാണ് കീര്‍ത്തി പടത്തിനെത്തിയത്;’ സുരേഷ് കൃഷ്ണന്‍ പറഞ്ഞു.
Content Highlight: director suresh krishna about keerthy suresh